നിപ: കൺട്രോൾ റൂം സജീവം; േഫാൺവിളികളേറെ
text_fieldsകോഴിക്കോട് ഗവ. െഗസ്റ്റ് ഹൗസിൽ തുടങ്ങിയ നിപ കൺട്രോൾ റൂം
കോഴിക്കോട്: നിപ പ്രതിരോധപ്രവർത്തനങ്ങൾക്കായി ഗവ. െഗസ്റ്റ് ഹൗസിൽ തുടങ്ങിയ കൺട്രോൾ റൂമിലേക്ക് എത്തുന്നത് നിരവധി ഫോൺവിളികൾ. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ളവർ നിപയുമായി ബന്ധപ്പെട്ട സംശയങ്ങളും മറ്റു വിവരങ്ങളും തേടി വിളിക്കുന്നുണ്ട്. കോഴിക്കോട് വഴി യാത്രചെയ്യാൻ പറ്റുമോ എന്നാണ് ചിലരുടെ സംശയം. ജില്ലയിൽ എവിടെയെല്ലാം കെണ്ടയ്ൻമെൻറ് സോണുകളുണ്ടെന്നും അന്വേഷിക്കുന്നുണ്ട്.
വവ്വാലുകളെക്കുറിച്ചാണ് കൂടുതൽ പേർക്കും സംശയം. വീടിനടുത്തും കിണറിലും വവ്വാലുണ്ട്, എന്തു െചയ്യുമെന്നും പഴങ്ങൾ കഴിക്കാൻ പറ്റുമോയെന്നും ഇവർ ചോദിക്കുന്നു.
ജില്ല ഭരണകൂടം പുറത്തുവിട്ട റൂട്ട്മാപ്പുമായി ബന്ധപ്പെട്ടും കൺട്രോൾ റൂമിൽനിന്ന് വിവരങ്ങൾ തേടുന്നുണ്ട്. കഴിഞ്ഞ ദിവസം മരിച്ച മുഹമ്മദ് ഹാഷിമിനെ പ്രവേശിപ്പിച്ച ആശുപത്രികളിൽ പോയവരും വിളിക്കുന്നു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കൺട്രോൾ റൂമിലുള്ളവർ മറുപടി നൽകുന്നു. സമ്പർക്കസാധ്യതയുള്ളവർ വിളിച്ചാൽ ഇവിടെതന്നെയുള്ള മറ്റൊരു വിഭാഗത്തിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്.
ഞായറാഴ്ച ഉച്ചയോടെയാണ് മൂന്നു കൗണ്ടറുകളിലായി സർവസജ്ജമായ കൺട്രോൾ റൂമിന് തുടക്കമായത്. കൗണ്ടർ 24 മണിക്കൂറും പ്രവർത്തിക്കും.
0495-2382500, 0495-2382501, 0495-2382800, 0495-2382801 നമ്പറുകളിൽ ജനങ്ങൾക്ക് സംശയനിവാരണം നടത്താം. നാലു ജീവനക്കാർ മൂന്നു ഷിഫ്റ്റുകളിലായാണ് പ്രവർത്തിക്കുക. ദേശീയ ആരോഗ്യദൗത്യത്തിനു കീഴിൽ ജോലിചെയ്യുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിെൻറ പരീക്ഷ പൂർത്തിയാക്കിയവർ, നഴ്സിങ് വിദ്യാർഥികൾ തുടങ്ങിയവരാണ് ഇവിടെയുള്ളത്.
കോൺടാക്ട് ട്രാക്കിങ് കൗണ്ടറിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവിലെ എട്ടു വളൻറിയർമാരാണുള്ളത്. ഇതുവരെ കണ്ടെത്തിയ സമ്പർക്കപ്പട്ടികയിലുള്ള മുഴുവൻ പേരെയും ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇവരുടെ ആരോഗ്യ സ്ഥിതിയും രേഖപ്പെടുത്തുന്നു. മെഡിക്കൽ കോളജിൽ സമ്പർക്കപ്പട്ടികയിലുള്ളവരുടെ വിശദാംശങ്ങൾ അവിടെനിന്നുള്ള സംഘം രേഖപ്പെടുത്തുന്നുണ്ട്.
നിപ: കോഴിക്കോട് താലൂക്കിൽ രണ്ടു ദിവസത്തേക്ക് കോവിഡ് കുത്തിവെപ്പ് നിർത്തിവെച്ചു
കോഴിക്കോട്: കോഴിക്കോട് താലൂക്കിൽ രണ്ടു ദിവസത്തേക്ക് കോവിഡ് കുത്തിവെപ്പ് നിർത്തിവെച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. അതേസമയം, കോവിഡ് പരിശോധനകൾ ആവശ്യമുള്ളവർക്ക് ആരോഗ്യപ്രവർത്തകരെ ബന്ധപ്പെട്ട് നടത്താമെന്നും മന്ത്രി അറിയിച്ചു. നിപ ഫലം വരുന്നതിനനുസരിച്ചേ കുത്തിവെപ്പ് തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.
ജില്ലയിൽ വാക്സിൻ ക്ഷാമത്തെ തുടർന്ന് ആറു ദിവസമായി കുത്തിവെപ്പ് ക്യാമ്പുകൾ മുടങ്ങിയിരുന്നു. തിങ്കളാഴ്ച ജില്ലക്കായി ഒരു ലക്ഷം കോവിഷീൽഡ് വാക്സിൻ എത്തി. ചൊവ്വാഴ്ച കോഴിക്കോട് കോർപറേഷൻ പരിധിയിൽ മാത്രം 14,500 പേർക്ക് കോവിഷീൽഡ് വാക്സിൻ നൽകാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയതായിരുന്നു. 48 മണിക്കൂർ വാക്സിൻ വിതരണം നിർത്തിവെക്കാൻ തീരുമാനം വന്നതോടെ അത് മാറ്റിവെച്ചു. നിപ സമ്പർക്കപ്പട്ടികയിൽ ആരോഗ്യപ്രവർത്തകരും പെടുമെന്നതിനാലാണ് കോവിഡ് കുത്തിവെപ്പ് തൽക്കാലം നിർത്തിവെച്ചത്. ജില്ലയിൽ ഇതുവരെ 25,60,219 പേരാണ് വാക്സിനെടുത്തതെന്ന് അധികൃതർ അറിയിച്ചു.
ഇതിൽ 18,69,217 പേർ ആദ്യ ഡോസും 6,91,002 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 18നും 45നുമിടയിൽ പ്രായമുള്ളവരിൽ 6,98,754 പേർ ആദ്യ ഡോസും 80,661 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. 45നും 60നുമിടയിൽ പ്രായമുള്ളവരിൽ 5,65,618 പേർ ആദ്യ ഡോസും 2,39,556 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസ്സിനു മുകളിലുള്ള 4,96,894 പേർ ആദ്യ ഡോസും 2,78,623 പേർ രണ്ടാം ഡോസും സ്വീകരിച്ചു.
13,248 പാലിയേറ്റിവ് കെയർ രോഗികളും 12,498 ഭിന്നശേഷിക്കാരുമാണ് ജില്ലയിൽ ഇതുവരെ വാക്സിൻ സ്വീകരിച്ചത്. ആദിവാസി മേഖലയിൽ 18 വയസ്സിനും 45 വയസ്സിനും ഇടയിലുള്ള 3806 പേർ വാക്സിനെടുത്തു. വൃദ്ധസദനങ്ങളിലുള്ള 768 പേർ ആദ്യ ഡോസും 743 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 25 ട്രാൻസ്ജെൻഡർമാരും വാക്സിൻ സ്വീകരിച്ചു.