ചാലിയാർ വള്ളംകളി: ഗതാഗതം തടസ്സപ്പെട്ടത് അഞ്ച് മണിക്കൂർ
text_fieldsഫറോക്ക് അങ്ങാടിയിലെ ഗതാഗതക്കുരുക്ക്
ഫറോക്ക്: ചാലിയാറിലെ വള്ളംകളി മത്സരത്തിന് പഴുതടച്ച സുരക്ഷ ഏർപ്പെടുത്തിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. പൊലീസ്, കോസ്റ്റ് ഗാർഡ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാർ, സിവിൽ ഡിഫൻസ് വളന്റിയർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ആംബുലൻസ്, അഗ്നിശമന സേന, ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് അംഗങ്ങൾ, ജനമൈത്രി പൊലീസ് വളന്റിയർ തുടങ്ങിയവർ ചേർന്നാണ് സുരക്ഷ ഒരുക്കിയത്. ഉന്നത ഉദ്യോഗസ്ഥരടക്കം നൂറുകണക്കിന് പൊലീസുകാരാണ് ക്രമസമാധാന ചുമതലക്ക് നേതൃത്വം നൽകിയത്.
സുരക്ഷയുടെ ഭാഗമായി ഫറോക്ക് പഴയപാലം ശനിയാഴ്ച ഉച്ചക്ക് ശേഷം പൂർണമായും അടച്ചു. ഫറോക്ക് മേഖലയിൽ ഉച്ചമുതൽ രാത്രി എട്ട് വരെ ഗതാഗതം നിലച്ചു. പഴയപാലം അടച്ചതോടെ പുതിയ പാലത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇതേത്തുടർന്ന് കുണ്ടായി തോട്, ചെറുവണ്ണൂർ സ്രാമ്പ്യ, ചെറുവണ്ണൂർ ജങ്ഷൻ, പുതിയ പാലം ജങ്ഷൻ, പേട്ട, ചുങ്കം എന്നിവിടങ്ങളിലൊക്കെ ഗതാഗതക്കുരുക്ക് നേരിട്ടു.
കോഴിക്കോട്- മലപ്പുറം ജില്ലകളിൽ നിന്ന് നൂറുകണക്കിനാളുകൾ വള്ളംകളി കാണാനെത്തി. ഇവരുടെ വാഹനങ്ങൾ കൊണ്ട് ഫറോക്ക് അങ്ങാടി വീർപ്പുമുട്ടി. മത്സരത്തിന്റെ പ്രധാന പവിലിയനായ ഫറോക്ക് പഴയപാലത്തിനടുത്തേക്ക് പൊലീസ് വാഹനങ്ങളെ പ്രവേശിപ്പിച്ചില്ല.
ഇതോടെ പാലത്തിന് സമീപത്തെ കരുവൻ തിരുത്തി ജങ്ഷനും ഗതാഗതക്കുരുക്കിലകപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

