കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ‘സോണ്ട’യെ കരിമ്പട്ടികയിൽപെടുത്താൻ മടിയെന്തിന്?
text_fieldsകോഴിക്കോട്: ഞെളിയന്‍ പറമ്പിലെ മാലിന്യ സംസ്കരണ പദ്ധതിക്ക് കരാര്‍ നല്കിയ വിവാദ കമ്പനി സോണ്ട ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനെ കരിമ്പട്ടികയില്‍പെടുത്താന്‍ കോഴിക്കോട് കോര്പറേഷൻ മടി കാണിക്കുന്നത് എന്തിനാണെന്ന് കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സോണ്ടയില്‍നിന്ന് ജി.എസ്.ടി ഇനത്തില്‍ തെറ്റായി 27.72 ലക്ഷം അടവാക്കിയെന്ന അജണ്ടയില്‍ നടന്ന ചര്‍ച്ചയിലാണ് സോണ്ടക്കെതിരെ ഇനിയെങ്കിലും ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. പ്രതിപക്ഷ നേതാവ് സയ്യിദ് ശമീല്‍ തങ്ങള്‍, കെ.സി. ശോഭിത, എസ്.കെ. അബൂബക്കര്‍, സഫറി വെള്ളയില്‍, സി.പി. സലീം തുടങ്ങിയവരാണ് വിഷയം ഉന്നയിച്ച് സംസാരിച്ചത്.
സോണ്ടയെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ശമീല്‍ തങ്ങള്‍ ആവശ്യപ്പെട്ടു. സോണ്ടയെ സഹായിക്കുന്ന നിലപാടാണ് കോര്പറേഷന് ഭരണകൂടം ഇപ്പോഴും സ്വീകരിക്കുന്നത്. സോണ്ടക്ക് 1,86,34000 രൂപ നല്‍കാനുണ്ടെന്നാണ് അജണ്ടയില്‍ പറഞ്ഞിരിക്കുന്നത്. സോണ്ടക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ കോര്പറേഷന് വീണ്ടും തിരിച്ചടി കിട്ടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൊച്ചി കോര്പറേഷന് കരിമ്പട്ടികയില്‍പെടുത്തിയ സോണ്ടയെ ഇപ്പോഴും കോഴിക്കോട് കോര്പറേഷന് പേടിക്കുന്നത് എന്തിനാണെന്നായിരുന്നു കെ.സി ശോഭിതയുടെ ചോദ്യം. കോഴിക്കോട് കോര്‍പറേഷനെ തുടക്കം മുതല്‍ വഞ്ചിച്ച കമ്പനിയാണ് സോണ്ട. ഏറ്റെടുത്ത ജോലിയൊന്നും അവര്‍ ചെയ്തിട്ടില്ല. ബയോ മൈനിങ് നടത്താത്തതിനാല്‍ ഓണ്‍ ഫണ്ടില്‍നിന്ന് തുകയെടുത്ത് വാങ്ങിയ കവര്‍ ഉപയോഗിച്ച് മാലിന്യം പൊത്തിവെക്കുകയായിരുന്നു. എന്നിട്ടും സോണ്ടയെ വീണ്ടും വീണ്ടും സഹായിക്കാനാണ് കോര്പറേഷന് ശ്രമിക്കുന്നത്. ഒരു ലോഡ് മാലിന്യംപോലും അവിടെനിന്ന് നീക്കം ചെയ്തിട്ടില്ല. അങ്ങനെയൊരു കമ്പനിയോട് എന്തിന് മമത കാണിക്കണം.
സി.പി.എമ്മുകാരുടെ കമ്പനിയായതുകൊണ്ട് സോണ്ടയെ കോര്പറേഷന് സഹായിക്കുന്നതെന്നും കെ.സി ശോഭിത ആരോപണമുയർത്തി. ഇതോടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. സോണ്ടയെ കരിമ്പട്ടികയില്‍ പെടുത്തുന്നതില്‍ തങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ലെന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍ വി.പി. മനോജ് പറഞ്ഞു. ഇതുസംബന്ധിച്ച് നിയമോപദേശം തേടുമെന്ന് മേയര്‍ ഒ. സദാശിവന് മറുപടി പറഞ്ഞു. സോണ്ടയോട് ഒരു തരത്തിലുള്ള ചായ്വും കാണിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീയും പറഞ്ഞു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനൊടുവില്‍ തെറ്റായി ഈടാക്കിയ ജി.എസ്.ടി സോണ്ടക്ക് നല്‍കാനുള്ള തുകയില്‍ വരവുവെക്കാനുള്ള അജണ്ട മാറ്റിവെച്ചു. 178 അജണ്ടകളാണ് കൗൺസിലിന്റെ പരിഗണനയിൽ വന്നത്.
കാലാവധി തീരാറായ മരുന്നുകൾ വിതരണം ചെയ്യുന്നത് പരിശോധിക്കും
ഹെൽത്ത് വെൽനസ് സെന്ററുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാലാവധി തീരാറായ മരുന്നുകൾ വിതരണം ചെയ്യുന്നുവെന്ന ആരോപണം പരിശോധിക്കാൻ ആരോഗ്യ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്ന് മേയർ ഒ. സദാശിവൻ ഉറപ്പുനൽകി. കൗൺസിലർ സരിത പറയേരിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അവർ.
ആവശ്യപ്പെടാത്ത മരുന്നുകൾ പോലും ഹെൽത്ത് സെന്ററുകളിൽ എത്തിക്കുന്നതായി കൗൺസിലർ ശ്രദ്ധയിൽപെടുത്തി. ഇൻസുലിൻ അടക്കം ഇത്തരത്തിൽ വിതരണംചെയ്യുന്ന മരുന്നുകളുടെ കൂട്ടത്തിലുണ്ട്. ഇത്തരത്തിൽ നടക്കുന്നത് വലിയ രീതിയിലുള്ള മരുന്ന് കുംഭകോണമാണെന്നും നടപടി വേണമെന്നും യു.ഡി.എഫ് കൗൺസിലർ കെ.സി. ശോഭിതയും ശ്രദ്ധയിൽപെടുത്തി.
വിവിധ ഹെൽത്ത് സെന്ററുകളിലേക്കും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കും മരുന്ന് വിതരണം ചെയ്യുന്നത് നാഷനൽ ഹെൽത്ത് മിഷൻ കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡ് മുഖേനയാണെന്നും ഡോക്ടർമാർ അറിയിക്കുന്നത് അനുസരിച്ചാണ് മരുന്നുകൾ എത്തിക്കുന്നതെന്നും കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ വ്യക്തമാക്കി.
കാറ്റുപോയ സൈക്കിൾ പദ്ധതി
കോഴിക്കോട് കോർപറേഷന്റെ വനിതകൾക്കും ഹരിത ഗതാഗതത്തിനും പ്രാധാന്യം നൽകി നടപ്പാക്കിയ സിറ്റി സൈക്കിൾ പദ്ധതി നിലവിൽ സമ്പൂർണ പരാജയമാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. പദ്ധതി തകർന്നതിനെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നു. ഗോതീശ്വരം ബീച്ചിലൊഴികെ പദ്ധതി മറ്റൊരിടത്തും നടക്കുന്നില്ല. സയ്യിദ് ശമീല്‍ തങ്ങള്‍, കെ.സി. ശോഭിത, സി.പി. സലീം, ടി.പി.എം. ജിഷാന്‍, കവിതാ അരുണ്‍ തുടങ്ങിയവരാണ് വിഷയം ഉന്നയിച്ചത്. എന്നാൽ റിപ്പയർ ചെയ്യാൻ പോലുമാകാത്ത വിധത്തിലുള്ള കേടുപാടുകളാണ് സൈക്കിളുകൾക്ക് സംഭവിച്ചിട്ടുള്ളതെന്നും കൗൺസിലർമാർ പറഞ്ഞു. ലക്ഷങ്ങളുടെ സൈക്കിളുകളാണ് തുരുമ്പെടുത്ത് നശിക്കുന്നത്.
റോഡ് റിപ്പയറിങ്ങിന് പണമില്ലാതെ ബുദ്ധിമുട്ടുന്ന കോര്‍പറേഷനാണ് ഈ പദ്ധതിയിലൂടെ ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയതെന്നും ശോഭിത പറഞ്ഞു. സിറ്റി സൈക്കിള്‍ പദ്ധതി പ്രകാരം വാങ്ങിയ സൈക്കിളുകളുടെ പാര്‍ട്ട്സുകള്‍ ഇപ്പോള്‍ ലഭ്യമില്ലെന്ന് ടി.പി.എം. ജിഷാന്‍ പറഞ്ഞു. വലിയ തോതിലുളള അനാസ്ഥയാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ കൗൺസിൽ അംഗങ്ങൾ ഒന്നടങ്കം അംഗീകരിച്ച പദ്ധതിയാണ് ഇതെന്നും ഇപ്പോൾ അത് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ആരുടെ മേലിലും കെട്ടിവെക്കുന്നത് ശരിയായ നടപടിയല്ലെന്നും മേയർ മറുപടി പറഞ്ഞു. സൈക്കിൾ പദ്ധതി നഗരത്തിലെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് പ്രയോജനമാകുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹെല്‍ത്ത് സര്‍ക്കിളുകള്‍ പുനഃസംഘടിപ്പിക്കണം
ഹെല്‍ത്ത് സര്‍ക്കിളുകള്‍ പുനഃസംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ടി.പി.എം ജിഷാന്‍ ആവശ്യപ്പെട്ടു. അപകടാവസ്ഥയിലായ വെള്ളയില്‍ പണിക്കര്‍ റോഡിലെ ഫ്ലാറ്റ് സമുച്ഛയത്തില്‍ നിന്നും താമസക്കാരെ ഉടന്‍ മാറ്റണമെന്ന് സോഫിയ ആവശ്യപ്പെട്ടു. നഗരത്തിലെ റോഡുകളില്‍ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണമെന്നും ഇതിന് തുക അനുവദിക്കണമെന്നും മനക്കല് ശശി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളിലെ പാര്‍ക്കിങ് കൊള്ള അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജിജീഷ് ആവശ്യപ്പെട്ടു. വീടുകളുടെയും സ്ഥാപനങ്ങളും നമ്പര്‍ ക്രമീകരിക്കുന്ന നടപടി വേഗത്തിലാക്കണമെന്ന് സി.പി സലിം, ബിന്ദു എന്നിവര്‍ ആവശ്യപ്പെട്ടു. വീട് റിപ്പയറിങ്ങിന് തുക അനുവദിക്കുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ അലംഭാവം ഉള്ളതായി സയ്യിദ് ശമീല്‍ തങ്ങള്‍ പറഞ്ഞു. നഗരത്തിലെ ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ തോന്നിയ പോലെ വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് എം.എ. ലത ആവശ്യപ്പെട്ടു.
പാവങ്ങാട്-പുതിയാപ്പ മേൽപാലം: അടിയന്തരയോഗം ചേരും
പാവങ്ങാട്-പുതിയാപ്പ മേൽപാലത്തിന്റെ പൈലിങ്ങുമായി ബന്ധപ്പെട്ട് മേയറുടെ സാന്നിധ്യത്തിൽ അടിയന്തരയോഗം ചേരാൻ കൗൺസിൽ തീരുമാനിച്ചു. അപ്രോച്ച് റോഡ് നിർമാണത്തിന്റെ ഭാഗമായി പൈലിങ്ങിന് തടസ്സമായി ഭൂഗർഭ കേബുകളുകൾ കടന്നുപോകുന്നതിനായി നിർമാണം നിർത്തിവെക്കാൻ കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പൈലിങ് നടത്തേണ്ട ഭൂമി കോർപറേഷന്റെതായിട്ടും കെ.എസ്.ഇ.ബി നോട്ടീസ് നൽകിയത് ശരിയായ രീതിയല്ലെന്നും നിർമാണ പ്രവൃത്തി തുടരുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വി.പി. മനോജിന്റെ ശ്രദ്ധ ക്ഷണിക്കലിനെ തുടർന്നാണ് സംയുക്ത യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചത്.
പത്ത് വർഷത്തിലേറെയായി പാതിവഴിയിൽ നിലച്ച പ്രവൃത്തിയുടെ അപ്രോച്ച് റോഡിന്റെ നിർമാണം ഏതാനും മാസം മുൻപാണ് ആരംഭിച്ചത്. എന്നാൽ പൈലിങ് ആരംഭിച്ചതോടെ ഭൂഗർഭ വൈദ്യുതി കേബിളുകൾ കടന്നുപോകുന്നതായി കാണുകയും ഇതോടെ പ്രവൃത്തി നിർത്തിവെക്കുകയുമായിരുന്നു. 350 മീറ്റർ വൈദ്യുതി കേബിളുകളാണ് കടന്നുപോകുന്നത്. ഇത് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം നടത്തുന്ന സ്ഥലത്ത് നിന്ന് സർവീസ് റോഡിലേക്ക് മാറ്റി സ്ഥാപിക്കാൻ 5.5 കോടി രൂപ ചെലവ് വരും. അപ്രോച്ച് റോഡ് നിർമിക്കുന്ന സ്ഥലത്ത് മൂന്ന് പൈലുകൾക്ക് പകരം നാലു പൈലുകൾ നൽകി വൈദ്യുതി കേബിളുകൾ മാറ്റി സ്ഥാപിച്ചാൽ ചെലവ് കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ. അതിനിടെയാണ് കെ.എസ്.ഇ.ബി നോട്ടീസ് നൽകിയത്.
ഹോട്ടലുകളിൽ ഏകീകൃത വില നടപ്പാക്കാൻ നടപടി സ്വീകരിക്കും
നഗരത്തിലെ ഹോട്ടലുകളിൽ വില ഏകീകരണമില്ലാത്തത് സംബന്ധിച്ച് നടപടി സ്വീകരിക്കുമെന്ന് മേയർ ഒ. സദാശിവൻ. പല ഹോട്ടലുകളും വ്യത്യസ്ത വില ഈടാക്കി വിൽപന തുടരുന്നുണ്ടെന്ന് കൗൺസിലർ എം.എം. ലതയുടെ ശ്രദ്ധക്ഷണിക്കലിനാണ് നടപടി സ്വീകരിക്കാൻ യോഗത്തിൽ മേയർ നിർദേശം നൽകിയത്.
നഗരത്തിന് പുറത്ത് നിന്നുള്ളവരോട് കൂടുതൽ വില ഹോട്ടലുകളിൽ ഈടാക്കുന്നതായി പ്രതിപക്ഷ നേതാവ് എസ്.വി. സയ്യിദ് മുഹമ്മദ് ഷമീലും യോഗത്തിൽ വ്യക്തമാക്കി. ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ഭാരവാഹികളുമായി ആലോചിച്ച് ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മേയർ യോഗത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

