ചേലാവില്ല ചേക്കാട്-വില്യാപ്പള്ളി റോഡ്
text_fieldsrepresentational image
നാദാപുരം: സ്ഥലം വിട്ടുനൽകാനുള്ള നടപടികൾ പൂർത്തിയായില്ല. ചേലക്കാട്-വില്യാപ്പള്ളി-വടകര ബൈപാസ് റോഡ് നിർമാണം അനിശ്ചിതത്വത്തിൽ. 50 കോടിയോളം രൂപ പദ്ധതിക്കായി കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികൾ എങ്ങുമെത്താതെ പദ്ധതി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണിപ്പോൾ. വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലത്തിലെ ഒരു മുനിസിപ്പാലിറ്റിയും അഞ്ചു പഞ്ചായത്തുകളുടെയും പ്രധാന ഭാഗങ്ങളിലൂടെയാണ് റോഡ് കടന്നു പോകുന്നത്.
നിലവിലെ കുറ്റ്യാടി-വടകര സംസ്ഥാനപാതയേക്കാൾ അഞ്ചു കിലോമീറ്ററോളം ദൂരക്കുറവും ദേശീയ പാതയിലെ ഗതാഗതക്കുരുക്കും ഒഴിവാക്കി വടകരയിൽ എത്താനുള്ള ഏറ്റവും എളുപ്പവഴിയായിട്ടാണ് ഈ റോഡിനെ നാട്ടുകാർ കാണുന്നത്. എന്നാൽ, ചില കേന്ദ്രങ്ങളിൽ കർമസമിതിയുടെ പേരിൽ ഉയർന്നുവന്ന പ്രതിഷേധസമരങ്ങളും കോടതി നടപടികളുമാണ് റോഡ് നിർമാണത്തിന് തടസ്സമായിരിക്കുന്നത്.
സ്ഥലം ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ മതിയായ നഷ്ടപരിഹാരം നൽകണം എന്നാണ് കർമസമിതിയുടെ ആവശ്യം. ഈയൊരു കാര്യത്തിൽ ധാരണയിലെത്താൻ അധികൃതർക്കോ സമരസമിതിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. പല പഞ്ചായത്തുകളിലും ഭൂമി ഏറ്റെടുക്കൽ നടപടിയും ഇതുവരെ പൂർത്തിയായിട്ടില്ല.
സ്ഥലം പൂർണമായി വിട്ടുകിട്ടിയാൽ മാത്രമേ വടകര- വില്യാപ്പള്ളി- ചേലക്കാട് റോഡ് പ്രവൃത്തി നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ എന്നാണ് കിഫ്ബി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. കെ.എം. എബ്രഹാം ഐ.എ.എസ് തിരുവനന്തപുരത്ത് നടന്ന അവലോകന യോഗത്തിൽ അറിയിച്ചത്.
വടകര- വില്യാപ്പള്ളി- ചേലക്കാട് റോഡ് പ്രവൃത്തിക്ക് നിലവിൽ നിർമാണാനുമതി ലഭിച്ചിട്ടുള്ളതിനാൽ പ്രവൃത്തി നടപ്പിലാക്കുന്നതിന് എല്ലാ ഭൂവുടമകളും സഹകരണം ബന്ധപ്പെട്ടവർ വീണ്ടും ആവശ്യപ്പെട്ടു. ഭൂമി വിട്ടുകിട്ടാത്തത് കാരണം പദ്ധതി നഷ്ടപ്പെട്ടാൽ വീണ്ടും അനുമതി ലഭിക്കാൻ സാധ്യത വളരെ കുറവാണെന്നും ഇവർ പറഞ്ഞു.
മറ്റു പല റോഡുകളും ഉന്നത നിലവാരത്തിലേക്ക് ഉയരുമ്പോൾ, മതിയായ ഫണ്ട് അനുവദിച്ചിട്ടും ഈയൊരു പ്രധാനപ്പെട്ട റോഡ് നിലവിലെ അവസ്ഥയിൽ നിൽക്കുന്നത് നാട്ടുകാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്.
പ്രവൃത്തിയുടെ ഭാഗമായി പൊളിച്ചുമാറ്റുന്ന മതിലുകളും കടമുറിയുടെ ഭാഗങ്ങളും പുനരുപയോഗിക്കാൻ തരത്തിൽ നിർമിക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതാണ്. എല്ലാ ഉടമകളും ഭൂമി വിട്ടുനൽകിയാൽ ഈ വർഷംതന്നെ പ്രവൃത്തി ആരംഭിക്കാൻ സാധിക്കും.
ഇതോടൊപ്പം ഫണ്ട് അനുവദിച്ച കുറ്റ്യാടി ബൈപാസ് പ്രവൃത്തിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി ആഗസ്റ്റ് മാസത്തിൽതന്നെ ടെൻഡർ നടപടികളിലേക്ക് നീങ്ങും. മറ്റൊരു പദ്ധതിയായ കുട്ടോത്ത് അട്ടക്കുണ്ട് റോഡ് പ്രവൃത്തിയുടെ ഭൂമിയേറ്റെടുക്കൽ അടുത്ത നാലു മാസക്കാലം കൊണ്ട് പൂർത്തിയാവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

