തലയെടുപ്പോടെ ചാലിയം ഓഷ്യാനസ്
text_fieldsചാലിയം ഓഷ്യാനസ് വിനോദ സഞ്ചാര കേന്ദ്രം
ഫറോക്ക്: ടൂറിസം വകുപ്പ് ബേപ്പൂർ മണ്ഡലത്തിൽ ചാലിയത്ത് നടപ്പാക്കിയ ‘ഓഷ്യാനസ്’ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് നിരവധി പേരാണ് ദിനംപ്രതി എത്തിച്ചേരുന്നത്. വൈകുന്നേരങ്ങളിലെ ഒഴിവുസമയങ്ങൾ കുടുംബസമേതമെത്തി ചെലവഴിക്കാനും മറ്റുമായി ദൂരദിക്കുകളിൽനിന്നുപോലും സഞ്ചാരികൾ ഓഷ്യാനസിലേക്ക് ഒഴുകുകയാണ്. ബേപ്പൂർ മണ്ഡലത്തിന്റെ ഓരോ ചലനവുമറിയുന്ന അഡ്വ.പി.എ. മുഹമ്മദ് റിയാസിന്റെ താൽപര്യത്തിൽനിന്നാണ് ‘ഓഷ്യാനസ്’ പിറവി കൊണ്ടത്. രാജ്യാന്തര നിലവാരത്തിൽ ടൂറിസ്റ്റുകളെ വരവേൽക്കാനായി കടൽതീരത്ത് സ്ഥാപിച്ച ഓഷ്യാനസിന്റെ നിർമാണ ചെലവ് 9.53 കോടിയാണ്.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി ചാലിയം ബീച്ചിനെ മാറ്റുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ബാംബൂ കിയോസ്കുകൾ, ബാംബൂ റസ്റ്ററന്റ്, ഓവർഹെഡ് വാട്ടർ ടാങ്ക്, കണ്ടെയ്നർ ശുചിമുറി ബ്ലോക്കുകൾ, ബീച്ച് അംബ്രല്ല, വാച്ച് ടവർ തുടങ്ങിയ സൗകര്യങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ചാലിയാറിന്റെയും അറബിക്കടലിന്റെ സംഗമസ്ഥാനത്ത് തീരത്തോട് ചേർന്ന് കടലിലേക്ക് നിർമിച്ച 1.25 കി.മീറ്റർ നീളത്തിലുള്ള പുലിമുട്ട് ഓഷ്യാനസിന്റെ ഭംഗി ഇരട്ടിയാക്കുന്നു. വാട്ടര്‍ സ്‌പോര്‍ട്‌സിനും സാഹസിക ടൂറിസത്തിനും ഏറെ അനുയോജ്യമായ പ്രദേശമാണ് ചാലിയം. തദ്ദേശ വാസികളുടെയും മത്സ്യതൊഴിലാളികളുടെയും ജീവിത സാഹചര്യം മാറ്റുന്ന തരത്തിലുള്ള ഉത്തരവാദിത്ത ടൂറിസമാണ് ഓഷ്യാനസിന്റെ പിറവിയിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. അന്താരാഷ്ട്ര മാതൃകാ ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി ബേപ്പൂരിനെ പ്രഖ്യാപിച്ചതിനു പിന്നിൽ പ്രധാനമായും ഓഷ്യാനസിന്റെ പിറവിയാണ്. രാജ്യത്തെ ഏറ്റവും മികച്ച വില്ലേജ് ടൂറിസം പദ്ധതിയിലും ലോക ടൂറിസം ഭൂപടത്തിലും ബേപ്പൂർ ഇടം പിടിച്ചു.
ഇടതൂർന്നു നിൽക്കുന്ന കണ്ടൽകാടുകളിൽ തമ്പടിക്കാൻ ആയിരക്കണക്കിനു കിലോമീറ്ററുകൾ ദൂരംതാണ്ടി വിരുന്നിനെത്തുന്ന ദേശാടനകിളികളുടെ പറുദീസയായ കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലെ പനയമാടും ടൂറിസം ഭൂപടത്തിൽ പ്രത്യേക ഇടം പിടിച്ചുകഴിഞ്ഞു. 154 ഹെക്ടറിൽ പരന്നുകിടക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിറ്റി റിസർവായ കടലുണ്ടിയിലെ 30 ഹെക്ടർ ഭൂമിയിൽ പോഷക സമ്പുഷ്ടമായ 12 ഇനം കണ്ടലുകളാണ് തഴച്ചുവളരുന്നത്. ഹോർത്തൂസ് മലബാറിക്കസ് സസ്യ ഉദ്യാനം, അതിപുരാതനമായ മാലിക് ദിനാർ പള്ളി, പോർച്ചുഗീസ് കോട്ട എന്നിങ്ങനെ ഒട്ടേറെ കാഴ്ചകളാണ് സഞ്ചാരികളെ കടലുണ്ടിയിലേക്ക് ആകർഷിക്കുന്നത്. കൈത്തെറി, കയർ വ്യവസായം എന്നിവയെ സംയോജിപ്പിച്ച് ഉത്തരവാദിത്ത ടൂറിസം മിഷൻ വില്ലേജ് ലൈഫ് എക്സ്പീരിയൻസിന്റെ വില്ലേജ് സ്ട്രീറ്റ് പദ്ധതിയിൽ കടലുണ്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് കടലുണ്ടിയെപറ്റി പഠിക്കാൻ നിരവധി പേർ കടലുണ്ടിയും പരിസരങ്ങളും സന്ദർശിച്ചിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ടൂറിസം മേഖലയിൽ ബേപ്പൂർ മണ്ഡലം വൻ കുതിച്ചുചാട്ടമാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

