വാണിമേൽ പുഴ നവീകരണ വിവാദം; പുഴയിൽനിന്ന് മാറ്റിയ മൺകൂന നീക്കിയില്ല
text_fields
വാണിമേൽ പുഴയിൽ കിണമ്പ്രക്കുന്നിന് താഴെ നീരൊഴുക്ക് കൂട്ടാനായി മാറ്റിയിട്ട മൺകൂനകൾ നീക്കം ചെയ്യാത്ത നിലയിൽ
നാദാപുരം: വാണിമേൽ പുഴയിലെ കിണമ്പ്രക്കുന്നിന് താഴെ പുഴയുടെ നവീകരണം വിവാദത്തിലായതോടെ പുഴയിൽനിന്ന് മാറ്റിയിട്ട മൺകൂനകൾ നീക്കാൻ ആളില്ലാതായി. വർഷകാലത്ത് സമീപപ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന് കാരണമായ മൺകൂനകൾ നീക്കി നീരൊഴുക്ക് വേഗത്തിലാക്കാനുള്ള പ്രവർത്തനം സന്നദ്ധ പ്രവർത്തനമായി പുഴയിൽ നടന്നുവരുന്നതിനിടയിലാണ് കൈയേറ്റ ആരോപണവും നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്ന സാഹചര്യവും ഉടലെടുത്തത്. പഞ്ചായത്ത് മുൻകൈയെടുത്ത് ആരംഭിച്ച നിർമാണ പ്രവർത്തനം ഭൂമി കൈയേറ്റവും, അനധികൃത നിർമാണ പ്രവർത്തനവുമായി ചിത്രീകരിക്കപ്പെട്ടതോടെ സ്ഥലത്ത് വിവാദവും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ വിലങ്ങാട് ഉരുൾപൊട്ടലിലെ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ പുഴയുടെ അരികുകൾ അടിഞ്ഞുകൂടിയ മൺകൂനകൾ ഉപയോഗിച്ച് പുനർനിർമിക്കുക മാത്രമാണ് ചെയ്തതെന്നും ഒരുതരം കൈയേറ്റവും അനധികൃത നിർമാണവും പുഴയിൽ നടന്നിട്ടില്ലെന്നും പഞ്ചായത്ത് അധികൃതരും പ്രദേശവാസികളും പറയുന്നു. വർഷങ്ങളായി കളിസ്ഥലമായി ഉപയോഗിക്കുന്ന സ്ഥലത്തിനും പുഴക്കും സംരക്ഷണം നൽകാനുള്ള ശ്രമത്തെ കൈയറ്റമായി ചിത്രീകരിക്കുകയാണെന്നും ഇവർ പറയുന്നു.
എന്നാൽ, പുഴ മുഴുവൻ കൈയേറിയെന്നും നിർമാണ പ്രവർത്തനങ്ങൾ അനധികൃതമാണെന്നുമാണ് രാഷ്ട്രീയ പാർട്ടി നേതൃത്വം പറയുന്നത്. തൊട്ടടുത്ത സ്വകാര്യ സ്ഥലത്തിന്റെ ഉടമക്ക് ഭാവിയിൽ നിർമിക്കാനിടയുള്ള കെട്ടിട സമുച്ചയത്തിന് പാർക്കിങ് സ്ഥലമായി മാറ്റാനുള്ള ഗൂഢ ശ്രമമാണ് നിർമാണത്തിന് പിന്നിലെന്ന ആരോപണവും എതിരാളികൾ പ്രചരിപ്പിക്കുന്നുണ്ട്. പരാതിയെ തുടർന്ന് റവന്യൂ, ഇറിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.
നൊച്ചിക്കണ്ടി ലൂളി ഗ്രൗണ്ട് ഭാഗത്ത് പുഴയിൽ കൂട്ടിയിട്ടിരിക്കുന്ന മണൽ കൂമ്പാരം അനിയന്ത്രിതമായ പാരിസ്ഥിതിക പ്രശ്നങ്ങളും അടുത്ത മഴക്കാലത്ത് പ്രളയവും ഉണ്ടാക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മണൽ കൂമ്പാരം നീക്കം ചെയ്യണമെന്ന് മയ്യഴിപുഴ സംരക്ഷണ സമിതി വാണിമേൽ, നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അധികൃതരുമായി ബന്ധപ്പെട്ട ശേഷം പൊതുജനങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.