കാലിക്കറ്റ് പ്രസ് ക്ലബ് നവീകരിച്ച കെട്ടിടം ഉദ്ഘാടനം നാളെ
text_fieldsകോഴിക്കോട്: സുവർണ ജൂബിലി ആഘോഷിക്കുന്ന കാലിക്കറ്റ് പ്രസ് ക്ലബിന്റെ നവീകരിച്ച കെട്ടിട ഉദ്ഘാടനം സെപ്റ്റംബർ ഒന്നിന് നടക്കും. വെള്ളിയാഴ്ച വൈകീട്ട് ആറിന് മുതലക്കുളം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കെട്ടിടോദ്ഘാടനം നിര്‍വഹിക്കും. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന് മുഖ്യാതിഥിയാകുമെന്നും പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി.എസ്. രാകേഷും അറിയിച്ചു.
ആസ്റ്റർ ഡി.എം ഹെൽത്ത്കെയറാണ് നവീകരണ ജോലികൾ പൂർണമായും ഏറ്റെടുത്തത്. താഴത്തെ നിലയില്‍ ഓഫിസ് സൗകര്യങ്ങളും ഒന്നാം നിലയില്‍ വിസിറ്റേഴ്സ് ലോഞ്ചും വാഷ്റൂമും വര്‍ക്ക് സ്റ്റേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കെട്ടിടത്തിന്റെ പുറംഭാഗം എ.സി.പി പാനല്‍ കൊണ്ട് പൊതിഞ്ഞ് മനോഹരമാക്കി. പ്രസ്ക്ലബിലെത്തുന്ന പൊതുജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
മാധ്യമ പ്രവർത്തകർക്കുള്ള മിംസ് പ്രസ് ഹെൽത്ത് കാർഡിന്റെ റീലോഞ്ചിങ് ചടങ്ങിൽ ഡോ. ആസാദ് മൂപ്പൻ നിർവഹിക്കും. ഉദ്ഘാടനച്ചടങ്ങിന് ശേഷം ബാവുല്‍ ഗായകന് ഹര്ദിന്ദാസ് ബാവുളിന്റെ സംഗീതക്കച്ചേരിയുമുണ്ടാകും. വാര്‍ത്തസമ്മേളനത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ് ട്രഷറര്‍ പി.വി. നജീബ്, വൈസ് പ്രസിഡന്റ് രജി ആര്. നായര്‍, ജോ. സെക്രട്ടറിമാരായ എം.ടി. വിധുരാജ്, ടി. മുംതാസ്, എക്സിക്യൂട്ടിവ് അംഗം ടി. ഷിനോദ് കുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

