കേരളത്തിന് ഇനി കോഴിക്കോട്ടുകാരൻ ചീഫ് സെക്രട്ടറി
text_fieldsഡോ. വി. വേണു
കോഴിക്കോട്: നഗരജീവിതത്തിൽ സ്ഥിരം സാന്നിധ്യമായിരുന്ന ഡോ. വി. വേണു ഇനി സംസ്ഥാന ചീഫ് സെക്രട്ടറി. നടക്കാവിലാണ് അദ്ദേഹം ജനിച്ചുവളർന്നത്.
ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലും മലബാർ ക്രിസ്ത്യൻ കോളജിലും പഠിച്ച അദ്ദേഹം പഠനകാലത്തുതന്നെ പല നിലയിലും ശ്രദ്ധ നേടിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ പഠനശേഷം മുക്കത്ത് സ്വന്തമായി ക്ലിനിക് നടത്തി. തുടർന്നാണ് സിവിൽ സർവിസ് നേടിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാർഥിയായിരിക്കെ ഇടപ്പള്ളി സ്വദേശിയായ സമദ് ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട പ്രക്ഷോഭം നയിച്ചവരിൽ ഒരാളാണ്. മെഡിക്കൽ കോളജിൽ പഠിക്കവേ മെഡിക്കോസ് ആർട്ട് ഫെസ്റ്റിലും മുൻപന്തിയിലുണ്ടായിരുന്നു.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ആലപ്പുഴ പൂന്തുറ വാസുദേവപ്പണിക്കരുടെയും കോഴിക്കോട് മെഡിക്കൽ കോളജിലെ സ്ത്രീരോഗ വിഭാഗത്തിലെ ഡോ. പി.ടി. രാജമ്മയുടെയും മകനായ അദ്ദേഹത്തിന്റെ പഠനവും ആദ്യ പ്രവർത്തനമേഖലയും കോഴിക്കോട്ടാണ്. ഡോ. എം.കെ. മുനീറടക്കം നഗരത്തിലെ വലിയ സൗഹൃദമുള്ളയാളാണ്.
നാടക കലാകാരന്മാർ ഏറെയുള്ള കോഴിക്കോട്ട് നാടക അരങ്ങുകളിലും സജീവമായി. മലയാളത്തിൽ ഒപ്പിടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. തൃശൂർ അസിസ്റ്റന്റ് കലക്ടറായായിരുന്നു ആദ്യ നിയമനം. ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പിന്റെ അധികച്ചുമതല, കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ) മാനേജിങ് ഡയറക്ടർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, എക്സൈസ് കമീഷണർ, ഭക്ഷ്യ-സിവിൽ സപ്ലൈസ് സെക്രട്ടറി, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൽ ജോയന്റ് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഭാര്യയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

