ചാലിയം: പാചകവാതകത്തിന് തീപിടിച്ച് മത്സ്യബന്ധന ബോട്ട് കത്തിനശിച്ചു. കരുവൻതിരുത്തി തയ്യിൽ അക്ബറിെൻറ പേരിലുള്ള ഹാസ്കോ ബോട്ടാണ് ആളിക്കത്തിയത്. തിങ്കളാഴ്ച പകൽ ഒരുമണിയോടെയായിരുന്നു സംഭവം.
രാവിലെ മത്സ്യവുമായി തിരിച്ചെത്തിയ ബോട്ട് മീൻ വിൽപന കഴിഞ്ഞ് ചാലിയം കാക്കാതിരുത്തിക്ക് സമീപം നങ്കൂരമിട്ടതായിരുന്നു. വൈകീട്ട് വീണ്ടും കടലിൽ പോകാനുള്ള ഇന്ധനവും ഐസുമൊക്കെ കയറ്റിയ ശേഷം ആറോളം ജീവനക്കാർ പുറത്തിറങ്ങി. ഭക്ഷണം പാകം ചെയ്യാനായി ഒരാൾ മാത്രമേ ഈ സമയം ബോട്ടിലുണ്ടായിരുന്നുള്ളൂ. പാചകത്തിനിടെ ചോർന്ന വാതകത്തിന് തീപിടിക്കുകയും നല്ല കാറ്റുള്ള സമയമായതിനാൽ ആളിക്കത്തുകയും ചെയ്തു. സമീപത്തെ മറ്റു ബോട്ടുകളും വള്ളങ്ങളും കുതിച്ചെത്തി. തീരദേശ പൊലീസും ഇൻറർസെപ്റ്റർ രക്ഷാബോട്ടുമായെത്തി ഒരു മണിക്കൂറോളം ശ്രമം നടത്തിയാണ് തീയണച്ചത്.
3-4 ദിവസം വരെ കടലിൽ കഴിയാറുള്ള 16 ലക്ഷം വിലയുള്ള ചെറുബോട്ടാണിത്. കാബിൻ, വലകൾ, ഇലക്ട്രോണിക്സ്–വയർലെസ് ഉപകരണങ്ങൾ, വിഞ്ച്, ഇരുമ്പു കയറുകൾ, ജീവനക്കാരുടെ വസ്ത്രങ്ങളടക്കം വസ്തുക്കൾ, 38,000 രൂപ തുടങ്ങിയവയൊക്കെ കത്തിയമർന്നെന്നും എട്ടുലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായും ഉടമ പറഞ്ഞു. തീപിടിക്കുന്ന സമയത്ത് പാചക ജോലിയിലേർപ്പെട്ടിരുന്ന ഇതര സംസ്ഥാനക്കാരനായ തൊഴിലാളി വെള്ളത്തിലേക്ക് ചാടി നീന്തി രക്ഷപ്പെട്ടു.