കുറ്റിക്കാട്ടൂരിലെ കലുങ്ക് നിർമാണം വെള്ളക്കെട്ടിന് കാരണമാകുമെന്ന് ആശങ്ക
text_fieldsകുറ്റിക്കാട്ടൂരിൽ വാട്ടർ അതോറിറ്റി പൈപ്പുകൾ നിലനിർത്തി നടക്കുന്ന കലുങ്ക് നിർമാണം
കുറ്റിക്കാട്ടൂർ: മാവൂർ-മെഡിക്കൽ കോളജ് റോഡിൽ കുറ്റിക്കാട്ടൂരിൽ നടക്കുന്ന കലുങ്ക് നിർമാണത്തിലെ അശാസ്ത്രീയത വെള്ളക്കെട്ടിന് വഴിവെക്കുമെന്ന് ആക്ഷേപം. വികസന സമിതി പ്രവർത്തകരും വ്യാപാരികളും പരാതിയുമായി രംഗത്തെത്തി. കലുങ്കിനുള്ളിൽ വാട്ടർ അതോറിറ്റിയുടെ വലിയ പൈപ്പ് നിലനിർത്തിക്കൊണ്ടുള്ള കോൺക്രീറ്റ് പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. കുറ്റിക്കാട്ടൂർ പ്രദേശത്ത് മഴക്കാലത്ത് രൂപപ്പെടുന്ന വലിയ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാനാണ് കുറ്റിക്കാട്ടൂർ വികസന സമിതിയുടെ നേതൃത്വത്തിൽ പെരുവയൽ പഞ്ചായത്ത് കലുങ്ക് നവീകരണത്തിന് അപേക്ഷ നൽകിയത്. തുടർന്ന് ടെൻഡർ ചെയ്ത് തുടങ്ങിയതാണ് പ്രവൃത്തി.
കലുങ്കിലൂടെയുള്ള ജലമൊഴുക്ക് തടയുന്ന രീതിയിൽ കുറുകെയായി വാട്ടർ അതോറിറ്റിയുടെ വലിയ പൈപ്പ് നിലനിർത്തിയാണ് നിർമാണം നടക്കുന്നത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് മാറ്റാതെ നിർമാണവുമായി മുന്നോട്ടുപോകരുതെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പെരുവയൽ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് പാലാട്ട് അറിയിച്ചു.
നേരത്തെയുണ്ടായിരുന്ന കലുങ്കിൽ മണ്ണും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ചതോടെയാണ് മാറ്റി പണിയാനുള്ള അപേക്ഷ നൽകിയിരുന്നതെന്ന് കുറ്റിക്കാട്ടൂർ വികസന സമിതി കൺവീനർ ഇർഷാദ് അഹമ്മദ് പറയുന്നു. പൈപ്പ് മാറ്റി സ്ഥാപിക്കാനാവശ്യപ്പെട്ട് വാട്ടർ അതോറിറ്റിയോട് ബന്ധപ്പെട്ടെങ്കിലും തുടർനടപടിയുണ്ടായിട്ടില്ലെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നു. മഴക്കുമുന്നേ പൂർത്തിയാക്കേണ്ട പ്രവൃത്തി തുടക്കം മുതൽതന്നെ മന്ദഗതിയിലായിരുന്നു നിർമാണത്തിലെ മെല്ലെപ്പോക്കും ഗതാഗതകുരുക്കും വിവാദമായിരുന്നു. വികസന സമിതിടെയും പഞ്ചായത്ത് അധികൃതരുടെയും നിരന്തര ഇടപെടലോടെയാണ് ആദ്യഘട്ടം പൂർത്തിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

