പാചകവാതകക്ഷാമം; അടുക്കള പുകയുന്നു
text_fieldsബേപ്പൂർ: ജനജീവിതം ദുസ്സഹമാക്കി പാചകവാതക ക്ഷാമം പ്രതിസന്ധിയിൽ തുടരുന്നത് വീട്ടമ്മമാർക്ക് ദുരിതമായി. ഹോട്ടലുകൾക്കും റസ്റ്റാറന്റുകൾക്കും ഒടുവിൽ കിട്ടിക്കൊണ്ടിരുന്നതിന്റെ 70 ശതമാനം ഗ്യാസ് കുറ്റികൾ ലഭിക്കുന്നത് അൽപ്പം ആശ്വാസമായിട്ടുണ്ടെങ്കിലും വീടകങ്ങൾ ആശങ്കയിൽ പുകയുകയാണ്.
പല വീടുകളിലും വിറകടുപ്പിന്റെ സൗകര്യങ്ങൾ ഇല്ലാത്തത് ദുരിതം കൂട്ടുന്നു. ഹോട്ടലിലുകളിലെ പാചകം ഏറെയും വിറകടുപ്പിലേക്ക് മാറ്റി. വിറകടുപ്പ് സൗകര്യങ്ങൾ ഇല്ലാത്ത ഹോട്ടലുകൾ വിഭവങ്ങൾ കുറക്കുകയും ചിലത് അടച്ചുപൂട്ടുകയും ചെയ്തു. ജില്ലയിൽ എൽ.പി.ജി വിതരണം ചെയ്യുന്ന പ്രധാന കമ്പനികൾ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയാണ്. ഇവയിൽ ഏറ്റവും കൂടുതൽ സിലിണ്ടറുകൾ വിതരണം നടത്തുന്നത് ഇന്ത്യൻ ഓയിൽ കോർപറേഷന്റേതാണ്. നിലവിൽ ബുക്ക് ചെയ്ത് ഡി.എ.സി നമ്പർ (ഡെലിവറി ഓതന്റിക്കേഷൻ കോഡ്)ലഭിച്ചാലും ഗ്യാസ് കിട്ടാത്ത സ്ഥിതിയാണുള്ളത്.
ക്ഷാമം വർധിച്ചതോടെ ഗ്യാസ് ബുക്കിങിന്റെ കാലാവധി കമ്പനികൾ ദീർഘിപ്പിച്ചിരിക്കയാണ്. പാചക വാതക സിലിണ്ടർ ഒരെണ്ണം ലഭിച്ചു കഴിഞ്ഞാൽ പിന്നെ ബുക്കിങ്ങിന് ഗ്രാമങ്ങളിൽ 45 ദിവസവും നഗരങ്ങളിൽ 25 ദിവസവുമെടുക്കും. ഇതിന്റെ റഫറൻസ് നമ്പർ ലഭിക്കാനും ഒരാഴ്ചയെടുക്കുന്നു. അതുകഴിഞ്ഞ് ബില്ലടിച്ച് ഡി.എ.സി നമ്പറിന്റെ മെസേജ് ലഭിക്കാനും കാത്തിരിക്കണം.
സാധാരണ ഡി. എ.സി നമ്പർ ലഭിച്ചാൽ പാചകവാതക സിലണ്ടർ ഉറപ്പാണ്.എന്നാൽ, പലയിടത്തും സിലണ്ടർ ലഭിക്കാൻ പിന്നെയും കാത്തിരിക്കണം. ഈ കാലതാമസം ചില ഏജൻസികൾ വരുത്തി വെക്കുന്നതാണെന്നും ആക്ഷേപമുണ്ട്. ബുക്ക് ചെയ്തു ഒന്നര മാസം കഴിഞ്ഞിട്ടും സിലിണ്ടർ ലഭിക്കാത്തതാണ് വീട്ടമ്മമാർക്ക് ദുരിതമായത്. ക്ഷാമം കൂടിയതോടെ അയൽപക്ക സൗഹൃദ സിലിണ്ടർ കൈമാറ്റത്തിന് വീട്ടമ്മമാർ ''സ്വയം'' നിയന്ത്രണമേർപ്പെടുത്തിയ മട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

