ബസ് തൊഴിലാളികൾക്ക് മർദനം; വടകര-തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കി
text_fieldsവടകര പുതിയ സ്റ്റാൻഡിൽ പണിമുടക്കിനെ തുടർന്ന് നിർത്തിയിട്ട ബസുകൾ
വടകര: അഴിയൂരിൽ ബസ് തൊഴിലാളികൾക്കുനേരെ അക്രമം. സംഭവത്തിൽ പ്രതിഷേധിച്ച് വടകര-തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കി. വിതാര ബസ് ഡ്രൈവർ കെ.ടി ബസാർ രയരങ്ങോത്ത് വലിയപറമ്പത്ത് നിജിൽ (29), കണ്ടക്ടർ ചോറോട് മാത്തൂർ മീത്തൽ റഫ്നീഷ് (31) എന്നിവരെയാണ് അഴിയൂർ മാവേലി സ്റ്റോപ്പിനു സമീപം ബസ് തടഞ്ഞുനിർത്തി മർദിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വടകരയിൽനിന്ന് തലശ്ശേരിയിലേക്കുള്ള യാത്രക്കിടെ ഹോൺ മുഴക്കി ബസ് മറികടന്നതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷയുമായി തർക്കമുണ്ടായിരുന്നു. ഇതിനിടെ, ഓട്ടോ ഡ്രൈവർ അഴിയൂരിലെ സാദിഖിനെ മർദിച്ചതായും പരാതിയുണ്ട്. ബസ് തലശ്ശേരിയിൽനിന്ന് തിരിച്ചുവരുമ്പോഴാണ് തൊഴിലാളികൾക്കുനേരെ അക്രമമുണ്ടായത്. ബസ് തൊഴിലാളിയെ പൊതിരെ തല്ലുന്ന വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ ബസ് തൊഴിലാളികൾ മാഹി ഗവ. ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സ തേടി. സംഭവത്തിൽ നാലു പേർക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു. തിരുവോണപ്പിറ്റേന്നത്തെ മിന്നൽ പണിമുടക്ക് റൂട്ടിലെ യാത്രക്കാരെ വലച്ചു. ദീർഘദൂര ബസുകൾ ഓടിയത് യാത്രക്കാർക്ക് ആശ്വാസമായി.
'വധശ്രമത്തിന് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണം'
വടകര: അഴിയൂരിൽ ബസ് തൊഴിലാളികൾക്കുനേരെ നടന്ന അക്രമത്തിൽ വധശ്രമത്തിന് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ബസ് ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) വടകര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ബസ് തൊഴിലാളികളെ ആക്രമിക്കുകയും കലക്ഷൻ തുക തട്ടിപ്പറിക്കുകയുമുണ്ടായി.
ബസ് തൊഴിലാളികൾക്ക് നിർഭയമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് യൂനിയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യോഗത്തിൽ ശശി അധ്യക്ഷത വഹിച്ചു.

