ജില്ല പഞ്ചായത്ത് യോഗം: പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കാന്റീൻ വിവാദം; വിജിലിൻസ് അന്വേഷണത്തിന് ശിപാർശ
text_fieldsകോഴിക്കോട്: ജില്ല പഞ്ചായത്തിന്റെ അനുമതിയില്ലാതെ പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കാന്റീൻ നടത്താൻ അനുമതി നൽകിയതു സംബന്ധിച്ച് വിജിലിൻസ് അന്വേഷണത്തിനു ശിപാർശ ചെയ്യാൻ ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സ്കൂളിൽ ജില്ല പഞ്ചായത്തിന്റെ അനുമതിയില്ലാതെ കെട്ടിടം നിർമിക്കുകയും കാന്റീൻ നടത്താൻ സ്വകാര്യ വ്യക്തിക്ക് അനുമതി നൽകിയ വൻ സാമ്പത്തിക നഷ്ടം ജില്ല പഞ്ചായത്തിനുണ്ടാക്കിയെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. കാന്റീൻ നടത്തിപ്പു സംബന്ധിച്ച് ഓഡിറ്റ് റിപ്പോർട്ടിലും പരാമർശമുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് വിജിലൻസ് അന്വേഷണത്തിനു ശിപാർശ ചെയ്യാൻ തീരുമാനിച്ചത്. കാന്റീൻ നടത്തിയ വ്യക്തി താക്കോൽ തിരിച്ചേൽപിച്ചിട്ടില്ല. ഇപ്പോൾ സ്കൂളിൽ കാന്റീൻ പ്രവർത്തിക്കാത്തതിനാൽ കുട്ടികൾ ബുദ്ധിമുട്ടുകയാണെന്നു അംഗം പി.സി. ഷീബ പറഞ്ഞു. ഇതേ തുടർന്ന് കാന്റീൻ തുറന്നു പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു.
സ്പിൽ‘ ഓവറാക്കി’യില്ല...
കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ പദ്ധതികൾ സ്പിൽ ഓവറാക്കുന്നതിന് വിവിധ നിർവഹണ ഉദ്യോഗസ്ഥർ സമർപ്പിച്ച പ്രോജക്ടുകൾ മൊത്തം സ്പിൽ ഓവർ ആക്കാൻ പറ്റില്ലെന്നും പരിശോധിച്ച് മാത്രം അംഗീകാരം നൽകിയാൽ മതിയെന്ന് ഭരണസമിതി തീരുമാനിച്ചു. മൊത്തം 61.57 കോടികളുടെ 373 പ്രോജക്ടുകളാണ് അംഗീകാരത്തിനായി കൊണ്ടുവന്നത്. 45 പ്രോജക്ടുകൾക്ക് ടെൻഡർപോലും ഇല്ലെന്ന് എൻജിനീയർ അറിയിച്ചു.
സ്പില്ലോവറുകൾക്ക് പൂർണമായും അനുമതി നൽകിയാൽ മറ്റു പദ്ധതികൾക്ക് ജില്ല പഞ്ചായത്തിന് പണമുണ്ടാകില്ലെന്ന് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് അറിയിച്ചു. ഇപ്ലിമെന്റിങ് ഓഫിസർമാർ ഉത്തരവാദിത്തത്തിൽ കാര്യങ്ങൾ ചെയ്യാത്തതാണ് പദ്ധതികൾ സ്പിൽ ഓവർ ആകുന്നതെന്നും അവർക്കെതിരെ നടപടി വേണമെന്നും രാജേഷ് ജോസ് മാസ്റ്ററും ആർ. ഹഷീനും പി.ജി. മുഹമ്മദും ടി.കെ. സിബിയും ഇടപെട്ട് സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് റോഡുകൾ ജില്ല പഞ്ചായത്ത് ആസ്തികളിൽ ഉൾപ്പെടുത്താനുള്ള മാനദണ്ഡം കർശനമായി പാലിച്ച് ഏറ്റെടുക്കാനും തീരുമാനമായി. ഇതിനുള്ള രേഖകൾ കൃത്യമായി ജില്ല പഞ്ചായത്തിൽ ഹാജരക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും. നേരത്തേ ഏറ്റെടുത്ത റോഡുകളുടെ പ്രവൃത്തി വേഗത്തിലാക്കാൻ സി.എം. യശോദ, രാധിക ചിറക്കൽ, പി.കെ. ബാബു എന്നിവർ ആവശ്യപ്പെട്ടു.
ഗ്രാമീണ റോഡുകളുടെ ആസ്തി വിനിയോഗം സംബന്ധിച്ച് മറ്റ് ജില്ല പഞ്ചായത്തുകളിൽനിന്ന് വ്യത്യസ്തമായ നിലപാടാണ് കഴിഞ്ഞകാല ഭരണസമിതി സ്വീകരിച്ചതെന്ന് രാജേഷ് ജോസ് മാസ്റ്റർ ചൂണ്ടിക്കാട്ടി. വടകര ആശുപത്രിയിൽ മരുന്ന് സൂക്ഷിക്കുന്നതിനുള്ള താൽക്കാലിക കെട്ടിടം നിർമിക്കാൻ അധിക തുക അനുവദിച്ചു. ജില്ല ടി.ബി കേന്ദ്രത്തിനു കീഴിലുള്ള ആറു സെന്ററുകളിൽ മരുന്നിനും വാഹനം, ഭക്ഷണം എന്നിവക്ക് തുക അനുവദിച്ചു. ക്ഷയരോഗ നിർണയ ടെസ്റ്റുകൾ വർധിപ്പിക്കാനും തീരുമാനമായി. സ്ഥലവും സ്കൂളും വ്യത്യസ്ത സ്ഥലത്തായതിനാൽ ഇരിങ്ങല്ലൂർ സ്കൂളിന്റെ പേരുമാറ്റം സംബന്ധിച്ച സ്കൂൾ അധികൃതരുടെ അപേക്ഷ പരിഗണിക്കണമെന്ന് അഡ്വ. പി. ശാരുതി ആവശ്യപ്പെടുകയും തീരുമാനമാകുകയും ചെയ്തു.
സ്കൂളുകളിൽ അറ്റകുറ്റപണി പൂർത്തിയാക്കാതെ കിടക്കുന്നത് വേഗത്തിലാക്കണമെന്നും താമരശ്ശേരി സ്കൂളിനു പിറകുവശത്തെ മണ്ണ് നീക്കം ചെയ്യണമെന്ന് പി.ജി. മുഹമ്മദ് ആവശ്യപ്പെട്ടതും തീരുമാനമായി. പല സ്കൂളുകളും ടെൻഡർ പോലും ക്ഷണിച്ചിട്ടില്ലെന്ന് എ.ഇ. സൂരജ് അറിയിച്ചു. പുതുതായി നിർമിച്ച കഫത്തീരിയ വാടകക്ക് നൽകാൻ ടെൻഡർ ക്ഷണിക്കാൻ തീരുമാനിച്ചു.
ഓഡിറ്റ് റിപ്പോർട്ട്
കാക്കൂർ പഞ്ചായത്തിൽ ശ്രദ്ധാഭവനം പദ്ധതിക്ക് വാങ്ങിയ ഭൂമിയിൽ കൈയേറുന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ വിമർശനമുയർന്നു. ശ്രദ്ധഭവനം പദ്ധതിക്ക് ഉചിതമായ സ്ഥലമല്ലെന്ന് സെക്രട്ടറി വി.കെ. മുരളി പറഞ്ഞതിനെത്തുടർന്ന് സ്ഥലവിനിയോഗം പഠിക്കാൻ ഏഴുപേരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. സ്ഥലത്തെ ചന്ദനമോഷണം, സ്ഥലം കൈയേറ്റം എന്നിവ സംബന്ധിച്ച് എട്ടുമാസം മുമ്പ് പരാതി ലഭിച്ചിട്ടും പൊലീസിന് ഭരണസമിതി കൈമാറാത്തത് കുറ്റകരമായ അനസ്ഥയാണെന്ന് കെ.പി. മുഹമ്മദൻസ് പറഞ്ഞു.
സർവേ നടത്താനും റവന്യൂ മന്ത്രിയുടെ ശ്രദ്ധ വിഷയത്തിൽ കൊണ്ടുവരണമെന്നും പി.ജി. മുഹമ്മദ്, മിസ്ഹബ് കീഴരിയൂർ എന്നിവർ ആവശ്യപ്പെട്ടു. പയ്യോളി സ്കൂൾ കാന്റീൻ നടത്തിപ്പിലൂടെ വൻ നഷ്ടം ജില്ല പഞ്ചായത്തിനുണ്ടായെന്നും വടകര സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരെ നിയമിച്ചത് സർക്കാർ അനുമതിയില്ലാതെയാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തി. ക്വട്ടേഷൻ വഴിയല്ലാതെ ഇടപാടുകൾ നടത്തിയതായും തെരുവുനായ നിയന്ത്രണം ഫലപ്രദമായില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തി.
സാമൂഹികസുരക്ഷ പെന്‍ഷന്‍ പ്രമേയം: ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷം
കോഴിക്കോട്: സമൂഹത്തിലെ അവശരും ആലംബഹീനരുമായ ആളുകള്‍ക്ക് അനുവദിക്കുന്ന സാമൂഹികസുരക്ഷാ പെന്‍ഷനുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രമേയം. യുക്തിരഹിതമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കി പെന്‍ഷന്‍ നിഷേധിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട്, ഇത് മാറണം എന്നാവശ്യപ്പെട്ട് പി.ജി. മുഹമ്മദ് അവതരിപ്പിച്ച പ്രമേയം ടി.കെ. സിബി പിന്താങ്ങി.
അര്‍ഹതയുള്ളവരെ അനര്‍ഹരാക്കുന്ന മാനദണ്ഡങ്ങളാണ് ഇപ്പോള്‍ ഉള്ളതെന്നും ഇതു മാറണമെന്നും പ്രമേയമവതരിപ്പിച്ച് പി.ജി. മുഹമ്മദ് ആവശ്യപ്പെട്ടു. പെന്‍ഷന് അര്‍ഹതയുള്ളവരുടെ വാര്‍ഷികവരുമാനം ഒരു ലക്ഷം എന്നത് ഉയര്‍ത്തണം. വീടുകളില്‍ ആയിരം സി.സിയിലധികം എൻജിന്‍ കപ്പാസിറ്റിയുടെ അംബാസഡര്‍ കാര്‍ ഉള്ളവര്‍ക്കും എ.സി ഉള്ള വീടുകളിലെ അംഗങ്ങള്‍ക്കും പെന്‍ഷന്‍ നിഷേധിക്കുകയാണ്. ഇത് പുനഃപരിശോധിക്കണം. ഭിന്നശേഷിക്കാർക്കും വയോജനങ്ങള്‍ക്കും ആശുപത്രിയില്‍ പോവുന്നതിനും മറ്റും വാഹനം അനിവാര്യമാണ്. അതിനാല്‍ ഇത്തരം മാനദണ്ഡങ്ങള്‍ പുനരാലോചിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രമേയത്തിന്റെ സാധുത ചോദ്യം ചെയ്തും ജനങ്ങളുടെ കൈയടി നേടാനുള്ള രാഷ്ട്രീയ പ്രേരിത പ്രമേയമാണിതെന്നും പറഞ്ഞ് ഡോ. കെ.കെ. ഹനീഫ എതിർപ്പ് ഉന്നയിച്ചു. ‘അർഹതപ്പെട്ടവരെ അനർഹരാക്കുന്ന നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കണ’മെന്ന പ്രയോഗം മാറ്റണമെന്നും ഇടതുപക്ഷ അംഗമായ കെ.കെ. ദിനേശനും പറഞ്ഞ് കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചു.
മറ്റു സർവിസ് പെൻഷനില്ലാത്ത അറുപതു കഴിഞ്ഞ എല്ലാവർക്കും പെൻഷൻ കൊണ്ടുവരണമെന്ന് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടാമെന്ന് ഭേദഗതി വരുത്തണമെന്നും ഇരുവരും വാദിച്ചു. നിലവിലെ പ്രമേയം അട്ടിമറിക്കാനാണ് ഇടതുപക്ഷ അംഗങ്ങൾ ശ്രമിക്കുന്നതെന്നും തന്റെ പ്രമേയത്തിലെ വിവാദമെന്നു തോന്നുന്ന പ്രയോഗം മാറ്റാമെന്നും പ്രമേയം ഭേദഗതി വരുത്താൻ കഴിയില്ലെന്നും വാദിച്ചു.
പ്രസിഡന്റ് മില്ലി മോഹനും വൈസ് പ്രസിഡന്റ് കെ.കെ. നവാസും പ്രമേയത്തിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കണമെന്നും ദുരിതമനുഭവിക്കുന്നവർക്കുള്ള സമാശ്വാസത്തിനുള്ള വഴി അടക്കരുതെന്നും ആവശ്യപ്പെട്ടു. മാനദണ്ഡങ്ങളുടെ പേരിൽ പെൻഷൻ തടയരുതെന്നും അർഹരായ എല്ലാവർക്കും സാമൂഹികസുരക്ഷാ പെൻഷൻ അനുവദിക്കണമെന്ന ആശയത്തിൽ പ്രതിപക്ഷ അംഗങ്ങളുടെയും പിന്തുണയോടെ പ്രമേയം ജില്ല കൗൺസിൽ അംഗീകരിച്ചു.
സ്പന്ദനത്തിൽ ഏറ്റുമുട്ടി; പ്രതിപക്ഷ വിയോജനം
സ്പന്ദനം പ്രോജക്ടിൽ താൽക്കാലിക ജീവനക്കാരുടെ നിയമനം സംബന്ധിച്ച് ഭരണപ്രതിപക്ഷ അംഗങ്ങൾ ഏറെനേരം ഏറ്റുമുട്ടി. സർക്കാർ അംഗീകാരമില്ലാതെയാണ് നിയമനം നടത്തുന്നതെന്ന് ഡോ. കെ.കെ. ഹനീഫയും കെ.കെ. ദിനേശനും പറഞ്ഞു. തങ്ങളുടെ 13 അംഗങ്ങളുടെയും വിയോജനക്കുറിപ്പ് എഴുതി സെക്രട്ടറിക്ക് ഡോ. കെ.കെ. ഹനീഫ കൈമാറി. എന്നാൽ, കഴിഞ്ഞ ഭരണസമിതികൾ 2018 മുതൽ താൽക്കാലിക നിയമനം നടത്തുന്നത് സർക്കാർ അംഗീകാരമില്ലാതെയാണെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് കൗൺസിലിനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

