കാത്തിരുന്ന് മുഷിഞ്ഞ് സ്കാനിങ് മെഷീനുകൾ
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജിൽ കെ.എച്ച്.ആർ.ഡബ്യു.എസിെൻറ സ്കാനിങ് മെഷീനുകൾ പ്രവർത്തനം തുടങ്ങാൻ കാത്തിരുന്നു മുഷിഞ്ഞു. 2019 ഫെബ്രുവരിയിൽ വാങ്ങിയ സി.ടി സ്കാനിങ് മെഷീനും എം.ആർ.െഎ സ്കാനിങ് മെഷീനും ഇതുവരെയും പ്രവർത്തനം തുടങ്ങിയിട്ടില്ല. ഒന്നരവർഷമായി പ്രവർത്തന സൗകര്യമൊരുക്കാനായി കാത്തിരിക്കുകയാണ് മെഷീൻ. സ്കാനിങ് മെഷീൻ പ്രവർത്തിപ്പിക്കണമെങ്കിൽ റൂമുകൾക്ക് റേഡിയേഷൻ കടക്കാത്തവിധം പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമായിരുന്നു.
അതൊരുക്കും മുമ്പാണ് മെഷീൻ വാങ്ങിയത്. യന്ത്രങ്ങൾ എത്തിയ ശേഷമാണ് ലാബിൽ അറ്റകുറ്റപ്പണി തുടങ്ങിയത്. ഒന്നേകാൽ വർഷം കാത്തിരുന്ന് അറ്റകുറ്റപ്പണി പൂർത്തിയാക്കി. എന്നാൽ, ഇപ്പോൾ വൈദ്യുതിയുടെ പേരിലാണ് പ്രവർത്തനം മുടങ്ങിയിരിക്കുന്നത്. സി.ടി സ്കാനിനൊപ്പം എം.ആർ.ഐ കൂടി പ്രവർത്തിപ്പിക്കണമെങ്കിൽ കൂടുതൽ വൈദ്യുതി കപ്പാസിറ്റി ആവശ്യമാണ്.
അതിനുള്ള പ്രവർത്തനങ്ങൾ ഇതുവരെയായിട്ടും തുടങ്ങിയിട്ടില്ല. കോടികൾ വിലവരുന്ന രണ്ട് വൈദ്യുതി യന്ത്രങ്ങളാണ് ഒന്നര വർഷത്തോളമായി ഉപയോഗിക്കാതെ പൊടിപിടിച്ച് കിടക്കുന്നത്.സൗകര്യമൊരുക്കുന്നതിനുമുമ്പ് തിരക്കുപിടിച്ച് യന്ത്രം വാങ്ങിയത് എന്തിനാണെന്നും വ്യക്തമല്ല.

