‘ആനന്ദവണ്ടിയിൽ’ സർക്കീട്ടടിക്കാം; വയോജനങ്ങൾക്ക് ഉല്ലാസയാത്രക്കായുള്ള ബസ് സർവിസ് തുടങ്ങി
text_fieldsകോഴിക്കോട്: വയോജനങ്ങൾക്ക് സ്ഥിരം ഉല്ലാസയാത്രക്കായി കോഴിക്കോട് കോർപറേഷന്റെ ആനന്ദവണ്ടി സർവിസ് തുടങ്ങി. കെ.എസ്.ആർ.ടി.സിയുടെ ലോ ഫ്ലോർ ബസ് വാടകക്ക് എടുത്താണ് നഗരത്തിലെയും പരിസരങ്ങളിലെയും ഉല്ലാസകേന്ദ്രങ്ങളിലേക്ക് വയോജനങ്ങൾക്ക് യാത്ര ഒരുക്കുന്നത്. ‘ആനന്ദവണ്ടി’എന്ന് പേരിട്ട എ.സി ലോഫ്ലോറിൽ കോഴിക്കോടിന്റെ സാംസ്കാരിക മുദ്രകൾ പതിച്ചിട്ടുണ്ട്. ‘പല പ്രായം ഒരു നഗരം’ എന്നാണ് യാത്രയുടെ തലക്കെട്ട്.
75 വാർഡുകളിലെയും 60 കഴിഞ്ഞ പൗരൻമാർക്ക് ഈ ബസിൽ യാത്രയൊരുക്കുമെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി. ദിവാകരൻ പറഞ്ഞു. 40 പേർക്കാണ് ഒരു ദിവസം യാത്രക്ക് അവസരം. സമന്വയ പദ്ധതി പ്രകാരം വയോജനങ്ങളുടെ ഉല്ലാസത്തിന് വേണ്ടിയാണ് പദ്ധതി. ആദ്യദിന യാത്ര പൂളക്കടവ് പകൽവീട്ടിലെ വയോജനങ്ങൾക്ക് വേണ്ടിയായിരുന്നു. വ്യാഴാഴ്ച രാവിലെ പൂളക്കടവിലെത്തി യാത്രക്കാരെ കയറ്റി കോഴിക്കോട് കടപ്പുറത്ത് എത്തിച്ചു. കോർപറേഷൻ ഓഫിസ് പരിസരത്ത് നടന്ന ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എം.എൽ.എ ആനന്ദവണ്ടിഫ്ലാഗ്ഓഫ് ചെയ്തു.
ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ദിവാകരൻ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് കാപ്പാട് ബീച്ച്, കടലുണ്ടി പക്ഷിസങ്കേതം എന്നിവിടങ്ങളിൽ കറങ്ങി യാത്രാസംഘം തിരിച്ച് വീടുകളിലേക്ക് മടങ്ങി. പൂളക്കടവ് പകൽവീട് മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളായ പി. ബിജുലാൽ, ലൈല നങ്ങാറിയിൽ, വി.പി. സബിത, ഹണി അജേഷ്, മിനി ഷിബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വയോജനങ്ങളുടെ ആദ്യയാത്ര. സമന്വയ പദ്ധതിയിലെ ജീവനക്കാരും സേവനവുമായി കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

