ബൈപാസ് പ്രവൃത്തി നീളുന്നു; പരിസരവാസികളുടെ ആശങ്കക്ക് അറുതിയില്ല
text_fieldsവേങ്ങേരിയിൽ നടക്കുന്ന കോഴിക്കോട് ബൈപ്പാസ് പ്രവൃത്തി
കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപാസ് റോഡിന്റെ നിർമാണത്തിനിടെ വീണ്ടും മഴക്കാലവും സ്കൂൾകാലവുമെത്തിയതോടെ സമീപവാസികളുടെ ആശങ്ക ഇരട്ടിച്ചു. മൂന്നുമാസംകൊണ്ട് തീർക്കുമെന്ന് പറഞ്ഞ് തുടങ്ങിയ വേങ്ങേരി ജങ്ഷനിലെ അടിപ്പാത നിർമാണം പാതിപോലുമായില്ല. ഇതോടെ വേങ്ങേരി ഭാഗത്തെ ആയിരക്കണക്കിനാളുകൾ പ്രതിസന്ധിയിലാണ്.
ബാലുശ്ശേരി റോഡ് വേങ്ങേരി ജങ്ഷനിൽ അടഞ്ഞതിനാൽ തടമ്പാട്ട് താഴം വഴി ബസുകൾ പോവുന്നില്ല. ഈ ഭാഗത്തേക്ക് എത്തിപ്പെടാനും ബുദ്ധിമുട്ടാണ്. തടമ്പാട്ട് താഴത്തുള്ള വേങ്ങേരി കാർഷിക മൊത്ത വിപണനകേന്ദ്രം ഒറ്റപ്പെട്ടതോടെ വ്യാപാരം ഗണ്യമായി കുറഞ്ഞു. മാർക്കറ്റ് ആശ്രയിക്കുന്ന നൂറുകണക്കിന് തൊഴിലാളികൾക്ക് ജോലിയില്ലാത്ത സ്ഥിതിയായി. കക്കോടി റൂട്ടിലോടുന്ന ബസുകൾ ഫ്ലോറിക്കൻ ഹിൽ റോഡ് വഴിയാണ് സർവിസ് നടത്തുന്നത്. നഗരത്തിൽനിന്ന് പോവുന്നവ മാവിളിക്കടവ്, തണ്ണീർപന്തൽ വഴിയാണ് കക്കോടിയിലെത്തുന്നത്.
ഈ റോഡുകളിലെല്ലാം തിരക്കുകാരണം അടിക്കടി അപകടങ്ങളും ഗതാഗത സ്തംഭനവുമുണ്ടാവുന്നു. മഴ പെയ്താൽ വലിയ ബുദ്ധിമുട്ടാവും. തടമ്പാട്ട് താഴം മുതൽ വേങ്ങേരി വരെയുള്ള വ്യാപാരസ്ഥാപനങ്ങളെല്ലാം നഷ്ടത്തിലുമായി. വേങ്ങേരി സ്കൂളിലേക്ക് ഇത്തവണ പ്രവേശനംപോലും കുറഞ്ഞിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി കച്ചവട പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിൽ സർവിസ് റോഡ് നിർമാണം പെട്ടെന്ന് തീർക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പായില്ല. സർവിസ് റോഡ് പണിയെങ്കിലും പെട്ടെന്ന് തീർക്കണമെന്നാണ് ആവശ്യം.
ഫ്ലോറിക്കൻ ഹിൽ റോഡ് ജങ്ഷനിൽ അണ്ടർ പാസ് റോഡുകൂടി ഉടൻ അടക്കുമെന്നാണ് പറയുന്നത്. അതിന് മുമ്പ് സർവിസ് റോഡ് പണി തീർത്തില്ലെങ്കിൽ പ്രശ്നം രൂക്ഷമാവും. അമ്പലപ്പടി ജങ്ഷനിൽ അണ്ടർപാസ് പണി നടക്കുന്നതിനാൽ നടക്കാൻ പോലുമാവാത്ത അവസ്ഥയാണ്. ഏതുവഴി പോവണമെന്നുകൂടി മനസ്സിലാവാത്ത സ്ഥിതി. സ്കൂൾ തുറന്നാൽ എരഞ്ഞിക്കൽ പി.വി.എസ് സ്കൂളിലേക്കുള്ള കുട്ടികളടക്കമുള്ളവർ റോഡ് മുറിച്ചുകടക്കാനാവാതെ ബുദ്ധിമുട്ടും. വൻ അപകട സാധ്യതയുമുണ്ട്. കരാറുകാരും ബൈപാസ് അധികാരികളും കാര്യമായി പ്രതികരിക്കുന്നില്ലെന്നാണ് പരാതി. അമ്പലപ്പടി മേഖലയിൽ ഓവുചാലുകൾ അടഞ്ഞ് മഴയിൽ വെള്ളക്കെട്ട് ഭീഷണിയുള്ളതിനാൽ നീക്കാൻ രണ്ടുദിവസത്തേക്ക് മാത്രമാണ് കരാറുകാർ ജെ.സി.ബി അനുവദിച്ചത്. ഇത് അപര്യാപ്തമെന്ന് കൗൺസിലർ എസ്.എം. തുഷാര പറഞ്ഞു.
പ്രധാന വഴികളെല്ലാം മണ്ണടിഞ്ഞുകിടക്കുകയാണ്. എരഞ്ഞിക്കൽ അമ്പലപ്പടി ജങ്ഷനിൽ നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഈ സാഹചര്യത്തിൽ ബൈപാസ് കടന്നുപോവുന്ന വാർഡുകളിലെ കോർപറേഷൻ കൗൺസിലർമാരായ കെ.പി. രാജേഷ് കുമാർ, എസ്.എം. തുഷാര, കെ.സി. ശോഭിത, എടവഴിപ്പീടികയിൽ സഫീന, ഒ. സദാശിവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിശദമായ കാര്യങ്ങളടങ്ങുന്ന കുറിപ്പ് തയാറാക്കി ജില്ല കലക്ടർക്ക് നൽകാൻ തീരുമാനമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

