തെരുവോരങ്ങളിൽ പഴകിയ മത്സ്യവിൽപനയെന്ന് പരാതി
text_fieldsമാത്തോട്ടം മേൽപാലത്തിന് സമീപത്തെ വഴിയോര മീൻകച്ചവടം
ബേപ്പൂർ: ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന രാസപദാർഥങ്ങൾ ചേർത്ത പഴകിയ മത്സ്യ വിൽപന വ്യാപകമാകുന്നതായി പരാതി. കോർപറേഷൻ ബേപ്പൂർ സോണൽ ഓഫിസിലെ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷ വകുപ്പും പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഇത്തരം പഴകിയ മത്സ്യങ്ങളുടെ വിൽപനക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധന നിർത്തിവെച്ചതോടെയാണ് വീണ്ടും പഴകിയ മത്സ്യങ്ങൾ മാർക്കറ്റിൽ സുലഭമായി വിൽപനക്ക് എത്താൻ തുടങ്ങിയത്.
വട്ടക്കിണർ, മാത്തോട്ടം, അരക്കിണർ, നടുവട്ടം തുടങ്ങി ബേപ്പൂർ റോഡിന്റെ ഇരുവശങ്ങളിലും രാവിലെയും വൈകീട്ടും പഴകിയ മത്സ്യങ്ങളുടെ വഴിയോര കച്ചവടം സജീവമാണ്. സൈക്കിളുകളിലും സ്കൂട്ടറുകളിലും ഗുഡ്സ് ഓട്ടോറിക്ഷകളിലും മത്സ്യവുമായെത്തി ആൾത്തിരക്കുള്ള കവലകൾക്ക് സമീപം നിർത്തിയിട്ടാണ് വിൽപന.
ഇതര സംസ്ഥാനങ്ങളിലെ ഫ്രീസറുകളിൽ ഐസും ഫോർമാലിനും മറ്റു രാസപദാർഥങ്ങളും ചേർത്ത് സൂക്ഷിക്കുന്ന ഫ്രീസർ മത്സ്യങ്ങളാണ് ഇപ്പോൾ മാർക്കറ്റുകളിൽ കുറഞ്ഞവിലയിൽ സുലഭമായി ലഭിക്കുന്നത്. ചെറിയ മാന്തൾ, വലിയ മാന്തൾ, ചെമ്മീൻ, സൂത, ചെറിയ ആവോലി, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളാണ് കൂടുതലായും വിൽപന നടത്തുന്നത്.
ഇത്തരം മത്സ്യങ്ങളുമായി ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യം ശക്തമായി. അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

