സെൻട്രൽ മാർക്കറ്റ് നവീകരണം; താൽക്കാലിക സംവിധാനം ഒരുക്കാൻ നടപടിയായി
text_fieldsകോഴിക്കോട് സെൻട്രൽ മാർക്കറ്റ്
കോഴിക്കോട്: മലബാറിലെ ആദ്യത്തെ മാർക്കറ്റുകളിലൊന്നായ സെൻട്രൽ മാർക്കറ്റ് നവീകരണത്തിന് തറക്കല്ലിടുന്നതിന് മുന്നോടിയായി കച്ചവടക്കാർക്ക് താൽക്കാലിക സംവിധാനമൊരുക്കാനുള്ള നടപടികൾ തുടങ്ങി. താൽക്കാലിക കച്ചവടം നടത്താനുള്ള സ്ഥലത്തിന്റെ നികുതി രേഖകൾ ശരിയായാൽ ഉടൻ സ്ഥല ഉടമകളുമായി കോർപറേഷൻ കരാറുണ്ടാക്കും.
ഇതോടെ മാർക്കറ്റ് നവീകരണം പെട്ടെന്ന് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. കോർപറേഷൻ അധികൃതർ കച്ചവടക്കാരടക്കമുള്ളവരുമായി ചർച്ചകൾ ഇതിനകം പൂർത്തിയായതാണ്. കെട്ടിടം പണിക്കുള്ള മണ്ണ് പരിശോധന കഴിഞ്ഞതാണ്. മൊത്തം 55.17 കോടി രൂപയിൽ നവീകരിക്കാനുള്ള പദ്ധതിക്കാണ് സർക്കാർ ഭരണാനുമതിയായത്. നേരത്തേ കോർപറേഷന്റെ 5.17 കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ 50 കോടിയും ഉപയോഗിച്ച് പണിയാനായി കോർപറേഷൻ തീരുമാനിച്ച കോർട്ട് റോഡിലെ കെട്ടിടമാണ് ഫിഷറീസ് ഫണ്ട് ഉപയോഗിച്ചുതന്നെ പണിയാൻ സർക്കാർ അനുമതിയായത്. കേന്ദ്ര സഹായത്തോടെ ആലപ്പുഴയിലും കോഴിക്കോട്ടുമാണ് മാർക്കറ്റ് ഉയരുന്നത്.
മാർച്ചിനകം പ്രവൃത്തി തുടങ്ങി രണ്ട് കൊല്ലത്തിനകം പൂർത്തിയാക്കേണ്ടതിനാൽ നടപടികൾ പെട്ടെന്നാക്കണമെന്നാണ് തീരുമാനം. നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുകയും കച്ചവടം അവിടെനിന്ന് മാറ്റുകയും വേണം. ബ്രിട്ടീഷ് ഭരണകാലത്തുണ്ടാക്കിയ കെട്ടിടം വർഷങ്ങൾക്ക് മുമ്പ് പൊളിച്ചാണ് ഇപ്പോഴുള്ള കെട്ടിടമുണ്ടാക്കിയത്.
1906 ൽ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ മത്സ്യമാർക്കറ്റിനായി സ്പേസ് ആർട്സ് തയാറാക്കിയ ഡി.പി.ആർ കോർപറേഷൻ നേരത്തേ അംഗീകരിച്ചിരുന്നു. ഹാളും കച്ചവടകേന്ദ്രവുമടങ്ങിയ രണ്ട് നിലയുള്ള കെട്ടിടത്തിൽ മത്സ്യലേലത്തിനും ചെറുകച്ചവടത്തിനുള്ള ഇടങ്ങളും ശീതീകരിച്ച മാർക്കറ്റും ഡോർമെറ്ററിയും വലിയ ഹാളുമുണ്ടാവും.
റിക്രിയേഷൻ ഹാൾ, മീൻ വിഭവങ്ങളുള്ള ഹോട്ടൽ, പാർക്കിങ് എന്നിവയെല്ലാമുണ്ട്. മീൻ മണമില്ലാത്ത വിധം മുഴുവൻ ശീതീകരിച്ച ഹാളിൽ ഇപ്പോൾ കച്ചവടം ചെയ്യുന്നവർക്കെല്ലാം സ്ഥലം നൽകും. മാർക്കറ്റിലെ കച്ചവടം റോഡിന് എതിർവശത്തെ സ്വകാര്യ സ്ഥലത്തേക്ക് മാറ്റുന്നതിനാണ് തീരുമാനം. ഇതിന് കോർപറേഷൻ കൗൺസിൽ അനുമതി നൽകിയിരുന്നു. താൽക്കാലിക കെട്ടിടത്തിൽ വാടക നിശ്ചയിക്കുന്നതിനായി സർവേ പൂർത്തിയായി. ഫിഷറീസ് വകുപ്പ് ഡി.പി.ആർ. അംഗീകരിച്ച ശേഷമാണ് മാർക്കറ്റ് പണിക്ക് സർക്കാർ ഭരണാനുമതി ലഭിച്ചത്. മാർക്കറ്റുമായി ബന്ധപ്പെട്ടുള്ള കച്ചവടക്കാരുടെ കമ്മറ്റി കൗൺസിലർ എസ്.കെ. അബൂബക്കർ അധ്യക്ഷനായി രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

