തളി-കുറ്റിച്ചിറ കുളക്കടവുകളിൽ പൈതൃക പദ്ധതിക്ക് തുടക്കം
text_fieldsനവീകരണപ്രവൃത്തി നടക്കുന്ന തളി ക്ഷേത്രക്കുളം
കോഴിക്കോട്: നഗരവാസികൾ ഇപ്പോഴും കുളിക്കാൻ ഉപയോഗിക്കുന്ന കുറ്റിച്ചിറയിലും തളിയിലും കുളവും ചുറ്റുവട്ടവും പൈതൃക രീതിയിൽ നവീകരിക്കുന്ന പദ്ധതിക്ക് തുടക്കം. ഇതിെൻറ ഭാഗമായി തളിയിലും കുറ്റിച്ചിറയിലും മ്യൂസിയവും ഒരുക്കും.
സാമൂതിരിയുടേയും അദ്ദേഹത്തിെൻറ പട്ടണത്തിെൻറയും ചരിത്രം ഉള്‍ക്കൊള്ളുന്നതാവും തളിയിലെ മ്യൂസിയം. കുറ്റിച്ചിറയിലെ പഴയ തറവാട് ഏറ്റെടുത്ത് മ്യൂസിയമാക്കി മാറ്റും. കുറ്റിച്ചിറ കുളത്തിനു സമീപം ഹെറിറ്റേജ് മ്യൂസിയം തയാറാക്കുന്നതിന് കുളത്തിെൻറ നൂറുമീറ്റര്‍ പരിധിക്കുള്ളിലുളള കെട്ടിടങ്ങൾ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുക്കാനാണ് തീരുമാനം. പുരാതന രീതിയില്‍ നിര്‍മിച്ച് നൂറുവര്ഷത്തോളമെങ്കിലും പഴക്കമുള്ള കെട്ടിടങ്ങളുടെ ഉടമകളിൽനിന്ന് ഇതിനായി താല്പര്യപത്രം ക്ഷണിച്ചു.
കെട്ടിട ഉടമകൾക്കൊപ്പം, സൊസൈറ്റികൾ, സംഘടനകൾ, മുതവല്ലി എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പഴയകാല ഉപകരണങ്ങൾ, ആഭരണങ്ങള്‍, ചെമ്പുപാത്രങ്ങൾ എന്നിവയെല്ലാം മ്യൂസിയത്തിലുണ്ടാവും. തളിയില്‍ പഴയ ആല്‍ത്തറ ചെങ്കൽ കെട്ടി മനോഹരമാക്കും. എന്‍.ഐ.ടി.യിലെ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് ഡിപ്പാര്ട്മെൻറിെൻറ തയാറാക്കിയ മാതൃകയിൽ ജില്ല നിര്‍മിതികേന്ദ്രമാണ് പ്രവൃത്തി നടത്തുന്നത്.
ചെങ്കല്ലിൽ പഴയ രീതിയിലുള്ള മതിലിൽ സാമൂതിരിമാരുടെ ചരിത്രം രേഖപ്പെടുത്തും. സാമൂതിരി പ്രതിമ, കുളപ്പുര, സസ്യോദ്യാനം, ലൈബ്രറി എന്നിവയുണ്ടാവും. തളി ക്ഷേത്രത്തിന് സമീപത്തെ റോഡും അരികുകളും വൃത്തിയാക്കൽ തുടങ്ങി. കുളത്തിെൻറ നവീകരണം കുറ്റിച്ചിറയിൽ തുടങ്ങി. പടവുകള്‍ നവീകരിക്കും. പവിലിയന് പുതുക്കുന്നതിനൊപ്പം വടക്ക് മൂന്നെണ്ണം കൂടി തീർക്കും. കുളപ്പരയുടെ തെക്കുഭാഗത്ത് ഒരുക്കും. പടിഞ്ഞാറു ഭാഗം റോഡുകൾ നന്നാക്കും.
പൈതൃകസംരക്ഷണ പദ്ധതിയുടെ ഭാഗമായി വകുപ്പിെൻറ ഒരു കോടിയും എം.കെ. മുനീര്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നുള്ള 50 ലക്ഷവും ഉപയോഗിച്ചാണ് നവീകരണം നടത്താന്‍ തീരുമാനിച്ചത്. എം.എല്‍.എ ഫണ്ടില്‍ നിന്ന് രണ്ടിടത്തും 75 ലക്ഷം വീതം നല്കിക്കഴിഞ്ഞുവെന്ന് ഡോ.എം.കെ.മുനീര്‍ എം.എൽ.എ അറിയിച്ചു. ഉദ്ഘാടനം അടുത്തമാസം നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

