കത്തിചൂണ്ടി മൊബൈലും പാസ്വേഡും വാങ്ങി അരലക്ഷം കവർന്ന കേസ്: ഒരാൾകൂടി അറസ്റ്റിൽ
text_fieldsമുഹമ്മദ് അനസ്
കോഴിക്കോട്: കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും അക്കൗണ്ടിന്റെ പാസ്വേഡും വാങ്ങി അരലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. അരക്കിണർ ചാക്കീരിക്കാട് സ്വദേശി മുഹമ്മദ് അനസിനെയാണ് (23) സിറ്റി ക്രൈം സ്ക്വാഡും കസബ പൊലീസും ചേർന്ന് പിടികൂടിയത്.
കേസിൽ ചാപ്പയിൽ തലനാർതൊടിക ഷഫീഖ് നിവാസിൽ അർഫാൻ (പുള്ളി -20), ചക്കുംകടവ് സ്വദേശി അജ്മൽ ബിലാൽ (ഗാന്ധി -21), അരക്കിണർ സ്വദേശി റഹീഷ് (പാളയം റയീസ് -30), മാത്തോട്ടം സ്വദേശി റോഷൻ അലി (മോട്ടി -25) എന്നിവർ നേരത്തെ പിടിയിലായിരുന്നു.
കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപത്തുനിന്ന് കത്തി കഴുത്തിൽവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മലപ്പുറം സ്വദേശിയിൽനിന്നും മൊബൈൽ ഫോണും ഗൂഗ്ൾ പേയുടെയും പേ.ടി.എമ്മിന്റെയും പാസ്വേഡും വാങ്ങി പണം തട്ടിയയെന്നാണ് കേസ്. ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കവർച്ച നടത്തിയ ഫോണും പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
കവർച്ചയിൽ പരാതി ലഭിച്ചതോടെ ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജു നഗരത്തിൽ രാത്രി കറങ്ങുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ സിറ്റി ക്രൈം സ്ക്വാഡിനെ ചുമതലപ്പെടുത്തി.
മാത്രമല്ല ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നിർദേശപ്രകാരം കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചും സമാന കുറ്റകൃത്യങ്ങളിൽ ജാമ്യത്തിലിറങ്ങിയ പ്രതികളെ കുറിച്ചും അന്വേഷണം നടത്തി. ഇതാണ് വഴിത്തിരിവായത്.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത്, എ. പ്രശാന്ത് കുമാർ, കസബ സബ് ഇൻസ്പെക്ടർ കെ.എം. റസാഖ്, സീനിയർ സി.പിഒമാരായ രജീഷ് നെരവത്ത്, സുധർമൻ, സി.പി.ഒമാരായ അനൂപ്, വിഷ്ണുപ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

