വകുപ്പുകൾ തമ്മിൽ തർക്കം: ഗതാഗതക്കുരുക്കിന് പരിഹാരംതേടാൻ സർവകക്ഷിസംഘം
text_fieldsrepresentational image
നാദാപുരം: ജൽ ജീവൻ മിഷന്റെ പ്രവൃത്തിക്ക് കുഴിയെടുത്തത് അടക്കാത്തതിനാൽ കല്ലാച്ചി -നാദാപുരം സംസ്ഥാനപാതയിലുള്ള ഗതാഗതക്കുരുക്കിന് പരിഹാരം തേടി എം.എൽ.എയുടെ സാന്നിധ്യത്തിൽ പൊതുമരാമത്ത്- ജലവിഭവ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കാണാൻ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഗതാഗതക്കുരുക്കിനും അപകടാവസ്ഥയിലുള്ള കുഴിയടക്കുന്നതിനും അടിയന്തര പരിഹാര നടപടിക്കായി ഗ്രാമപഞ്ചായത് പ്രസിഡന്റ് വി.വി. മുഹമ്മദലി വിളിച്ചുചേർത്ത പൊതുമരാമത്ത്-പൊലീസ് -വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും വ്യാപാര പ്രതിനിധികളുടെയും യോഗത്തിൽ കുഴിയടക്കുന്ന പ്രവൃത്തി നടക്കാൻ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സർവകക്ഷി തീരുമാനം.
ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഇനിയും 1.4 കി.മീ നീളത്തിൽ സംസ്ഥാന പാതയിലും 16 കി.മി. നീളത്തിൽ ഗ്രാമീണ റോഡിലും പൈപ്പ്ലൈൻ നീട്ടേണ്ടതുണ്ടെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു.
വാട്ടർ അതോറിറ്റിയുടെ പ്രവൃത്തി പൂർത്തിയായാലേ പൊതുമരാമത്തിന് കെട്ടിവെച്ച തുക ഉപയോഗിച്ചുള്ള സംസ്ഥാന പാതയിലെ കുഴിയടക്കൽ ആരംഭിക്കാനാകൂ എന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. എത്രയും പെട്ടെന്ന് റോഡിലെ ജല അതോറിറ്റിയുടെ പ്രവൃത്തി പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദേശം കൊടുക്കണമെന്ന് തീരുമാനിച്ചു.
സാങ്കേതിക തടസ്സം പറയാതെ കല്ലാച്ചി ടൗണിലെ കുഴിയടക്കണമെന്ന് യോഗത്തിൽ സംസാരിച്ച ജനപ്രതിനിധികളും വ്യാപാരികളും ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കാൻ വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറെ യോഗം ചുമതലപ്പെടുത്തി. നാദാപുരം ടൗണിലെ അപകടാവസ്ഥയിലുള്ള സ്ലാബുകൾ മാറ്റുന്നതിന് നടപടികളെടുക്കാനും തീരുമാനിച്ചു.
മൂന്നു കോടിരൂപ ചെലവിലുള്ള കല്ലാച്ചി ടൗൺ നവീകരണത്തിനായി ഓരോ ഭാഗത്തുനിന്നും ഒന്നരമീറ്റർ വീതികൂട്ടിയുള്ള നിർദിഷ്ട അലൈൻമെന്റിന് വ്യാപാരികൾ അനുകൂലമാണ്. എന്നാൽ, വികസനപ്രവൃത്തികാരണം കച്ചവടം നിർത്തിപ്പോകേണ്ട സ്ഥാപനങ്ങൾ നിൽക്കുന്ന ഭാഗത്ത് വീതികൂട്ടുന്ന സമയത്ത് പ്രത്യേക പരിഗണന നൽകണമെന്നും യോഗത്തിൽ വ്യാപാരിനേതാക്കൾ ആവശ്യപ്പെട്ടു.
നിർമാണം ആരംഭിച്ച കല്ലാച്ചി മിനി ബൈപാസ് റോഡ് പൂർത്തിയാകുന്നതോടെ കല്ലാച്ചി ടൗണിൽ ട്രാഫിക് പരിഷ്കരണത്തിൽ കാതലായമാറ്റം വരുത്താൻ തീരുമാനിച്ചു. ഇതിനുള്ള നിർദേശം തയാറാക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പൊതുമരാമത്ത് അസി. എക്സി. എൻജിനീയർ ട്രാഫിക് പൊലീസ് സബ് ഇൻസ്പെക്ടർ എന്നിവരെ ചുമതലപ്പെടുത്തി.
ഇതിനായി ഓട്ടോ തൊഴിലാളികളുടെയും യൂനിയൻ പ്രതിനിധികളുടെയും കെട്ടിട ഉടമകളുടെ സംഘടനാ പ്രതിനിധികളുടെയും യോഗം വിളിച്ചുചേർക്കുന്നതാണ്. യോഗത്തിൽ പ്രസിഡന്റ് വി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്ഥിരംസമിതി അധ്യക്ഷന്മാരായ സി.കെ. നാസർ, എം.സി. സുബൈർ, കെ.ഡബ്ല്യൂ.എ എക്സി. എൻജിനീയർ എ.എസ്. രാജു, അസി. എക്സി എൻജിനീയർ കെ.ആർ. മറിയം, പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ നിധിൻ ലക്ഷ്മണ, ട്രാഫിക് എസ്.ഐ, കെ.കെ. സുരേഷ്ബാബു, എ.ഇമാരായ സിബി, നളിൻകുമാർ, ടി. അബ്ദുൽ ഹമീദ്, എസ്. അഭിലാഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി. ബാലകൃഷ്ണൻ.
അബ്ബാസ് കണേക്കൽ, ഓവർസിയർ ഇ.പി. ശരണ്യ, വ്യാപാരി സംഘടനാനേതാക്കളായ തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, എം.സി. ദിനേശൻ കെ.കെ. അബൂബക്കർ ഹാജി, ഷഹറാസ് കുഞ്ഞമ്മദ്ഹാജി, കെ. ബിനീത്ത്, പി.കെ. ശ്രീരാജ്, മുഹമ്മദ് ഷിനാസ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

