സെൻട്രൽ മാർക്കറ്റ് പുതുക്കിപ്പണിയൽ; തൊഴിലാളികളാരും പുറത്താകില്ലെന്ന് കോർപറേഷൻ
text_fieldsകോഴിക്കോട്: വലിയങ്ങാടി സെൻട്രൽ മാർക്കറ്റ് പുതുക്കിപ്പണിയുമ്പോൾ തൊഴിലാളികൾ ആരും പുറത്തുപോകേണ്ടി വരില്ലെന്നും നിർമാണവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നും ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് കോർപറേഷൻ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.
തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിച്ചു നിർമാണവുമായി മുന്നോട്ടുപോകും. തൊഴിലാളികളെ ആരെയും അകറ്റിനിർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലിൽ എം.സി. അനിൽകുമാറാണ് വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ചത്. മാർക്കറ്റിലെ തൊഴിലാളികൾക്ക് തിരിച്ചറിയിൽ കാർഡ് നൽകണമെന്ന ആവശ്യമുയർന്നിട്ടുണ്ടെന്ന് കൗൺസിലർ എസ്.കെ. അബൂബക്കർ ആവശ്യപ്പെട്ടു. പി.കെ. നാസർ, എൻ.സി. മോയിൻകുട്ടി, കെ.സി. ശോബിത, ടി. രനിഷ് എന്നിവർ സംസാരിച്ചു.
നഗരസഭ പരിധിയിൽ 51 റോഡുകൾ മഴയിൽ തകർന്ന് കുഴികൾ രൂപപ്പെട്ട് ശോച്യാവസ്ഥയിലാന്നെന്നും അറ്റകുറ്റപ്പണിക്ക് 6.5 കോടി രൂപ വേണ്ടിവരുമെന്നും സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചു. കുഴിയടക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എൻ.സി. മോയിൻകുട്ടിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മനാരി റോഡ് ബൈപാസിനെ വി.കെ. കൃഷ്ണ മേനോൻ റോഡുമായി ബന്ധിപ്പിക്കുന്ന നിലവിലെ മനാരി റോഡിന് മുൻ ഡെപ്യൂട്ടി മേയർ സൈതു മുഹമ്മദിന്റെ പേര് നൽകണമെന്ന അജണ്ട പ്രതിപക്ഷത്തെ 18 അംഗങ്ങളുടെ വിയോജിപ്പോടെ കൗൺസിൽ അംഗീകരിച്ചു. 88 അജണ്ടകളായിരുന്നു ബുധനാഴ്ച യോഗം പരിഗണിച്ചിരുന്നത്.
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ സുരക്ഷ പരിശോധിക്കും, വിദ്യാർഥിയുടെ ചികിത്സ ഉറപ്പാക്കും
മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്ന് പരിക്കേറ്റ വിദ്യാർഥിനിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് കോർപറേഷൻ കൗൺസിൽ. ബസ് കാത്തിരിപ്പ് കേന്ദ്രം പരിപാലിക്കുന്ന കരാർ കമ്പനി പ്രാഥമിക ചെലവു വഹിച്ചിട്ടുണ്ട്.
ശസ്ത്രക്രിയയും തുടർചികിത്സയും നടത്താനുള്ള സംവിധാനവും ഉറപ്പാക്കുമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബസ് കാത്തിരിപ്പ് കേന്ദ്രം പരിപാലിക്കേണ്ട കമ്പനിക്ക് നോട്ടീസ് അയക്കും. വിഷയത്തിൽ ആർ.ടി.ഒ, ട്രാഫിക്, പൊതുമരാമത്ത് വിഭാഗങ്ങളെ വിളിച്ച് യോഗം ചേരും.
യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോബിതയുടെയും വാർഡ് കൗൺസിലർ രമ്യസന്തോഷിന്റേയും ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പരസ്യം പ്രദർശിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും സ്വകാര്യ കമ്പനിക്കാണ് കരാർ നൽകിയത്.
എന്നാൽ, കൃത്യമായ പരിപാലനം നടന്നിട്ടില്ലെന്ന് മേയർ ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ ശോഭിത വ്യക്തമാക്കി. കാത്തിരിപ്പു കേന്ദ്രത്തിന്റെ നാലുതൂണുകളും ദ്രവിച്ച നിലയിലായിരുന്നുവെന്നും നടപടി സ്വീകരിക്കണമെന്നും ശോഭിത പറഞ്ഞു.
നിലവിൽ കോർപറേഷൻ പരിധിയിൽ 84 ബസ് കാത്തിരിപ്പുകേന്ദ്രങ്ങളാണ് പരിപാലത്തിനും പരസ്യം പ്രദർശിപ്പിക്കുന്നതിനുമായി സ്വകാര്യ കമ്പനികൾക്ക് കരാർ നൽകിയിട്ടുള്ളതെന്ന് ഡെപ്യൂട്ടി മേയർ വ്യക്തമാക്കി. ഇത്തരത്തിലുള്ള ബസ്കാത്തിരിപ്പുകേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആഗസ്റ്റ് അഞ്ചിന് മുമ്പ് പരിശോധന നടത്തുമെന്നും അദ്ദേഹം കൗൺസിൽ യോഗത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

