എസ്.ഐ.ആർ; വോട്ടർപട്ടികയിലെ അപേക്ഷകരെ വ്യാപകമായി തള്ളിയതായി പരാതി
text_fieldsകോഴിക്കോട്: എസ്.ഐ.ആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ നൽകിയവരുടെ അപേക്ഷകൾ വ്യാപകമായി തള്ളിയതായി ആരോപണം. സ്ഥിരം താമസക്കാരായ 1,82,691 പുതിയ അപേക്ഷകരിൽ 15,997 പേരുടെ അപേക്ഷകളാണ് തള്ളിയത്. 1,62,706 പേരുടെ അപേക്ഷകൾ സ്വീകരിച്ചു. 44,104 പ്രവാസികൾ അപേക്ഷിച്ചതിൽ 28,791 പേരെ ഉൾപ്പെടുത്തുകയും 13,460 പേരെ സാങ്കേതിക കാരണം പറഞ്ഞ് പട്ടികയിൽനിന്ന് തള്ളിയതായും ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു. പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്ത് അപേക്ഷിച്ചവരുടെ പട്ടികയിലാണ് ക്രമക്കേട് നടന്നത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് അപേക്ഷകൾ തള്ളിയത്. സി.പി.എം അനുകൂലികളായ ബി.എൽ.ഒമാരാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വോട്ടർപട്ടികയിൽ നിന്ന് തള്ളിയവരുടെ വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകാമെന്നറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇത് സംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും. അപേക്ഷിച്ച പ്രവാസി വോട്ടർമാരുടെ 50 ശതമാനം അപേക്ഷകളാണ് തള്ളിയത്. ഇതിൽ 80 ശതമാനവും യു.ഡി.എഫ് വോട്ടുകളാണ്. ബൂത്ത് തലത്തിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വടകരയിൽ 3035, കുറ്റ്യാടി 3494, നാദാപുരം 2647, കൊയിലാണ്ടി 3271, പേരാമ്പ്ര 2073, ബാലുശ്ശേരി 2340, എലത്തൂർ 1713 , കോഴിക്കോട് നോർത്ത് 1882, കോഴിക്കോട് സൗത്ത് 1783, ബേപ്പൂർ 2623, കുന്ദമംഗലം 1539, കൊടുവള്ളി 1732, തിരുവമ്പാടി 1325 അപേക്ഷകളാണ് തള്ളിയത്. വാർത്തസമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, വിദ്യാബാലകൃഷ്ണൻ, കെ.പി.സി.സി അംഗം കെ. ബാബു, പി.എം. അബ്ദുറഹ്മാൻ എന്നിവരും പങ്കെടുത്തു.
ഗൾഫിൽ കുടുങ്ങിയവർക്ക് ട്രാന്‍സിറ്റ് വിസ അനുവദിക്കണം -അഡ്വ. കെ. പ്രവീണ്‍കുമാര്‍
ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനത്തിന് പോയവരെ നാട്ടിലെത്തിക്കാന്‍ ട്രാന്‍സിറ്റ് വിസ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു.
യുദ്ധ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്കയിലാണെങ്കിലും മലയാളികള്‍ ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണ്. എന്നാല്‍, അടിയന്തരാവശ്യത്തിനും സന്ദര്‍ശനത്തിനും മറ്റുമായി പോയവര്‍ക്ക് നാട്ടിലേക്ക് മടങ്ങിയെത്താന്‍ പറ്റാത്ത സാഹചര്യമാണ്.
രണ്ട് ദിവസത്തെ യാത്രക്കുപോയ താന്‍ ഉള്‍പ്പെടെ നാലു ദിവസമാണ് മടങ്ങാന്‍ കഴിയാതെ പ്രതിസന്ധിയിലായത്. സൗദി ട്രാന്‍സിറ്റ് വിസ നല്‍കിയതിലൂടെയാണ് മടങ്ങിവരാന്‍ കഴിഞ്ഞത്. ഇത്തരത്തില്‍ ഗള്‍ഫില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ സൗദി വഴി ട്രാന്‍സിറ്റ് വിസ നല്‍കാന്‍ നയതന്ത്രതലത്തില്‍ കേന്ദ്രം നടപടിയെടുക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ സമ്മർദം ചെലുത്തണമെന്നും പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

