പഴയങ്ങാടിയിൽ കലാശക്കൊട്ടിനിടെ സംഘർഷം; ഗ്രേഡ് എസ്.ഐക്കും സ്ഥാനാർഥിക്കും പരിക്ക്
text_fieldsപഴയങ്ങാടിയിൽ കൊട്ടിക്കലാശത്തിനിടെയുണ്ടായ സംഘർഷം
പഴയങ്ങാടി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ പഴയങ്ങാടിയിൽ സംഘർഷം. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് പഴയങ്ങാടി പഴയ ബസ്റ്റാന്റിനടുത്ത് യു.ഡി.എഫ്, എൽ.ഡി.എഫ്. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.
സംഭവത്തിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മാടായി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥിയും കെ.എസ്.യു കണ്ണൂർ ജില്ല സെക്രട്ടറിയുമായ സി.എച്ച്. മുബാസ് (24), യു.ഡി.എഫ്. പ്രവർത്തകരായ അബൂബക്കർ (20), സാബിർ മുഹമ്മദലി (18) എന്നിവർക്ക് പരിക്കേറ്റു. ഇവർ പുതിയങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മുബാസിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിനിടയിലുണ്ടായ കല്ലേറിൽ പഴയങ്ങാടി പൊലീസ് ഗ്രേഡ് എസ്.ഐ, എ.ജി. അബ്ദുൽ റഊഫിന്റെ (50) കൈക്ക് പരിക്കേറ്റു. ഇദ്ദേഹം പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കൊടികൾ കെട്ടിയിരുന്ന വടികളും, ബോർഡുകളും കൊണ്ടടിച്ചും ചെരുപ്പുകളും കല്ലുമടക്കം വലിച്ചെറിഞ്ഞും വാഹനങ്ങളിൽ കയറിയിടിച്ചും സംഘർഷത്തിൽ അരമണിക്കൂറോളം നാടിനെ മുൾമുനയിൽ നിർത്തിയായിരുന്നു ഇരുവിഭാഗവും കൊട്ടിക്കലാശം അവസാനിപ്പിച്ചത്.
വൈകീട്ട് 5.15 ഓടെ തന്നെ കൊട്ടിക്കലാശത്തിന്റെ മുന്നോടിയായി ഇരുമുന്നണികളുടെയും വാഹനങ്ങൾ ടൗണിലെത്തിയിരുന്നു . കെ.എസ്.ടി.പി റോഡിന്റെ വടക്ക് ഭാഗത്ത് എൽ.ഡി.എഫും പ്രവർത്തകർക്കും തെക്ക് ഭാഗം യു.ഡി.എഫ് പ്രവർത്തകർക്കുമായിരുന്നു പൊലിസ് അനുമതി ഉണ്ടായിരുന്നത്. ഇതിനിടെ, ഇരുവിഭാഗത്തിനുമിടയിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു.
പയ്യന്നൂർ ഡി.വൈ.എസ്.പി. കെ. വിനോദ് കുമാർ സ്ഥലത്തെത്തി സംഘർഷ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. ഇരു വിഭാഗങ്ങളുടെയും നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ മാറ്റിയതോടെയാണ് സംഘർഷം നിയന്ത്രണ വിധയമായത്. കൊട്ടിക്കലാശം കാണുന്നതിന് റോഡിനിരുവശവും ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

