പരാതി മുക്കൽ; കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് റവന്യൂ വകുപ്പ്
text_fieldsകോഴിക്കോട്: കലക്ടറേറ്റിലെ രണ്ട് റവന്യൂ ഉദ്യോഗസ്ഥരുടെ സസ്പെൻഷനു പുറമെ മേലുദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് റവന്യൂ വകുപ്പ്. കോഴിക്കോട് കലക്ടറേറ്റിലെ എസ്-3 സെക്ഷൻ ക്ലർക്കുമാരായിരുന്ന പി.പി. രജിലേഷ്, പി. ജസി എന്നിവർക്കുപുറമെ പരാതിക്കിടയായ കാലയളവിലെ ഡെപ്യൂട്ടി കലക്ടർ, ശിരസ്തദാർ എന്നിവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. അഴിമതിയിലും മറ്റു കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ട റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യെപ്പട്ട് ലാൻഡ് റവന്യൂ കമീഷണറേറ്റിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും കലക്ടറേറ്റിലേക്ക് അയച്ചുകൊടുത്ത റിപ്പോർട്ടുകളിൽ പലതിലും കലക്ടറേറ്റിലെ രഹസ്യ വിഭാഗം തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയായിരുന്നു ഉയർന്നിരുന്നത്. കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി കലക്ടർ വിവിധ അഴിമതി ആരോപണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കി കോപ്പി കലക്ടർക്കും സർക്കാറിനും നൽകിയിരുന്നു. അഴിമതികൾ സംബന്ധിച്ച് സീനിയർ സൂപ്രണ്ടും പരാതി നൽകിയിരുന്നു. 2018 മുതൽ 2023 വരെ എസ്-3 സെക്ഷനിലെ രജിലേഷും ജസിയുമാണ് ഫയലുകൾ കൈകാര്യം ചെയ്തത്.
എന്നാൽ, സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചില്ലെന്നാണ് പുറത്തുവരുന്നത്. ചെറുവണ്ണൂർ വില്ലേജിൽനിന്ന് മണൽ കടത്തിയത് പിടികൂടിയെങ്കിലും സിവിൽ സ്റ്റേഷനെത്തുമ്പോഴേക്കും മണൽ അപ്രത്യക്ഷമായ സംഭവം വരെ പരാതിയായി ഉയർന്നിരുന്നു. 821 പരാതികളിൽ 600ഓളം പരാതികൾക്കും നടപടിയെടുത്തില്ലെന്ന് കണ്ടെത്തി. എന്നാൽ, താൽപര്യമുള്ള കേസുകൾ വേഗം തീർപ്പാക്കുകയും ചെയ്തതായും പരാതി ഉയർന്നിരുന്നു. യു.വി. ജോസ് കലക്ടറായിരിക്കെ പരാതികൾ സംബന്ധിച്ച് അന്വേഷണം നടത്തി. ഓൺലൈൻ സംവിധാനമായതിനാൽ പരാതികളുടെ കൃത്യമായ വിവരം ലഭിക്കുമെന്നതിനാൽ കുറ്റാരോപിതർ വിവിധ വിഷയങ്ങളിലുള്ള പരാതികൾ ഒറ്റ ഫയലാക്കി നടപടികൾ തടസ്സപ്പെടുത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
2023 ഡിസംബറിൽ സ്ഥലം മാറിപ്പോകുന്നതിനു മുമ്പായി കെട്ടിക്കിടക്കുന്ന ഫയലുകളുടെ ലിസ്റ്റ്, രജിസ്റ്ററുകൾ, ഫിസിക്കൽ ഫയലുകൾ എന്നിവ ൈകമാറിയില്ലെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നുണ്ട്. സമ്മർദമില്ലാതെ അത്തരം കാര്യങ്ങൾക്ക് ഒരു ഉദ്യോഗസ്ഥനും മുതിരില്ല എന്നാണ് വിലയിരുത്തുന്നത്. എൻ.ജി.ഒ യൂനിയൻ അംഗങ്ങളാണ് നടപടിക്ക് വിധേയമായവർ എന്നാണ് അറിയുന്നത്. രജിലേഷ് നിലവിൽ കോഴിക്കോട് താലൂക്ക് ഓഫിസിൽ സീനിയർ ക്ലർക്കും ജസി ചെലവൂർ വില്ലേജ് ഓഫിസറുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

