ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരിക്ക്
text_fieldsസംസ്ഥാന പാതയിൽ അറപ്പീടിക മരപ്പാലത്തിനടുത്ത് അപകടത്തിൽപ്പെട്ട കാറും ബസും
ബാലുശ്ശേരി: ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരനായ യുവാവിന് പരിക്ക്. സംസ്ഥാന പാതയിൽ അറപ്പീടിക മരപ്പാലം സ്റ്റോപ്പിനടുത്ത് കഴിഞ്ഞദിവസം ഉച്ചയോടെയാണ് അപകടം. കാറിലുണ്ടായിരുന്ന എകരൂൽ എടപ്പിരിങ്ങോറ അബ്ദുറഹ്മാന്റെ മകൻ നവാസ് റഹ്മാന് (27) ഗുരുതര പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എകരൂൽ ഭാഗത്തുനിന്ന് നന്മണ്ടയിലേക്കു വരുകയായിരുന്ന കാറും കിനാലൂരിലേക്കു പോവുകയായിരുന്ന സാൽവേഷൻ ബസുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുൻഭാഗം പാടെ തകർന്നു. സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി അറപ്പീടിക മരപ്പാലത്തിനടുത്ത് കലുങ്ക് നിർമാണം നടക്കുന്ന ഭാഗത്താണ് അപകടം.
കലുങ്ക് നിർമാണം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഇവിടെ കുഴിയുള്ള ഭാഗത്ത് വാഹനങ്ങൾ വെട്ടിക്കുമ്പോൾ അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്.

