നഗരം പിടിക്കാൻ പദ്ധതികളുമായി കോൺഗ്രസ്
text_fieldsകോർപറേഷൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഉന്നതതല യോഗത്തിൽ രമേശ് ചെന്നിത്തല സംസാരിക്കുന്നു
കോഴിക്കോട്: യു.ഡി.എഫ് ഭരണസമിതി അധികാരത്തില്‍ വന്നാല്‍ നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കോർപറേഷന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രനഗരം എന്നറിയപ്പെട്ടിരുന്ന കോഴിക്കോട് ഇന്ന് മാലിന്യനഗരമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ദുര്‍ഭരണത്തില്‍നിന്ന് നഗരസഭയെ മോചിപ്പിക്കണം. കോർപറേഷന് അഴിമതിയുടെ ഹബ്ബായി മാറി. നാലര പതിറ്റാണ്ട് എൽ.ഡി.എഫ് ഭരിച്ചിട്ടും നഗരത്തിന് ഒരു പുരോഗതിയും കൈവരിക്കാനായിട്ടില്ല. ഏറ്റെടുത്ത എല്ലാ പദ്ധതികളിലും അഴിമതിയാണ്. സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്ന ഭരണശൈലിയാണ് ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 23ന് അഴിമതിയുടെ പിടിയില്‍നിന്ന് നഗരസഭയെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭ ഉപരോധിക്കും. അതിന് മുന്നോടിയായി ജനുവരി 15 മുതല്‍ 22വരെ 75 ഡിവിഷനുകളിലും നഗരസഭയുടെ അഴിമതി ഭരണത്തിനെതിരെയുള്ള കാമ്പയിന് നടക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യന്, യു.ഡി.എഫ് ജില്ല ചെയര്മാന് കെ. ബാലനാരായണന്‍, കോർപറേഷന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഭിന്‍ വര്‍ക്കി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

