ഇസാഫ് ബാങ്കിൽനിന്ന് 40 ലക്ഷം തട്ടിയ കേസ്; പ്രതി കുഴിച്ചിട്ട 39 ലക്ഷം കണ്ടെടുത്തു
text_fieldsപന്തീരാങ്കാവ്: സ്വകാര്യ ബാങ്കിൽ പണയംവെച്ച സ്വർണം മാറ്റിവെക്കാൻ എന്ന പേരിൽ രാമനാട്ടുകര ഇസാഫ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം രൂപയുമായി യുവാവ് മുങ്ങിയ കേസിലെ മുഴുവൻ തുകയും പൊലീസ് കണ്ടെടുത്തു. പ്രതി പന്തീരാങ്കാവ് പള്ളിപ്പുറം സ്വദേശി ഷിബിൻ ലാലിന്റെ വീടിന്റെ അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് 39 ലക്ഷത്തോളം രൂപ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്.
ജൂൺ 11നാണ് ഇസാഫ് ബാങ്ക് ജീവനക്കാർ 40 ലക്ഷത്തോളം രൂപയുമായി പന്തീരാങ്കാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് മുന്നിലെത്തിയപ്പോൾ ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിപ്പറിച്ച് ഷിബിൻ ലാൽ മുങ്ങിയത്. ഇവിടെ പണയംവെച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റിവെക്കാൻ എന്ന പേരിലാണ് ഷിബിൻലാൽ ബാങ്കിനെ സമീപിച്ചത്. പണം കവർന്ന് രണ്ടാം നാൾ പാലക്കാട്ടുനിന്ന് തിരിച്ചുവരുമ്പോൾ പന്തീരാങ്കാവ് പൊലീസ് ഷിബിനെ പിടികൂടുകയായിരുന്നു.
എന്നാൽ, ഇയാളിൽനിന്ന് 55,000 രൂപ മാത്രമാണ് അന്ന് കണ്ടെടുക്കാനായത്. അത്ര തുക മാത്രമാണ് ബാഗിലുണ്ടായിരുന്നത് എന്നാണ് പ്രതി പറഞ്ഞത്. രണ്ടുതവണ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടും കൂടുതൽ തുക ഉണ്ടായിരുന്നില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഷിബിന്റെ ഭാര്യ കൃഷ്ണലേഖ, ബന്ധു ദിന രഞ്ജു എന്ന കുട്ടാപ്പി എന്നിവരെ പ്രതിയെ സഹായിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.
ഒന്നര കോടിയോളം രൂപ കടബാധ്യത ഉണ്ടായിരുന്നു ഷിബിന്. സ്വകാര്യ ബാങ്കിലുള്ള 80 ലക്ഷം കടബാധ്യത 35 ലക്ഷം നൽകിയാൽ ഒത്തുതീർക്കാനാവുമോ എന്ന് പ്രതിക്കുവേണ്ടി മറ്റാരോ അന്വേഷിച്ച വിവരം സിറ്റി പൊലീസ് കമീഷണർ ടി. നാരായണന് ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം മൂന്നാമതും ഷിബിൻ ലാലിനെ ചോദ്യം ചെയ്തപ്പോഴാണ് 39 ലക്ഷം രൂപ കുഴിച്ചിട്ടതായി കുറ്റസമ്മതം നടത്തിയത്. 55,000 രൂപ പ്രതി പിടിയിലാവുമ്പോൾ പൊലീസ് കണ്ടെടുത്തിരുന്നു. 45,000 രൂപ വീട്ടിലെ ചെലവുകൾക്കായി കുട്ടാപ്പിയെ ഏൽപിച്ചിരുന്നു.
ഫറോക്ക് എ.സി.പി എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിൽ പന്തീരാങ്കാവ് ഇൻസ്പെക്ടർ ഷാജു, എസ്.ഐ പ്രശാന്ത്, നിഖിൽ, നീതു, എ.സി.പി സ്ക്വാഡിലെ അംഗങ്ങളായ എസ്.ഐ സുജിത്, എ.എസ്.ഐ അരുൺകുമാർ മാത്തറ, ബിജു കുനിയിൽ, പ്രതീഷ്, ഐ.ടി. വിനോദ്, അനൂജ്, സനീഷ്, സുബീഷ്, അഖിൽ ബാബു, അഖിൽ ആനന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സൈബർ സെൽ ഉദ്യോഗസ്ഥരായ ലിനിത്, സനൽ എന്നിവരും അന്വേഷണത്തിൽ പങ്ക് വഹിച്ചു.
പരിശോധിച്ചത് 324 സി.സി.ടി.വി കാമറകൾ
പന്തീരാങ്കാവ്: പഴുതടച്ച അന്വേഷണത്തിൽ പൊലീസ് പരിശോധിച്ചത് 324 സി.സി.ടി.വി കാമറകളാണ്. 71 മൊബൈൽ ഫോണുകളുടെ വിവരങ്ങളും പരിശോധിച്ചു. ഷിബിൻ ലാൽ പണവുമായി രക്ഷപ്പെട്ടയുടൻ മൂന്ന് ഫോണുകളും ഓഫ് ചെയ്തിരുന്നു. പിന്നീട് മറ്റൊരു നമ്പർ ഉപയോഗിച്ചതായി പൊലീസിന് മനസ്സിലായി. ശാസ്ത്രീയ അന്വേഷണത്തിന്റെ ഫലമായാണ് പ്രതിയുടെ കുറ്റസമ്മതത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

