കോർപറേഷൻ അദാലത്തിൽ 369 പരാതികൾ തീർപ്പായി
text_fieldsകോര്‍പറേഷന്‍തല തദ്ദേശ അദാലത് മന്ത്രി
എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ജില്ല തദ്ദേശ അദാലത്തിൽ കോർപറേഷൻതലത്തിൽ 369 പരാതികൾ തീർപ്പാക്കി. ഓൺലൈനായി ലഭിച്ചവയാണ് ഇവ. 357 എണ്ണത്തിൽ അനുകൂല തീരുമാനമുണ്ടായപ്പോൾ 12 എണ്ണം നിരസിച്ചു. കിട്ടിയ പരാതിയിൽ 96.76 ശതമാനവും അനുകൂലമായി തീർപ്പാക്കി. ശനിയാഴ്ച കിട്ടിയ 249 പരാതികൾ രണ്ടെണ്ണം അപ്പോൾതന്നെ അനൂകൂലമായി തീർപ്പാക്കാനുമായി.
തുടർനടപടികൾക്കായി മാറ്റിയ ബാക്കി ഫയലുകൾ രണ്ടാഴ്ചയിൽ തീർപ്പാക്കി പരാതിക്കാരനെ അറിയിക്കും. റോഡ് വീതികൂട്ടാനായി പൊളിച്ചുനീക്കിയ കെട്ടിടങ്ങളുടെ ശേഷിക്കുന്ന ഭാഗം, വിസ്തൃതിയും നിലകളുടെ എണ്ണവും കൂടാതെ ബലപ്പെടുത്താൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ അദാലത്തിൽ എടുത്തു. ആദ്യദിനത്തിൽ 690 പരാതികൾ തീർപ്പാക്കിയിരുന്നു. 671 എണ്ണത്തിൽ അനുകൂല തീരുമാനമുണ്ടായി.
28 വർഷമായുള്ള ബാധ്യത ഒഴിവായി
കോഴിക്കോട്: ദുരിതം പെയ്തിറങ്ങിയ ബാബുവിന്റെ ജീവിതത്തിൽ ആശ്വാസത്തിന്റെ വെളിച്ചമായി തദ്ദേശ അദാലത്ത്. തിരിച്ചടക്കാനാകാത്ത ഭവന വായ്പയുടെ പലിശയും കൂട്ടുപലിശയും ഒഴിവാക്കിയാണ് ചെലവൂർ മുണ്ടിക്കൽ താഴത്തെ പി. ബാബുവിന് അദാലത് കരുതലേകിയത്. വീട് നിർമാണത്തിന് 1996ലാണ് കോഴിക്കോട് വികസന അതോറിറ്റിയിൽനിന്ന് ബാബു 50,000 രൂപ വായ്പയെടുത്തത്.
ഇതിൽ 46,549 രൂപ തിരിച്ചടച്ചു. അതിനിടെ ഭാര്യ രോഗിയായി. ഹൃദയ സംബന്ധമായ അസുഖത്താൽ ബാബുവിന് ജോലിക്കുപോകാനും കഴിയാതായി. മൂന്ന് പെണ്മക്കളുടെ വിവാഹവും വിദ്യാഭ്യാസച്ചെലവുകളും കൂടിയായപ്പോൾ വായ്പ തിരിച്ചടവ് മുടങ്ങി. നിലവിൽ പലിശയും പിഴപ്പലിശയും സഹിതം 2,36,003 രൂപ തിരിച്ചടക്കാനുണ്ട്. മുതലിനത്തിൽ ബാക്കി വരുന്ന തുക മാത്രം ഈടാക്കിയും, പലിശ-പിഴപ്പലിശ എന്നീ ഇനങ്ങളിലുള്ള കുടിശ്ശിക ഒഴിവാക്കിയും നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകി. മുതലിലെ ബാക്കിയുള്ള വളരെ ചെറിയ തുക അടച്ചാൽ ബാബുവിന് ബാധ്യത തീർക്കാനാവും.
നികുതിയിളവ് ഉറപ്പാക്കണം
ചെറുകിട വ്യവസായ യൂനിറ്റുകളുടെ വസ്തുനികുതി 40ൽ നിന്ന് 25 രൂപയായി ഇളവുചെയ്തതിന്റെ ആനുകൂല്യം അർഹരായ എല്ലാ സംരംഭകർക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഫറോക്ക് ചെറുവണ്ണൂരിലുള്ള ന്യൂ ഇന്ത്യ സിറാമിക്സ് വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡിന്റെ പരാതിയിലാണ് മന്ത്രിയുടെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

