പെരുമാറ്റച്ചട്ട ലംഘനം; കോർപറേഷൻ പ്രോഗ്രസ് റിപ്പോർട്ട് വിതരണം നിർത്തിവെക്കണമെന്ന് കലക്ടർ
text_fieldsതിളക്കം കൈപ്പുസ്തകം
കോഴിക്കോട്: കോർപറേഷൻ ഭരണസമിതിയുടെ വികസ നേട്ടങ്ങൾ വിവരിച്ച് തിളക്കം എന്ന പേരിൽ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിന്‍റെ പ്രിന്‍റിങ്ങും വിതരണവും നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർ കോർപറേഷൻ സെക്രട്ടറിക്ക് നോട്ടീസ് നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി എൽ.ഡി.എഫ് കേന്ദ്രങ്ങളിൽനിന്ന് തിളക്കം വ്യാപകമായി വിതരണം ചെയ്യുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ കലക്ടറുടെ ഇടപെടൽ.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വികസന നേട്ടങ്ങൽ നിരത്തി പ്രോഗ്രസ് റിപ്പോർട്ട് അടിച്ച് വിതരണം ചെയ്യുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തിൽ കോർപറേഷൻ സെക്രട്ടറിയോട് കലക്ടർ വിശദീകരണം തേടി. സെക്രട്ടറി ശനിയാഴ്ച റിപ്പോർട്ട് സമർപ്പിക്കും. ഇതു തുടർനടപടിക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കൈമാറുമെന്നും കലക്ടറേറ്റ് വൃത്തങ്ങൾ അറിയിച്ചു.
2020-25 വർഷത്തെ കോർപറേഷൻ ഭരണത്തിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് തിളക്കം എന്ന പേരിൽ 78 പേജുകളിൽ വർണചിത്രങ്ങളോടെ പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ പ്രിന്‍റ് ചെയ്‌ത പ്രസിെന്‍റ പേരോ, അച്ചടിച്ച കോപ്പികളുടെ എണ്ണമോ വ്യക്തമാക്കുന്നില്ല. കോർപറേഷനിലെ ഏതു വകുപ്പിന്‍റെ മേൽനോട്ടത്തിലാണ് പ്രിൻറ് ചെയ്തത് എന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി.
ഇത് ഗുരുതര ചട്ടലംഘനമാണ്. പ്രതിപക്ഷനേതാവും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായി കെ.സി. ശോഭിത, പ്രതിപക്ഷ ഉപ നേതാവ് കെ. മൊയ്തീൻ കോയ എന്നിവരുടെ പരാതിയെത്തുടർന്നാണ് നടപടി. എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്ന് ഇത് വ്യാപകമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും രണ്ടു ലക്ഷത്തോളം കോപ്പി പ്രിന്‍റ് ചെയ്‌തതായി സംശയിക്കുന്നുണ്ടെന്നും ഇവർ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

