നഗരത്തിലെ പാർക്കിങ് പ്ലാസകളുടെ നിർമാണക്കരാർ ഉടൻ
text_fieldsപൊളിച്ചുകൊണ്ടിരിക്കുന്ന കോർപറേഷൻ സത്രം ബിൽഡിങ്
കോഴിക്കോട്: നഗരത്തിലെ കുരുക്കഴിക്കാൻ പണിയുന്ന രണ്ട് പാർക്കിങ് പ്ലാസകളുടെയും നിർമാണത്തിനുള്ള കരാർ തയാറായി. കരാർ നടപടികൾ പൂർത്തിയായാൽ നിർമാണത്തിനുള്ള തുടർനടപടികൾ പെട്ടെന്ന് തുടങ്ങാനാവുമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു. ശനിയാഴ്ചത്തെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കരാർ സംബന്ധിച്ചുള്ളകാര്യം പരിഗണനക്ക് വരും. സ്റ്റേഡിയത്തിനടുത്തും മിഠായിത്തെരുവിന് വേണ്ടി കിഡ്സൺ കോർണറിലും പണിയാൻ തീരുമാനിച്ച പാർക്കിങ് പ്ലാസകളുടെ നടത്തിപ്പ് സംബന്ധിച്ച് നേരത്തേതന്നെ ധാരണയിലെത്തിയിരുന്നു. സ്വകാര്യ പങ്കാളിത്തത്തിൽ 167 കോടിയുടെ പ്ലാസയുണ്ടാക്കി ഉപയോഗിച്ച് നിശ്ചിതകാലത്തിനകം നഗരസഭക്ക് കൈമാറുന്നതാണ് കരാർ. കിഡ്സൺ കോർണറിലും സ്റ്റേഡിയത്തിലുമായി 85 കാറുകളും 1000ലേറെ ഇരുചക്രവാഹനങ്ങളും നിർത്തിയിടും വിധമാണ് പ്ലാസ നിർമാണം. ഇതോടെ മാനാഞ്ചിറയിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
സ്റ്റേഡിയത്തിനും ഇൻഡോർ സേ്റ്റഡിയത്തിനും പിറകിലായി 5400 ചതുരശ്ര മീറ്റർ സ്ഥലത്ത് 35,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടവും കിഡ്സൺ കോർണറിൽ പഴയ സത്രം ബിൽഡിങ് പൊളിച്ച് 920 ചതുരശ്ര മീറ്റർ സ്ഥലത്ത് 7579 ചതുരശ്ര മീറ്ററും വരുന്ന കെട്ടിടവും പണിയാനാണ് പദ്ധതി. പൊളിക്കുന്ന കിഡ്സൺ കെട്ടിടത്തിൽനിന്ന് നിലവിൽ കച്ചവടം ചെയ്യുന്ന വ്യാപാരികൾ ഒഴിയുന്നതിനുള്ള കാലാവധി ഈമാസം അവസാനംവരെ കോർപറേഷൻ നീട്ടിക്കൊടുത്തിട്ടുണ്ട്. ഒഴിയുന്ന കച്ചവടക്കാർക്ക് നേരത്തേ ബഷീർ റോഡിനും സമീപവും താജ് റോഡിലും സ്ഥലം അനുവദിച്ചെങ്കിലും അവ ക്രമപ്രകാരമല്ലെന്ന് കണ്ട് കോർപറേഷൻ പൊളിച്ചുമാറ്റാൻ നിർദേശിച്ചിരുന്നു. പകരം താൽക്കാലിക കെട്ടിടങ്ങൾ കോർപറേഷൻ തന്നെ പൊളിച്ചുമാറ്റാനാണ് തീരുമാനം. സത്രം ബിൽഡിങ് പൊളിച്ചുമാറ്റൽ പുരോഗമിക്കുകയാണ്. കെട്ടിടത്തിന്റെ പിറക് ഭാഗത്തുനിന്ന് 25 ശതമാനത്തോളം പൊളിച്ചുമാറ്റിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

