പഴയ ചിന്തകൾ തെറ്റല്ല... പുതിയ ആകാശം ശരിയാണ്
text_fieldsമേഖല ശാസ്ത്ര കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ജ്യോതി ശാസ്ത്ര ഗാലറി
കോഴിക്കോട്: നൂറ്റാണ്ടുകൾക്കു മുമ്പ് സാധാരണ മനുഷ്യരെ സ്വാധീനിച്ച ജ്യോതിശാസ്ത്രത്തിന്റെ ആവിർഭാവവും വളർച്ചയും പകർന്ന് ജ്യോതിശാസ്ത്ര ഗാലറി. നക്ഷത്ര രാശികളുടെ തിരിച്ചറിയൽ വരെ ഗണിച്ചെടുത്ത ജ്യോതിശാസ്ത്ര ശാഖയുടെ ഉപജ്ഞാതാക്കളെയും ചിന്താധാരകളെയും പുനരവതരിപ്പിക്കുന്നതിനു പുറമെ ആധുനിക വാനശാസ്ത്രത്തിന്റെ പുതിയ പതിപ്പുകൾകൂടി ചേർത്തുവെച്ചിരിക്കുകയാണ് ജ്യോതിശാസ്ത്ര ഗാലറിയിൽ.
മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത ആധുനിക ‘ആസ്ട്രോണമി ഗാലറി’ പൊതുമരാമത്ത് -ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ശനിയാഴ്ച രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.
പുരാതന ജ്യോതിശാസ്ത്രത്തിൽനിന്ന് ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ അതിരുകളിലേക്കുള്ള അറിവുകൾ പകരുന്ന ഗാലറി തണുപ്പുള്ള ബഹിരാകാശമേഖലയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സമ്പൂര്‍ണ എയര്‍കണ്ടീഷനോടു കൂടിയാണ് സംവിധാനിച്ചിരിക്കുന്നത്.
സാധാരണക്കാരുടെയും ശാസ്ത്രജ്ഞരുടെയും പ്രപഞ്ച ജിജ്ഞാസയെ തൃപ്തിപ്പെടുത്തുന്നതിനപ്പുറം പുരാതന നിരീക്ഷണ ശാസ്ത്രമായ ജ്യോതിശാസ്ത്രം മനുഷ്യ നാഗരികതയെ എങ്ങനെ ആഴത്തിൽ സ്വാധീനിച്ചിരുന്നുവെന്നും വെളിപ്പെടുത്തുന്നു. ആകാശത്ത് കാണുന്ന ലളിതമായ പ്രതിഭാസങ്ങളെക്കുറിച്ചും ചന്ദ്രനിലെ ജീവസാന്നിധ്യത്തെക്കുറിച്ചും സൂര്യന്റെയും നക്ഷത്രങ്ങളുടെയും യഥാർഥ്യത്തെക്കുറിച്ചും അത്യാധുനിക ജ്യോതിശാസ്ത്ര ഗാലറി വെളിച്ചമേകുന്നു.
അരിസ്റ്റോട്ടിൽ, ടോളമി, ആര്യഭട്ട, ഭാസ്കര, കോപ്പർനിക്കസ് തുടങ്ങിയ മഹാരഥന്മാരുടെ ജ്യോതിശാസ്ത്ര സംഭാവനകളെ പുനരവലോകനം ചെയ്യുന്ന ഗാലറി വിദ്യാർഥികളുടെ ശാസ്ത്രചിന്തകളെ ഉദ്ദീപിക്കും വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. ജയ്പൂരിലെ മഹാരാജ സവായ് ജയ് സിങ് രൂപകൽപ്പന ചെയ്ത ഗ്രാൻഡ് ഇക്വറ്റോറിയൽ സൺഡിയലായ സാമ്രാട്ട് യന്ത്രത്തിന്റെ ലൈറ്റ്-ആനിമേറ്റഡ് മോഡലാണ് പ്രധാന ആശയങ്ങളിലൊന്ന്. ഇത് നിഴലിന്റെ സ്ഥാനം അടിസ്ഥാനമാക്കി സമയം അളക്കാൻ സഹായിക്കുന്നു.
ദൂരദർശിനിയിലൂടെ ആകാശം വീക്ഷിക്കുന്ന ഗലീലിയോ, ഗലീലിയോയുടെ തുല്യകായ പ്രതിമ, ന്യൂട്ടോണിയൻ മുതൽ കാസെഗ്രേനിയൻ ഡിസൈനുകൾ വരെയുള്ള ദൂരദർശിനികളുടെ പരിണാമം,സൗരയൂഥവും അതിനു പുറത്തുള്ള വിവിധങ്ങളായ ബാഹ്യകാശ വസ്തുക്കളുടെ മാതൃകകളും അവയുടെ ത്രിമാന വിഡിയോ പ്രദർശനവും ഗാലറിയിൽ ഒരുക്കിയിട്ടുണ്ട്.
ടെക്നോളജി ഡ്രിവന്‍, ഇന്ററാക്ടിവ് മള്‍ട്ടിമീഡിയ സംവിധാനങ്ങളോടുകൂടിയതാണ് ഈ പ്രദര്‍ശനശാല. മൾട്ടി-വേവ്ലെങ്ത് ആസ്ട്രോണമി പോലുള്ള ആധുനിക സാങ്കേതികവിദ്യകളും എക്സോപ്ലാനറ്റുകൾ, ആസ്ട്രോബയോളജി, ഐൻസ്റ്റൈന്റെ സ്പേസ്ടൈം കർവ് മുതലായവ വിശദീകരിക്കുന്ന ഇന്ററാക്ടീവ് കിയോസ്കുകളും ഗാലറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

