സി.ബി.എസ്.ഇ ജില്ലാ കലോത്സവം ഇന്ന് സമാപിക്കും
text_fieldsസി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിന്റെ നാലാം ഘട്ട മത്സരങ്ങൾ
അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ജില്ലയിലെ സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും മലബാർ സഹോദയ കോംപ്ലക്സും സംഘടിപ്പിക്കുന്ന ഈ വർഷത്തെ സ്കൂൾ കലാമേള ശനിയാഴ്ച സമാപിക്കും. സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ (507), സി.എം.ഐ ദേവഗിരി (496), ഭാരതീയ വിദ്യാ ഭവൻസ് പെരുന്തുരുത്തി (402), ഭാരതീയ വിദ്യാഭവൻ ചേവായൂർ (379), ജയ്റാണി പബ്ലിക് സ്കൂൾ ബാലുശ്ശേരി (279) എന്നിവരാണ് മുന്നിൽ.
അറുപത് സ്കൂളുകളിൽനിന്നായി ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ നാലായിരത്തോളം കുട്ടികൾ അഞ്ചു വിഭാഗങ്ങളിൽ 98 മത്സര ഇനങ്ങളിൽ മാറ്റുരക്കാനെത്തി.
സ്റ്റേജിതര പരിപാടികൾ ഒക്ടോബർ ആറിന് കുറ്റിക്കാട്ടൂർ ബീലൈൻ പബ്ലിക് സ്കൂളിലും രണ്ടാം ഘട്ടത്തിൽ ഒക്ടോബർ ഏഴിന് ഐടി ഫെസ്റ്റ് താമരശ്ശേരി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിലും മൂന്നാം ഘട്ടം പുതിയങ്ങാടി അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളിലും നടന്ന ശേഷം നാലാം ഘട്ട മത്സരങ്ങളുടെ സമാപനമാണ് ശനിയാഴ്ച. മൂവാറ്റുപുഴ വാഴക്കുളം സി.എം.ഐ കാർമൽ പബ്ലിക് സ്കൂളിലാണ് ഈ വർഷത്തെ സംസ്ഥാനതല മത്സരങ്ങൾ നടക്കുന്നത്.
കുന്ദമംഗലം ചെത്തുകടവ് കെ.പി. ചോയി മെമ്മോറിയൽ ശ്രീനാരായണ വിദ്യാലയത്തിൽ നാലാം ഘട്ട മത്സരങ്ങൾ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ബി.എസ്.ഇ മാനേജ്മെന്റ് അസോസിയേഷൻ ജില്ല സെക്രട്ടറി നിസാർ ഒളവണ്ണ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ എജുക്കേഷൻ സൊസൈറ്റി ഉപാധ്യക്ഷൻ പി. സുന്ദർദാസ് മുഖ്യപ്രഭാഷണം നടത്തി.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ, പി.ടി.എ പ്രസിഡന്റ് ജിതേഷ്, മലബാർ സഹോദയ ചീഫ് പാട്രൺ കെ.പി. ശക്കീല, ജില്ല ഭാരവാഹികളായ ടി.എം. സഫിയ, പി.സി. അബ്ദുറഹ്മാൻ, മൈമൂനത്ത് ബീവി എന്നിവർ സംസാരിച്ചു.
കെ.എച്ച്. ഹാഫിഷ്, ശാഹിറ ബാനു, സിസ്റ്റർ മെൽവിൻ, ബി.പി. സിന്ധു, ഡാർലി സാറ, റജിന എന്നിവർ സൂപ്പി നേതൃത്വം നൽകി. മലബാർ സഹോദയ പ്രസിഡന്റ് മോനി യോഹന്നാൻ സ്വാഗതവും ജനറൽ സെക്രട്ടറി യേശുദാസ് സി. ജോസഫ് നന്ദിയും പറഞ്ഞു.