ആശങ്കയൊഴിയുന്നില്ല; മലയോര മേഖലയിൽ മോഷ്ടാക്കൾ വിലസുന്നു
text_fieldsമുക്കം: മുക്കത്തും സമീപപ്രദേശങ്ങളിലും മോഷണം പെരുകുന്നു.ചെറിയ പള്ളികളെയും വീടുകളെയും കേന്ദ്രീകരിച്ചാണ് ഇത്തവണ മോഷണം. ഇവിടങ്ങളിലെ ഇൻവെർട്ടർ ബാറ്ററികളും മറ്റുമാണ് പ്രധാനമായും കവരുന്നത്. രാത്രിയുടെ മറവിൽ മാത്രമല്ല, പകൽ സമയത്തും മോഷ്ടാക്കൾ സജീവമായെത്തുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്നത്. നിർദ്ദിഷ്ട സ്ഥലങ്ങളിൽ കയറി, മിനിറ്റുകൾക്കുള്ളിലാണ് ഇവർ സാധനങ്ങളുമായി കടന്നുകളയുന്നത്.
കൂടരഞ്ഞി കോലോത്തും കടവ് ഖബർസ്ഥാൻ പള്ളിയിൽ നിന്നും കഴിഞ്ഞ ദിവസം ഇൻവെർട്ടറിന്റെ ബാറ്ററി മോഷ്ടിച്ച യുവാവിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. മുക്കം ഭാഗത്തെ നിരവധി പള്ളികളിൽ നിന്നും ഇൻവേർട്ടറുകളും, ബാറ്ററികളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. തെച്ചിയാട്,കല്ലുരുട്ടി, ഗോതമ്പ് റോഡ്, മുക്കം ,ചെറുവാടി തെനങ്ങാപറമ്പ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഇടക്കാലത്ത് ബാറ്ററി മോഷണം പോയതായി പരാതിയുണ്ട്.
മിക്കയിടത്തും മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ഇവരെ പിടികൂടാൻ ഇതുവരെ സാധിക്കാത്തത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. മോഷണവുമായി ബന്ധപ്പെട്ട് മുക്കം, തിരുവമ്പാടി പോലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളടക്കം കൃത്യമായ തെളിവുകൾ നൽകിയിട്ടും പ്രതികളെ പിടികൂടാനാവാത്തതിൽ നാട്ടുകാർ അമർഷത്തിലാണ്.
മലയോര മേഖലയിൽ രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും മോഷണ പരമ്പരക്ക് തടയിടാൻ എത്രയും വേഗം നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

