മാവൂർ റോഡ് ശ്മശാനത്തിന്റെ പുകക്കുഴൽ ഒടിഞ്ഞുവീണു
text_fieldsമാവൂർ റോഡ് ശ്മശാനത്തിന്റെ ഒടിഞ്ഞുവീണ പുകക്കുഴൽ
കോഴിക്കോട്: നവീകരണം നടന്നുകൊണ്ടിരിക്കുന്ന മാവൂർ റോഡ് ശ്മശാനത്തിന്റെ കെട്ടിടത്തിനു മുകളിലേക്ക് പഴയ പുകക്കുഴൽ ഒടിഞ്ഞുവീണു. 22 വർഷം മുമ്പ് സ്ഥാപിച്ച വൈദ്യുതി ശ്മശാനത്തിന്റെ ദ്രവിച്ചുപഴകിയ ഇരുമ്പുകുഴലാണ് മധ്യഭാഗം ഒടിഞ്ഞുവീണത്. കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലുമാണ് കൂറ്റൻ കുഴൽ വീണത്. വീഴ്ചയിൽ നവീകരിച്ച കെട്ടിടത്തിന്റെ ഒരുഭാഗത്തെ ഓടുകൾ പൊട്ടിത്തകർന്നു.
നാലു വർഷം മുമ്പ് നവീകരണത്തിനടച്ച പരമ്പരാഗത ശ്മശാനമുൾപ്പെടെ ആഗസ്റ്റിൽ തുറന്നുകൊടുക്കാനിരിക്കെയാണ് പുകക്കുഴൽ വീണത്. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ ശ്മശാനമായി മാവൂർ റോഡ് ശ്മശാനം ആഗസ്റ്റിനുള്ളിൽ തുറക്കുമെന്ന് കഴിഞ്ഞ ദിവസം ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞിരുന്നു.
സിവിൽ വർക്കിൽ 90 ശതമാനം ജോലി പൂർത്തിയാക്കിക്കഴിഞ്ഞിരിക്കെയാണ് പുകക്കുഴൽ വീണത്. ഇതുമൂലം ശ്മശാനം തുറന്നുകൊടുക്കുന്നത് വീണ്ടും വൈകുമെന്നാണ് ആശങ്ക.
അതേസമയം, പുകക്കുഴൽ വീണത് തുറന്നുകൊടുക്കുന്നത് വൈകാൻ ഇടയാക്കില്ലെന്നും ആഗസ്റ്റിൽതന്നെ തുറന്നുകൊടുക്കുമെന്നും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ പറഞ്ഞു. വാതക ശ്മശാനത്തിൽ വാതകം ചോർന്ന് തീ പിടിച്ചിരുന്നു. ഇതിനുശേഷം നന്നാക്കിയിരുന്നെങ്കിലും തറഭാഗം തകർന്നതിനാൽ വെള്ളം കയറി വീണ്ടും പ്രവർത്തന രഹിതമായി മുടങ്ങുകയായിരുന്നു.
ഇതോടെയാണ് വാതക ശ്മശാനവും അടച്ചത്. ആറ് ഗ്യാസ് ശ്മശാനം, വൈദ്യുതി ശ്മശാനം, പരമ്പരാഗത ശ്മശാനം എന്നിവയാണുണ്ടാവുക. എ .പ്രദീപ് കുമാർ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി ആരംഭിച്ചത്. തുടർന്ന് നാലു കോടി രൂപയിലേറെ കോർപറേഷൻ ചെലവിട്ട് പ്രവൃത്തി വികസിപ്പിക്കുകയായിരുന്നു. പഴയ വൈദ്യുതി ശ്മശാനത്തിനു പകരം പുതിയത് സ്ഥാപിക്കുന്ന പ്രവൃത്തിയും 75 ശതമാനം തീർന്നിട്ടുണ്ട്.
ഒരു നൂറ്റാണ്ട് പഴക്കമുള്ള മാവൂർറോഡ് ശ്മശാനം തുറന്നുകൊടുക്കാത്തതിനാൽ ശവസംസ്കാരത്തിന് കോർപറേഷൻ പരിധിയിലെ ജനങ്ങൾ പ്രയാസപ്പെടുന്നുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിയാണ് നിർമാണ പ്രവൃത്തി.
നവീകരണത്തിന്റെ ഭാഗമായി മൂന്ന് തരം അടുപ്പുകൾ കൂടാതെ പ്രാർഥന ഹാൾ, ചടങ്ങുകൾ നടത്താനുള്ള ഇടം എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്. ശ്മശാനത്തിൽ ചിമ്മിനിയിലേക്ക് പുക എത്തിക്കാൻ സംവിധാനമൊരുക്കാനുള്ള കരാറിന് 5.46 ലക്ഷം രൂപ അനുവദിക്കാൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

