സ്റ്റെന്റ് വിതരണക്കാർക്ക് കുടിശ്ശിക നൽകിയില്ല; മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയ വെട്ടിക്കുറച്ചു
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റെന്റ് അനുബന്ധ ഉപകരണങ്ങളുടെ വിതരണം നിലച്ചതോടെ ഹൃദയ ശസ്ത്രക്രിയ ഗണ്യമായി വെട്ടിക്കുറച്ചു. നേരത്തേ നടന്നിരുന്നതിന്റെ നാലിലൊന്ന് ശസ്ത്രക്രിയപോലും നടത്താൻ പറ്റാത്ത സാഹചര്യമാണ്. എന്നിട്ടും സ്റ്റെന്റ് അനുബന്ധ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ഏജൻസികൾക്ക് പണം നൽകാൻ നടപടിയായിട്ടില്ല.
ഏതാനും ദിവസത്തേക്കുള്ള സ്റ്റെന്റ് അനുബന്ധ ഉപകരണങ്ങൾ മാത്രമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റോക്കുള്ളത്. ഇവ തീർന്നാൽ ആഞ്ചിയോഗ്രാം, ആഞ്ചിയോപ്ലാസ്റ്റി അടക്കം മുടങ്ങും. കുടിശ്ശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നിലവിൽ സ്റ്റോക്ക് ചെയ്ത സ്റ്റെന്റ് അടക്കമുള്ള ഉപകരണങ്ങൾ തിരികെ കൊണ്ടുപോവാൻ കഴിഞ്ഞ ദിവസം വിതരണ ഏജൻസികൾ എത്തിയിരുന്നെങ്കിലും തിരികെ നൽകാൻ പറ്റില്ലെന്ന് ആശുപത്രി അധികൃതർ ശക്തമായ നിലപാട് സ്വീകരിച്ചതോടെ പിന്മാറുകയായിരുന്നു.
ആഞ്ചിയോ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്ന വയറും ബലൂണുകളും സ്റ്റോക്കില്ലാത്തതിനാൽ കഴിഞ്ഞാഴ്ച മൂന്നുദിവസം ആഞ്ചിയോ പ്ലാസ്റ്റി മുടങ്ങിയിരുന്നു. തുടർന്ന് കോഴിക്കോട് ബീച്ചാശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽനിന്ന് അത്യാവശ്യത്തിന് ഉപകരണങ്ങളെത്തിച്ച് ശസ്ത്രക്രിയ പുനരാരംഭിക്കുകയായിരുന്നു.
അത്യാഹിത വിഭാഗത്തിൽ എത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മാത്രമാണ് ഇപ്പോൾ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്. നേരത്തേ തിയതി നൽകിയ രോഗികളെ വിളിച്ച് ശസ്ത്രക്രിയ സാങ്കേതിക കാരണങ്ങളാൽ നീട്ടിവെച്ചതായും നിലവിലെ മരുന്ന് തുടരാനുമാണ് മെഡിക്കൽ കോളജ് അധികൃതർ നിർദേശിക്കുന്നത്.
എന്നാൽ, ആഞ്ചിയോ പ്ലാസ്റ്റി അടക്കമുള്ള ഹൃദയ ശസ്ത്രക്രിയകൾ മുടക്കമില്ലാതെ നടക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കാത്ത് ലാബിലേക്ക് സ്റ്റെന്റ് അനുബന്ധ ഉപകരണങ്ങൾ വിതരണം ചെയ്തയിനത്തിൽ കുടിശ്ശിക 34.90 കോടി കടന്നതോടെയാണ് മെഡിക്കൽ കോളജിലേക്കുള്ള സ്റ്റെന്റ് അടക്കമുള്ള ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം ഏജൻസികൾ നിർത്തിവെച്ചിരിക്കുകയാണ്.
ആശുപത്രിയുടെ ഫണ്ടിൽനിന്ന് രണ്ടുകോടിയും കാരുണ്യ ബെനവലന്റ് ഫണ്ടിൽനിന്ന് തുകയും ലഭ്യമാക്കി അഞ്ചുകോടിയോളം രൂപ ആഗസ്റ്റ് 31നകം വിതരണക്കാർക്ക് ലഭ്യമാക്കുമെന്നായിരുന്നു നേരത്തേ അധികൃതർ അറിയിച്ചിരുന്നത്.
എന്നാൽ, വിതരണക്കാർക്ക് ഇതുവരെ പണം നൽകിയിട്ടില്ല. 2025 മാർച്ച് 31 വരെയുള്ള കുടിശ്ശിക ലഭിക്കാതെ തങ്ങൾ വിതരണം പുനരാരംഭിക്കില്ലെന്ന് ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്പോസിബിൾസ് സംസ്ഥാന സമിതി അംഗം പി.കെ. നിധീഷ് അറിയിച്ചു.
ട്രൈബൽ വിഭാഗങ്ങൾക്ക് ഉപകരണങ്ങൾ ലഭ്യമാക്കിയ ഇനത്തിൽ 2012 മുതലുള്ള കുടിശ്ശികയും സ്റ്റെന്റ് അനുബന്ധ ഉപകരണങ്ങൾ രോഗികൾ പണംകൊടുത്ത് വാങ്ങി ചികിത്സിച്ച ഇനത്തിൽ ഒമ്പതുമാസത്തെ കുടിശ്ശികയും ആശുപത്രി അധികൃതരിൽനിന്ന് വിതരണക്കാർക്ക് ലഭിക്കാനുണ്ട്. തുച്ഛമായ തുക മാത്രം ലഭിച്ചതുകൊണ്ട് കാര്യമില്ലെന്നും മാർച്ച് വരെയുള്ള കുടിശ്ശിക ലഭിക്കാതെ വിതരണം പുനരാരംഭിക്കാനാവില്ലെന്നും നിധീഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

