വ്യാജരേഖയുണ്ടാക്കിയെന്ന പരാതിയിൽ 13 പേർക്കെതിരെ കേസ്
text_fieldsകോഴിക്കോട്: പൊതു കിണറും വഴിയും സ്വകാര്യ വസ്തുക്കളാക്കി കാണിച്ച് വ്യാജ ആധാരമുണ്ടാക്കി വഞ്ചിച്ചെന്ന പരാതിയിൽ 13 പേർക്കെതിരെ കേസ്. നരിപ്പറ്റ കാനോത്ത് മീത്തൽ കെ.എം. മുഹമ്മദലി, ജാതിയേരി തയ്യുള്ളതിൽ ഫാത്തിമ റഹീസ, ഭൂമി വാതുക്കൽ ഹുസൈൻ പൊയിൽക്കണ്ടി, ജാതിയേരി തയ്യുള്ളതിൽ ഷഫീന, പന്നിയങ്കര ഓടക്കൽ ജമീല, തടമ്പാട്ട് താഴം പി.എം അപ്പാർട്സ്മെന്റിൽ ആമിന.കെ, കരുവിശ്ശേരി ഷഹനാസിൽ ഹാജറാബി.
ഒതയമംഗലം റോഡിൽ ആയിഷാസിൽ ഷൗജത്ത് ബീബി, തടമ്പാട്ട് താഴം പി.എം അപ്പാർട്സ്മെന്റിൽ അബ്ദുൽലത്തീഫ്, തടമ്പാട്ട് താഴം പി.എം അപ്പാർട്സ്മെന്റിൽ സുബൈദ, തടമ്പാട്ട് താഴം പി.എം അപ്പാർട്സ്മെന്റിൽ ഫൗസിയ, ആധാരമെഴുത്തുകാരായ മല്ലിശ്ശേരി കെ.പി. അജീഷ്, പുനത്തിൽ താഴത്ത് പത്മകുമാർ എന്നിവർക്കെതിരെ കേസെടുക്കാനാണ് ഏഴാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്.
കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 28ന് ഹാജരാകാനായി എതിർകക്ഷികൾക്ക് സമൻസയക്കാനാണ് കോടതി നിർദേശം. എരഞ്ഞിപ്പാലം കൊച്ചുവീട്ടിൽ കെ.എം. ചിന്നമ്മയുടെ പരാതിയിലാണ് നടപടി. എരഞ്ഞിപ്പാലം വയനാട് റോഡിനോട് ചേർന്ന നൂറു കൊല്ലത്തിലേറെ പഴക്കമുള്ള വഴിയും മറ്റും കൈയേറിയെന്നാണ് പരാതി.
വ്യാജരേഖ ചമച്ച് രജിസ്ട്രാറെ തെറ്റിദ്ധരിപ്പിച്ച് ആധാരം രജിസ്റ്റർ ചെയ്തുവെന്നും അതുപയോഗിച്ച് കോർപറേഷനിൽ നിന്ന് അനധികൃതമായി കെട്ടിടാനുമതി സംഘടിപ്പിച്ചെന്നും മറ്റുമാണ് പരാതി. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

