കടപ്പുറത്ത് കാർ, ലോറി പാർക്കിങ്; ധാരണപത്രം ഒപ്പിട്ടു
text_fieldsകോഴിക്കോട്: മാരിടൈം ബോർഡും കോഴിക്കോട് കോർപറേഷനും ചേർന്ന് നടപ്പാക്കുന്ന ബീച്ചിലെ ലോറി, കാർ പാർക്കിങ് നിർമാണ പദ്ധതിയുടെ ധാരണപത്രം ഒപ്പുവെച്ചു. മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
നോർത്ത് ബീച്ചിൽ ലയൺസ് പാർക്കിനോട് ചേർന്നുള്ള കെട്ടിടങ്ങൾ കഴിഞ്ഞുള്ള നാല് ഏക്കർ തുറമുഖ വകുപ്പിന്റെ സ്ഥലമാണ് പദ്ധതിക്ക് തിരഞ്ഞെടുത്തത്. ഇവിടെ 700 കാർ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇലക്ട്രിക് ചാർജിങ് സ്റ്റേഷനും ഭിന്നശേഷിക്കാർക്ക് പാർക്കിങ്ങിനുള്ള സൗകര്യവും ചെറിയ സീഫുഡ് കോർട്ടുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉണ്ടാകും. ഇതേവിധം കോനാട് ബീച്ചിൽ 200ൽ അധികം ലോറികൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന ലോറി പാർക്കിങ് സംവിധാനവും അനുബന്ധ സൗകര്യങ്ങളും ഒരുക്കും.
30 കൊല്ലത്തേക്കാണ് കോർപറേഷൻ കരാറിലേർപ്പെടുക. കോഴിക്കോട് കോർപറേഷന്റെയും മാരിടൈം ബോർഡിന്റെയും നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കുന്നതിന് ഹാർബർ എൻജിനീയറിങ് വകുപ്പിനെ ചുമതലപ്പെടുത്തും. ഡി.പി.ആർ തയാറാക്കിയ ശേഷം ഒന്നിച്ചുള്ള പദ്ധതിക്ക് കരാർ ഒപ്പുവെച്ച് നടപ്പാക്കാനാണ് തീരുമാനം.
പാർക്കിങ് ഭൂമിയുടെ ലീസ് തുകയുടെ പകുതി കോർപറേഷൻ കേരള മാരിടൈം ബോർഡിന് നൽകും. നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ചെലവ് കേരള മാരിടൈം ബോർഡും കോർപറേഷനും തുല്യമായി വഹിക്കും. പദ്ധതിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പാതി കേരള മാരിടൈം ബോർഡും പാതി കോർപറേഷനും പങ്കിടും.
30 കൊല്ലം കഴിഞ്ഞാലും കോർപറേഷന്റെ നിക്ഷേപത്തുക 18 ശതമാനം പലിശയോടെ പൂർണമായി തിരികെ ലഭിച്ചില്ലെങ്കിൽ കരാർ കാലാവധി നീട്ടാൻ പറ്റും. കാലാവധിക്ക് മുമ്പേ കരാർ അവസാനിപ്പിക്കുന്നതിന് കോർപറേഷനും മാരിടൈം ബോർഡിനും കഴിയും.
ഹാർബർ എൻജിനീയറിങ് വകുപ്പ് വിശദ പദ്ധതിരേഖ തയാറാക്കി സമർപ്പിക്കുന്ന മുറക്ക് കരാർ ഒപ്പുവെച്ച് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ബോർഡ് ചെയർമാൻ എൻ.എസ് പിള്ള, പ്രൈവറ്റ് സെക്രട്ടറി ജോയ്, കാസിം ഇരിക്കൂർ, ക്യാപ്റ്റൻ അശ്വനി പ്രതാപ് എന്നിവരും മന്ത്രിയോടൊപ്പം ഓൺലൈനിൽ പരിപാടിയിൽ പങ്കെടുത്തു.
കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, പോർട്ട് ഓഫിസർ ക്യാപ്റ്റൻ സെജോ ഗോർഡിയസ് എന്നിവർ ഇരു ഭാഗത്തെയും ചീഫ് എക്സിക്യൂട്ടിവ് ഓഫിസർമാരായും കെ. മുഹമദ് റാഫി, സി.പി.എം. ഷഹിസ്ത ആയിഷ എന്നിവർ സാക്ഷികളായുമാണ് ധാരണപത്രം ഒപ്പുവെച്ചത്. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമദ്, സ്ഥിരം സമിതി ചെയർമാൻമാരായ ഒ.പി. ഷിജിന, പി. ദിവാകരൻ, പി.സി. രാജൻ, കെ. കൃഷ്ണകുമാരി, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, അസിസ്റ്റന്റ് എൻജിനീയർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.