ജീവൻ നൽകിയ ചെറുവാടിയും പുതിയോത്ത് പള്ളിയും
text_fieldsപുതിയോത്ത് ജുമാമസ്ജിദ്
കൊടിയത്തൂർ: സ്വാതന്ത്ര്യത്തിനായി ജീവൻ കൊടുത്ത ചെറുവാടിയും അവിടത്തെ പുതിയോത്ത് പള്ളിയും എക്കാലവും ഓർമിക്കപ്പെടും. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടന്ന മലബാറിലെ ഖിലാഫത്ത് പോരാട്ടങ്ങളിൽ ഏറനാട്, വള്ളുവനാട് താലൂക്കുകൾക്കപ്പുറത്ത് ഒരു ദിവസം നടന്ന യുദ്ധങ്ങളിൽ ഏറ്റവും കൂടുതൽ ജീവഹാനി സംഭവിച്ചത് ചെറുവാടിയിലാണ്.
1921 നവംബർ 12ന് ചെറുവാടിയിൽ നടന്ന ഖിലാഫത്ത് പോരാട്ടത്തിൽ 64 പേർ രക്തസാക്ഷിത്വം വരിച്ചിട്ട് നൂറ്റാണ്ട് പൂർത്തിയായി. കൊടിയത്തൂർ അംശം അധികാരി കട്ടയാട് ഉണ്ണിമോയീൻകുട്ടി സ്ഥാനം ഉപേക്ഷിച്ച്, വില്ലേജ് രേഖകള്‍ ചുട്ടുകരിച്ചാണ് സമര നായകനായി രംഗത്തെത്തിയത്. ചെറുവാടിയിൽ അധികാരിയും സംഘവും ഖിലാഫത്ത് പ്രസ്ഥാനത്തിൽ ചേർന്ന് പടയൊരുക്കുന്ന വിവരം നവംബർ അഞ്ചിന് മുമ്പുതന്നെ ബ്രിട്ടീഷ് സൈന്യത്തിന് ലഭിച്ചിരുന്നു. സൈന്യം ചെറുവാടി പുതിയോത്ത് പള്ളി ലക്ഷ്യംവെച്ചു പുറപ്പെട്ടു. അന്നത്തെ പകൽ പട്ടാളം ചെറുവാടിയിലെത്തിയപ്പോൾ അധികാരി കാഞ്ചി വലിച്ചു.
സംഘത്തിലെ ക്യാപ്റ്റൻ മാർഷലിന്റെ നെഞ്ചിൽ വെടിയുണ്ട തുളച്ചുകയറി. നിരവധി പട്ടാളക്കാർക്ക് പരിക്കേറ്റെങ്കിലും വീണ്ടും സൈന്യം പള്ളിയിലേക്ക് ഇരച്ചുകയറി. മെഷിൻഗണ്ണുകൾ നിരത്തി വെടിയുതിർത്തു. പോരാളികൾ അവരോട് ചെറുത്തുനിന്നെങ്കിലും ബ്രിട്ടീഷ് സൈന്യത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാകാതെ അധികാരി ഉൾപ്പെടെ പലരും മരിച്ചുവീണു. ചെറുവാടിയിൽ മരിച്ചത് 56, 59 എന്നിങ്ങനെയാണ് ബ്രിട്ടീഷ് രേഖകളിലുള്ളത്. എന്നാൽ, 64 പേർ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. വെടിയേറ്റ മൃതശരീരങ്ങള്‍ കൊണ്ടുപോകാന്‍ നവംബര്‍ 13ന് രാവിലെ നിരവധി യന്ത്രബോട്ടുകള്‍ ഒരുക്കിയെങ്കിലും ചെറുവാടിക്കാരായ യുവാക്കള്‍ പട്ടാളം വരും മുമ്പ് ധിറുതിയിൽ കൂട്ടത്തോടെ സംസ്കരിക്കുകയായിരുന്നു. പലയിടത്തും നേതൃത്വമില്ലാതായപ്പോഴും ചെറുവാടി ഒറ്റക്കെട്ടായിരുന്നു. 1921 നവംബർ 18ന് അലഹബാദിൽനിന്ന് പുറത്തിറങ്ങിയ 'ദ പയനിയർ മെയിൽ' എന്ന ഇംഗ്ലീഷ് പത്രത്തിൽ ചെറുവാടി വെടിവെപ്പ് സംഭവം റിപ്പോർട്ട് ചെയ്തതിൽ മരണപ്പെട്ടത് 56 പേരാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ചെറുവാടി ഖിലാഫത്ത് പോരാട്ടത്തിന്റെ 100 ആണ്ടുകൾ പിന്നിട്ടിട്ടും ഇതുവരെ ഒരു സ്മാരകം ഉയർന്നിരുന്നില്ല. ചെറുവാടി പുതിയോത്ത് മഹല്ല് കമ്മിറ്റി മുൻകൈയെടുത്ത് ഖിലാഫത്ത് പോരാട്ടത്തിൽ രക്തസാക്ഷികളായവരുടെ ഓർമക്കായി സ്മാരക സാംസ്‌കാരിക നിലയത്തിന് തറക്കല്ലിട്ടിട്ടുണ്ട്. ചെറുവാടിയിലെ കൊടിയത്തൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് ഖിലാഫത്ത് സ്മാരക സ്റ്റേഡിയമെന്ന് നാമകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ സോളിഡാരിറ്റി ജില്ല ഘടകം രക്തസാക്ഷികളുടെ പേരുകളുള്ള ഫലകവും സ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

