ബെല്ലടിച്ചു,ചെലവേറിയ യാത്രയ്ക്ക് ബസ്: ഓട്ടോ, ടാക്സി നിരക്ക് വർധന യാത്രക്കാർക്ക് അധികഭാരം
text_fieldsകോഴിക്കോട്: ബസിലും ഓട്ടോറിക്ഷയിലും ടാക്സികളിലും നിരക്ക് വർധിച്ചതോടെ യാത്രകൾക്ക് ചെലവേറി. ഞായറാഴ്ച മുതൽ നിരക്കുകൾ നിലവിൽ വന്നു. മൊഫ്യൂസൽ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് ബീച്ചിലേക്ക് ഓട്ടോയുടെ മീറ്റർചാർജ് 40 രൂപയാണ്. നേരത്തേ 32 രൂപ വരെയായിരുന്നു. മിനിമം ചാർജായ 30 രൂപക്ക് സഞ്ചേരിക്കേണ്ട ദൂരം ഒന്നരകിലോമീറ്ററായി കുറച്ചിട്ടുണ്ട്. നഗരത്തിൽ മീറ്റർനിരക്കിൽ നിന്ന് അധികം തുക ഓട്ടോഡ്രൈവർമാർ ഈടാക്കുന്നില്ലെന്നതാണ് ഏക ആശ്വാസം. അതേസമയം, ഗ്രാമപ്രദേശങ്ങളിൽ റിട്ടേൺ ട്രിപ്പുകളിൽ യാത്രക്കാരുണ്ടാകുമെന്ന് ഉറപ്പില്ലാത്തതിനാൽ കൂടുതൽ തുക ഓട്ടോക്കൂലിയായി നൽകേണ്ടിവരും. ഇവിടെ മീറ്ററില്ലാത്തതിനാൽ അതത് ഓട്ടോസ്റ്റാൻഡുകളിൽ തീരുമാനിക്കുന്ന തുകയാണ് ഈടാക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. കാറും ടെംപോ ട്രാവലറും ടൂറിസ്റ്റ്ബസുകളുമടക്കമുള്ള വാഹനങ്ങളും നിരക്ക് കൂട്ടിയിട്ടുണ്ട്. ബസുകളിൽ സ്ഥിരം ദീർഘദൂര യാത്രക്കാരുടെ കീശകീറുന്ന നിരക്കാണ് സർക്കാർ പ്രഖ്യാപിച്ചതെന്ന ആക്ഷേപം ശക്തമാണ്. ഫെയർസ്റ്റേജുകൾ ശാസ്ത്രീയമായി പുനർനിർണയിക്കണമെന്നും ആവശ്യമുയരുകയാണ്. അതേസമയം, ഡീസൽ വിലവർധന കണക്കിലെടുക്കുമ്പോൾ പിടിച്ചുനിൽക്കാവുന്ന വർധന മാത്രമാണിതെന്നാണ് സ്വകാര്യ ബസ്ജീവനക്കാരുടെയും ഉടമകളുടെയും വാദം.
കോഴിക്കോട് നിന്ന് കൽപ്പറ്റയിലേക്ക് ഓർഡിനറി, ടി.ടി കെ.എസ്.ആർ.ടി.സി ബസുകളിൽ നിരക്ക് 88 രൂപയായി വർധിച്ചു. നേരത്തേ ഇത് 76 രൂപയായിരുന്നു. ഫാസ്റ്റ്പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകളിൽ കൂടുതൽ തുക നൽകണം. സുൽത്താൻ ബത്തേരിയിലേക്ക് 100ൽ നിന്ന് 118ലേക്ക് നിരക്ക് കുതിച്ചു.
സ്വകാര്യ ബസിൽ 96ൽ നിന്ന് 110 രൂപയായാണ് ബത്തേരിയിലേക്കുള്ള ടിക്കറ്റ് ചാർജ് കൂടിയത്. കോഴിക്കോട്ട് നിന്ന് 49ആം സ്റ്റേജ് ആയ മാനന്തവാടിയിലേക്ക് യാത്രചെയ്യാൻ ഇനി 130 രൂപ കൊടുക്കണം. 13 രൂപയാണ് വർധിച്ചത്. കുറ്റ്യാടി ചുരം വഴി മാനന്തവാടിക്കുള്ള ബസിൽ 115 രൂപ നൽകണം. 98ൽ നിന്നാണ് 115ലെത്തിയത്. 45ാം സ്റ്റേജായ ഗുരുവായൂരിലേക്ക് ടി.ടി കെ.എസ്.ആർ.ടി.സി ബസുകളിൽ നിരക്ക് 120 രൂപയായി ഉയർന്നു. 102 ആയിരുന്നു പഴയ ബസ് ചാർജ്. പാലക്കാട്ടേക്ക് 140ൽ നിന്ന് 155.ലേക്കും പെരിന്തൽമണ്ണയിലേക്ക് 72ൽ നിന്ന് 83ലേക്കും നിരക്ക് കുതിച്ചു. മലപ്പുറത്തേക്ക് 61 രൂപയാണ്. നേരത്തേ 54 രൂപയായിരുന്നു.
ജില്ലക്കുള്ളിലുള്ള യാത്രക്കും ചെലവേറി. നഗരത്തിൽ നിന്ന് സിവിൽ സ്റ്റേഷനിലേക്ക് പത്തിൽ നിന്ന് 13 രൂപയിലേക്കുയർന്നു. കുറ്റ്യാടിയിലേക്ക് ടി.ടിയിൽ 61 രൂപയാണ് ഈടാക്കിയത്. സ്വകാര്യ ബസിൽ ഇത് 58 ആണ്. ബാലുശ്ശേരിയിലേക്ക് നേരത്തേ 28 രൂപ നൽകിയാൽ മതിയായിരുന്നു. ഇനി 33 ആണ് നിരക്ക്. താമരശ്ശേരിയിലേക്ക് 33ൽ നിന്ന് 38 രൂപയായി.
കോഴിക്കോട് നഗരത്തിൽ നിന്ന് മറ്റ് പ്രധാന സ്ഥലങ്ങളിലേക്കുള്ള സ്വകാര്യ ബസ് നിരക്ക്, ബ്രാക്കറ്റിൽ പഴയ നിരക്ക്: മെഡിക്കൽ കോളജ്, കക്കോടി 15 (13), മാവൂർ 38(33), കുന്ദമംഗലം 23 (19), കൊയിലാണ്ടി 33 (28), ഉള്ള്യേരി 33 (28), പേരാമ്പ്ര 45 (40), നരിക്കുനി 28 (24), വടകര 55(49), കണ്ണൂർ 100(89), തലശ്ശേരി 78 (69), തൃശൂർ 140 (125), കോട്ടക്കടവ് വഴി പരപ്പനങ്ങാടി 38 (33), യൂനിവേഴ്സിറ്റി വഴി 43( 37), മഞ്ചേരി 55 (49), നിലമ്പൂർ 80 (71), എടവണ്ണപ്പാറ 33 (28).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

