പ്രചാരണച്ചൂടിൽ മുന്നണികൾ; മൈക്ക് അനുമതി ഇനത്തിൽ ഖജനാവിലേക്ക് കോടികൾ
text_fieldsബേപ്പൂർ: ജില്ലയിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ അനൗൺസ്മെന്റിന് 'മൈക്ക് സാങ്ഷൻ' ഫീസായി സർക്കാർ ഖജനാവിലെത്തുന്നത് കോടികൾ. ഒരു ദിവസം ഒരു വാഹനത്തിൽ അനൗൺസ്മെന്റിന് 750 രൂപയാണ് മൈക്ക് അനുമതി ഫീസ്. ഇങ്ങനെ ഒന്നരക്കോടിയിലധികം രൂപ ഒരാഴ്ചക്കിടെ ജില്ലയിൽനിന്ന് മാത്രം സർക്കാർ ഖജനാവിലെത്തും. ഒരു സ്ഥാനാർഥിക്ക് പരമാവധി അഞ്ച് ദിവസം മൈക്ക് അനൗൺസ്മെന്റിന് അനുമതി നൽകാമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം. കഴിഞ്ഞ വ്യാഴാഴ്ച മുതൽ എല്ലാ മുന്നണികളും അനൗൺസ്മെന്റ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ അനൗൺസ്മെന്റ് വാഹനങ്ങൾ നിരത്തിലിറങ്ങും. ഗ്രാമപ്രദേശങ്ങളിലെ വാശിയേറിയ പോരാട്ടം നടക്കുന്ന കോർപറേഷനിൽ ഇലക്ഷൻ കമീഷൻ അനുവദിച്ച അഞ്ച് ദിവസവും മൂന്നു മുന്നണിയുടെയും സ്ഥാനാർഥികൾ അനൗൺസ്മെന്റ് പ്രചാരണം നടത്തും.
കോർപറേഷനിലെ 76 ഡിവിഷനുകളിലെയും മൂന്ന് സ്ഥാനാർഥികൾ ആകെ അഞ്ച് വീതം മൈക്ക് സാങ്ഷൻ വാങ്ങിയാൽ ഫീസിനത്തിൽ സർക്കാർ ഖജനാവിലേക്ക് എട്ടര ലക്ഷം രൂപയിലധികമെത്തും. 273 നഗരസഭ വാർഡുകളിലെ സ്ഥാനാർഥികളിൽനിന്ന് 30 ലക്ഷത്തി എഴുപതിനായിരം രൂപയും ലഭിക്കും. 28 ജില്ല പഞ്ചായത്തുകളിൽനിന്ന് 3,15,000 രൂപയും 183 ബ്ലോക്ക് പഞ്ചായത്തുകളിൽനിന്ന് ഇരുപതരലക്ഷത്തിലധികം രൂപയും ലഭിക്കും.
മൂന്ന് മുന്നണികളുടെയും ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികൾ മൂന്ന് ദിവസം ഓരോ വാഹനമുപയോഗിച്ച് അനൗൺസ്മെന്റ് നടത്തിയാൽ 91 ലക്ഷം രൂപയോളം ഫീസായി ലഭിക്കും. ഇതിന് പുറമേ പഞ്ചായത്ത്, മുനിസിപാലിറ്റി, കോർപറേഷൻ, ജില്ല-ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ സ്വതന്ത്ര സ്ഥാനാർഥികളും അനൗൺസ്മെന്റിനായി മൈക്ക് സാങ്ഷൻ വാങ്ങും.
കലാശക്കൊട്ട് ദിവസം വിവിധ പോഷക സംഘടനകളും വാഹനങ്ങളിൽ വൈവിധ്യമാർന്ന മൈക്ക് പ്രചാരണ രീതികളിലൂടെ നാടും നഗരവും ഉത്സവ ലഹരിയിലാക്കും. ജില്ലയിൽനിന്ന് ഇങ്ങനെ ചുരുങ്ങിയത് ഒന്നരക്കോടിയിലധികം രൂപ മൈക്ക് സാങ്ഷൻ ഇനത്തിൽ ഖജനാവിലെത്തും.
വോട്ടെടുപ്പിന് അവധി നൽകാതെ എൻ.ഐ.ടി
ചാത്തമംഗലം: തദ്ദേശ തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടും സ്ഥാപനത്തിന് അവധി നൽകാതെ കോഴിക്കോട് എൻ.ഐ.ടി. പ്രവൃത്തി ദിവസമായതിനാൽ ജില്ലക്ക് പുറത്ത് വോട്ടുള്ള ജീവനക്കാരോട് സ്പെഷൽ കാഷ്വൽ അവധി എടുക്കാനാണ് നിർദേശം. ജില്ലക്കകത്ത് വോട്ടുള്ളവർ വൈകിയെത്തിയോ നേരത്തെ ഡ്യൂട്ടിയിൽനിന്ന് ഇറങ്ങിയോ ഡ്യുട്ടിക്കിടയിൽ സമയം കണ്ടെത്തിയോ വോട്ട് ചെയ്യാനാണ് നിർദേശം.
എന്നാൽ, ഏറ്റവും കുറഞ്ഞ സമയം മാത്രമേ ഡ്യൂട്ടിയിൽനിന്ന് വിട്ടുനിൽക്കാവൂ എന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. മാത്രമല്ല, വകുപ്പ് മോധാവിക്ക് ഇതുസംബന്ധിച്ച് മുൻകൂർ അറിയിപ്പ് നൽകുകയും വേണം. കാഷ്വൽ അവധിയെടുക്കുന്ന ജില്ലക്ക് പുറത്തുള്ളവരുടെ ലിസ്റ്റ് തയാറാക്കി നൽകാൻ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, പ്രവൃത്തി ദിവസമയതിനാൽ വിദ്യാർഥികൾക്ക് വോട്ട് ചെയ്യണമെങ്കിൽ ക്ലാസ് നഷ്ടപ്പെടുത്തി അവധി എടുക്കേണ്ടിവരും. പൊതുഅവധി പ്രഖ്യാപിച്ച് സർക്കാറും ജീവനക്കാർക്കും മറ്റും അവധി നൽകി സ്വകാര്യ സ്ഥാപനങ്ങളും വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുമ്പോൾ അധികൃതരുടെ നിർദേശം ജീവനക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എൻ.ഐ.ടി അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.
കോർപ്പറേഷൻ ഡിവിഷനുകൾ. 76
മുനിസിപ്പൽ വാർഡുകൾ.273
ജില്ലാപഞ്ചായത്ത് വാർഡുകൾ.28
ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ.183
ഗ്രാമപഞ്ചായത്ത് വാർഡുകൾ. 1343
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

