ബസ് സ്റ്റാൻഡിലെ അഗ്നിബാധ വൈദ്യുതി വിതരണ പുനഃസ്ഥാപനം വൈകുന്നതിൽ ആശങ്ക
text_fieldsകോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിന് താഴെ പ്രവർത്തിക്കുന്ന കടകൾക്ക് വൈദ്യുതി നൽകുന്നതിനായി പ്രവർത്തിക്കുന്ന ജനറേറ്ററുകൾ
കോഴിക്കോട്: മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിൽ അഗ്നിബാധയെ തുടർന്ന് നിലച്ച വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ വൈകുന്നത് വ്യാപാരികളുടെ ദുരിതം വർധിപ്പിക്കുന്നു. മൂന്ന് ജനറേറ്ററുകൾ ഉപയോഗിച്ചാണ് 84ാളം കടകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. മൂന്നാഴ്ച കൊണ്ട് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനാവുമെന്ന് കോർപറേഷൻ വിളിച്ചുചേർത്ത യോഗത്തിൽ ഉറപ്പു ലഭിച്ചിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു.
ഒരു മാസത്തിലധികം സമയമെടുക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. 154 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്. ഇതിൽ 84 കച്ചവടക്കാരാണ് ജനറേറ്ററിൽ പ്രവർത്തിക്കുന്നത്. വൈദ്യുതിയില്ലാത്തതിനാൽ ഇപ്പോഴും പ്രവർത്തനം തുടങ്ങാത്ത കടകളുമുണ്ട്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ഒമ്പത് വരെ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ 4000 രൂപ ഓരോ കടക്കാരനും ചെലവുണ്ട്. ഇത് വ്യാപാരികൾ തന്നെ വഹിക്കണം.
ഹോട്ടലുകളും ചായക്കടകളുമാണ് വലിയ പ്രതിസന്ധി നേരിടുന്നത്. ഫ്രിഡ്ജ് 24 മണിക്കൂറും പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളാണ് ഹോട്ടലുകൾ. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള പണികൾ ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് വ്യാപാരികൾക്ക് പരാതിയുണ്ട്. മേയറെ കണ്ട് വ്യാപാരികൾ പരാതി നൽകിയിട്ടുണ്ട്. മെയ് 18നാണ് മാവൂർ റോഡ് ബസ് സ്റ്റാൻഡിൽ വൻ അഗ്നിബാധയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

