ബസ് ജീവനക്കാരുടെ ഇടപെടൽ; യാത്രക്കാരെൻറ ജീവൻ രക്ഷപ്പെട്ടു
text_fieldsഫാൻറസി ബസിലെ ഡ്രൈവർ അനൂപും കണ്ടക്ടർ നിസാമും
വെള്ളിമാടുകുന്ന്: ബസ് ജീവനക്കാരുടെ കരുതൽ യാത്രക്കാരെൻറ ജീവൻ രക്ഷിച്ചു. ബസിൽ കുഴഞ്ഞുവീണ യാത്രക്കാരനെ നിമിഷങ്ങൾ പാഴാക്കാതെ ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാരാണ് കക്കോടി സ്വദേശിയുടെ ജീവൻ രക്ഷിച്ചത്. ബുധനാഴ്ച ഉച്ച രണ്ടിന് 50കാരനായ കക്കോടി തൂമ്പുകുഴി രവി എൻ.ജി.ഒ ക്വാർട്ടേഴ്സിൽനിന്ന് ജോലികഴിഞ്ഞ് ബസിൽ കയറി. സിവിൽ സ്റ്റേഷനടുത്തെത്താറായപ്പോഴാണ് രവി കുഴഞ്ഞുവീണത്.
ഇതോടെ യാത്രക്കാരെ ഇറക്കാതെ എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെള്ളിമാട്കുന്ന്-സിറ്റി റൂട്ടിലോടുന്ന ഫാൻറസി ബസിലെ ഡ്രൈവർ അനൂപും കണ്ടക്ടർ നിസാമുമാണ് ഉണർന്ന് പ്രവർത്തിച്ചത്. യാത്രക്കാരുടെ ടിക്കറ്റ് തുക തിരിച്ചുനൽകി, രോഗിയെ ആശുപത്രിയിലാക്കി ബന്ധുക്കൾ എത്തുന്നതുവരെ ആശുപത്രികാര്യങ്ങൾ ഇവർ കൈകാര്യംചെയ്യുകയും ചെയ്തു. രോഗിയെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

