മജുവിന്റെ അപ്രതീക്ഷിത വേർപാടിൽ തേങ്ങി നാട്: അന്ത്യാഞ്ജലിയർപ്പിക്കാൻ ഒഴുകിയെത്തിയത് നൂറുകണക്കിനാളുകൾ
text_fieldsകാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ഇക്കഴിഞ്ഞ ഇന്റർ സോൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത അബ്ദുറഹ്മാൻ
കൊടുവള്ളി: ഏവരോടും സൗഹൃദവും വിനയവും കാത്തുസൂക്ഷിച്ചിരുന്ന അബ്ദുറഹ്മാൻ എന്ന മജുവിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് നാട്ടുകാരും സഹപാഠികളും. ഫുട്ബാൾ, ടെന്നീസ് ബാൾ കളികളിൽ സജീവമായിരുന്ന ഇരുപതുകാരന്റെ വിയോഗം കൊടുവള്ളിയുടെ കായികമേഖലക്കും വലിയ നഷ്ടമായി.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ഇക്കഴിഞ്ഞ ഇന്റർ സോൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ അബ്ദുറഹ്മാൻ പങ്കെടുത്ത ടീമിനായിരുന്നു രണ്ടാം സ്ഥാനം. പന്തീരാങ്കാവ് ടോൾ പ്ലാസക്ക് സമീപം സർവിസ് റോഡിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിലാണ് കൊടുവള്ളി പ്രാവിൽ സി.പി. ഫൈസലിന്റെ മകൻ അബ്ദുറഹ്മാൻ (20) മരിച്ചത്. ഫാറൂഖ് കോളജിൽ ബി.കോം അവസാനവർഷ വിദ്യാർഥിയായിരുന്ന മജു കോളജ് ഫുട്ബാൾ ടീം അംഗമായിരുന്നു. കളിക്കളത്തിലെ സാന്നിധ്യത്തിനൊപ്പം മജു, വിനയവും സൗമ്യമായ ഇടപെടലും കൊണ്ട് നാട്ടുകാർക്കിടയിലും സുഹൃദ്വലയത്തിലും പ്രിയങ്കരനായി. 'കൊടുവള്ളി വാർത്തകൾ' എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിലും ഇടക്ക് സജീവമായിരുന്നു.
ബുധനാഴ്ച രാത്രി മുക്കം മണാശ്ശേരിയിൽ നടന്ന ഫുട്ബാൾ മത്സരത്തിൽ പങ്കെടുത്ത് സുഹൃത്ത് കട്ടാങ്ങൽ സ്വദേശി നജാദിനൊപ്പം ബൈക്കിൽ കോളജിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. വ്യാഴാഴ്ച പുലർച്ച രണ്ടോടെ പന്തീരാങ്കാവ് ടോൾ പ്ലാസക്ക് സമീപം സർവിസ് റോഡിൽ വേഗത്തിലെത്തിയ ലോറി ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അബ്ദുറഹ്മാന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലാണ്.
മരണവാർത്തയറിഞ്ഞതോടെ കൊടുവള്ളിയിലും ഫാറൂഖ് കോളജിലുമുള്ള സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും നാട്ടുകാരും ഒരുപോലെ ദുഃഖത്തിലായി. അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കൾക്ക് വിശ്വസിക്കാനാവാത്ത നഷ്ടമായി. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ഉച്ചക്ക് 1.20 ഓടെ മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചക്ക് മൂന്നുമുതൽ നാലുവരെ പ്രാവിൽ മദ്റസ അങ്കണത്തിൽ പൊതുദർശനത്തിന് വെച്ചു.
രാഷ്ട്രീയ, സാമൂഹിക, പൊതുരംഗങ്ങളിലെ പ്രമുഖരും സഹപാഠികളും അധ്യാപകരും ബന്ധുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് വൈകിട്ട് നാലിന് പ്രാവിൽ ജുമാ മസ്ജിദിലും 4.30ന് തലപ്പെരുമണ്ണ ജുമാ മസ്ജിദിലും മയ്യിത്ത് നിസ്കാരം നടന്നു. പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്ക് കാണാനും യാത്രയാക്കാനുമെത്തിയവരുടെ സാന്നിധ്യം നാടിന്റെ ദുഃഖത്തിന്റെ ആഴം വ്യക്തമാക്കി. കൊടുവള്ളി ഗ്രാമപഞ്ചായത്ത് മുൻ അംഗവും സേവ് കൊടുവള്ളി ചെയർമാനുമായ സി.പി. ഫൈസലാണ് പിതാവ്. മാതാവ് ജസീല ഫൈസൽ കൊടുവള്ളി ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

