വളയം-കല്ലാച്ചി റോഡ് നിർമാണത്തിലെ മെല്ലെപ്പോക്ക്; വ്യാപാരികൾ സമരത്തിന്
text_fieldsനാദാപുരം: വളയം-കല്ലാച്ചി റോഡ് നവീകരണത്തിലെ മെല്ലെപ്പോക്കിനെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. നവംബർ ആദ്യവാരം പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ പ്രതിഷേധ സമരം നടത്തുമെന്ന് വ്യാപാരി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മൂന്നരക്കോടി ചെലവിൽ മൂന്നു വർഷം മുമ്പാണ് റോഡുപണിക്ക് തുടക്കം കുറിച്ചത്. ഇപ്പോഴും നിർമാണം തുടങ്ങിയയിടത്തു തന്നെയാണ്. മഴ നീങ്ങിയതോടെ കരാറുകാരൻ പ്രവൃത്തി പുനരാരംഭിക്കാത്തതിനാൽ പൊടിശല്യത്തിൽ വീർപ്പുമുട്ടി നാട്ടുകാർ ദുരിതം പേറുകയാണ്. വളയം അങ്ങാടിയിലടക്കം റോഡ് വെട്ടിപ്പൊളിച്ച് പാറപ്പൊടി ഇട്ടതിനാൽ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ കടുത്ത പൊടിപടലമാണ് പരക്കുന്നത്.
ഇതേത്തുടർന്ന് കടകളിലിരുന്ന് കച്ചവടം ചെയ്യാൻ കഴിയുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. പൊടിശല്യം കാരണം പലരും മാരകരോഗത്തിന് അടിപ്പെട്ടതായും കച്ചവടം ഉപേക്ഷിക്കേണ്ടിവന്നതായും ഇവർ പറഞ്ഞു. റോഡിനിരുവശവും താമസിക്കുന്നവരും അങ്ങാടിയിലെ നിത്യസന്ദർശകരും പൊടിശല്യം കാരണം കടുത്ത ദുരിതത്തിലാണ്.
മൂന്നു വർഷം മുമ്പാണ് ഓത്തിയിൽമുക്ക് മുതൽ കുറുവന്തേരി മുക്ക് വരെ മൂന്നര കിലോമീറ്റർ റോഡിന്റെ പണി ആരംഭിച്ചത്. കരാറുകാരന്റെ അനാസ്ഥക്കെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇയാളെ കരിമ്പട്ടികയിൽ പെടുത്തുമെന്നും കരാർ റദ്ദാക്കുമെന്നും കഴിഞ്ഞ വർഷം വളയത്ത് നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഇപ്പോഴും ഇയാൾക്കു തന്നെയാണ് നിർമാണച്ചുമതല. സമീപ പഞ്ചായത്തായ ചെക്യാടും ഇയാൾ ഏറ്റെടുത്ത പ്രവൃത്തി പൂർത്തിയാകാതെ പാതിവഴിയിൽ കിടക്കുകയാണ്. വാർത്തസമ്മേളനത്തിൽ വ്യാപാരി നേതാക്കളായ ഏരത്ത് ഇഖ്ബാൽ, കണേക്കൽ അബ്ബാസ്, വി.കെ. വാസു, ഒ. പ്രേമൻ, കെ. ജബ്ബാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.