'കോക്കോ റോയൽ' വെളിച്ചെണ്ണ വിപണിയിലിറക്കി
text_fieldsകോഴിക്കോട്: സംസ്ഥാന നാളികേര വികസന കോർപറേഷൻ പുതിയ സാങ്കേതിക വിദ്യയിൽ വികസിപ്പിച്ച 'കോക്കോ റോയൽ' വെളിച്ചെണ്ണ റവന്യൂ മന്ത്രി കെ. രാജൻ വിപണിയിലിറക്കി. പുതിയ ഉൽപന്നം പുറത്തിറക്കിയതിലൂടെ വിപണിയിലേക്ക് നാളികേര ബോർഡിന്റെ ഉൽപന്നം എത്തിക്കുകയാണെന്ന് മന്ത്രി പ്രഖ്യാപിച്ചു. കർഷകരുടെ പുരോഗതിക്ക് ഉൽപന്നങ്ങളുടെ വൈവിധ്യവത്കരണത്തിന് സർക്കാർ ഊന്നൽ നൽകുന്നതിന്റെ ഭാഗമാണ് പദ്ധതി. കർഷകർക്ക് താങ്ങുവില നൽകുന്നതുകൊണ്ട് മാത്രം പ്രതിസന്ധികൾ പരിഹരിക്കാനാവില്ല. ജീവിതശൈലീരോഗങ്ങളിൽനിന്ന് മുക്തി നേടുന്നതിൽ ഭക്ഷണത്തിനും വലിയ പങ്കുണ്ട്. സർക്കാർ പുറത്തിറക്കുന്ന വെളിച്ചെണ്ണ ആരോഗ്യം ഉറപ്പു നൽകുന്നതാണ്. യെൻ ഫോർ ട്രേഡിങ് ചെയർമാൻ കെ.സി. കുഞ്ഞമ്മദ് കുട്ടി ഉൽപന്നം ഏറ്റുവാങ്ങി.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. 'യെൻ ഫോർ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കോക്കോ റോയൽ വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നത്. കോക്കോ റോയൽ റോസ്റ്റഡ്, ഡബ്ൾ ഫിൽട്ടേഡ് വെളിച്ചെണ്ണ ലോറിക് ആസിഡിനാൽ സമ്പുഷ്ടമാണ് എന്ന് നാളികേര വികസന കോർപറേഷൻ അറിയിച്ചു. ഇതുവരെ കേരളത്തിൽ മാത്രമായിരുന്നു നാളികേര ബോർഡിന്റെ വെളിച്ചെണ്ണ ലഭിച്ചിരുന്നത്. ഇനി സംസ്ഥാനത്തിന് പുറത്തും വിദേശരാജ്യങ്ങളിലും ബോർഡിന്റെ ഉൽപന്നം ലഭിക്കും. യെൻ ഫോർ എം.ഡി മുഹമ്മദ് നജാദ് ആദ്യ ഇൻവോയ്സ് തുക കൈമാറി. ടി.വി ബാലൻ ചടങ്ങിൽ സംബന്ധിച്ചു. നാളികേര വികസന കോർപറേഷൻ ചെയർമാൻ എം. നാരായണൻ സ്വാഗതവും എം.ഡി എ.കെ. സിദ്ധാർഥൻ നന്ദിയും പറഞ്ഞു.