വെസ്റ്റ്ഹിൽ പ്ലാന്റിൽ കത്തിയ മാലിന്യം നീക്കാൻ തടസ്സമൊഴിയുന്നു
text_fieldsവെസ്റ്റ് ഹിൽ പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റ്
കോഴിക്കോട്: വെസ്റ്റ്ഹിൽ പ്ലാന്റിന് സമീപത്ത് കൂടിക്കിടക്കുന്ന മാലിന്യം നീക്കാനുള്ള തടസ്സങ്ങൾ ഒഴിവായി. നേരത്തെ തീപിടിത്തമുണ്ടായ ഭാഗത്തുനിന്ന് മാലിന്യം നീക്കാൻ ഒരുമാസത്തിനകം കരാറായെങ്കിലും മാലിന്യം നീക്കാനുള്ള മണ്ണുമാന്തിയന്ത്രം അകത്തേക്ക് കയറാനാവാത്തതായിരുന്നു പ്രശ്നം. പ്ലാന്റിനോട് ചേർന്ന മേൽക്കൂരയാണ് തടസ്സമായി മാറിയത്. മൂന്നുലക്ഷം രൂപ കോർപറേഷന് നൽകി ഇരുമ്പ് മേൽക്കൂരയും മറ്റും പൊളിച്ചുകൊണ്ടുപോവാനാണ് കരാറായത്.
അതിനുശേഷം മാലിന്യം എടുത്തുനീക്കും. കിലോക്ക് മൂന്നുരൂപ ചെലവിലാണ് കത്തിയ സാധനങ്ങൾ കൊണ്ടുപോവുകയെന്ന് കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു. രണ്ട് കരാറുകൾ വേണ്ടിവന്നതിനാലാണ് കാലതാമസമുണ്ടായത്. രണ്ടുകോടി രൂപക്ക് വെസ്റ്റ്ഹിൽ പ്ലാന്റ് നവീകരിക്കാൻ പദ്ധതിയായപ്പോഴാണ് തീപിടിത്തമുണ്ടായത്. പുതിയ പ്ലാന്റിന്റെ എസ്റ്റിമേറ്റ് തയാറായിട്ടുണ്ട്. മൊത്തം 60 സെന്റ് സ്ഥലം ഇവിടെയുണ്ട്.
പഴയ മാലിന്യങ്ങൾ കൂടി എടുത്തുമാറ്റിയശേഷം പ്ലാസ്റ്റിക് റീസൈക്ലിങ് ചെയ്യാനുള്ള റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർ.ആർ.എഫ്) തുടങ്ങാനാണ് തീരുമാനം. റീസൈക്ലിങ്ങിനുള്ള ഉചിത രീതി അവലംബിക്കാനാണ് കേരള സോളിഡ് വേസ്റ്റ്മാനേജ്മെന്റ് പ്രോജക്ട് പ്രകാരമുള്ള സംവിധാനമൊരുങ്ങുക. പുതിയ മാലിന്യം കൊണ്ടിടാനുള്ള സംവിധാനത്തിനും (എം.സി.എഫ്) ശ്രമം നടക്കുന്നുണ്ട്.
ഞെളിയൻപറമ്പിൽ കൂടുതൽ സംവിധാനമൊരുങ്ങും
ഞെളിയൻപറമ്പിൽ പുതിയ ജൈവമാലിന്യ സംസ്കരണ സംവിധാനമൊരുക്കാൻ നടപടിയായി. നിലവിൽ പഴയ പ്ലാന്റിൽനിന്ന് 10 ടണ്ണോളം വളമാക്കാനേ പറ്റുന്നുള്ളൂ. എന്നാൽ, 70 ടണ്ണോളം ജൈവമാലിന്യം ദിവസം ഞെളിയൻപറമ്പിൽ എത്തുന്നുവെന്നാണ് കണക്ക്. മാലിന്യത്തിൽ നിന്ന് വൈദ്യുതിയുണ്ടാക്കാനുള്ള വിവാദ സോണ്ട കമ്പനിയുമായുള്ള കരാർ കോർപറേഷൻ ഒഴിവാക്കിയതിനെ തുടർന്നാണ് പുതിയ പദ്ധതിക്ക് കരാറായത്. ജൈവവളം നിർമിക്കാനുള്ള പ്ലാന്റ് രണ്ടാഴ്ചക്കകം പ്രവർത്തിപ്പിക്കാനാവുമെന്ന് കരുതുന്നു. ഞെളിയൻ പറമ്പിൽ ജൈവമാലിന്യമുള്ളതിനാൽ വാതകമുണ്ടായി തീപിടിത്തത്തിന് സാധ്യത കൂടുതലാണ്. ഫെബ്രുവരി 10ന് ഞെളിയൻ പറമ്പിൽ ചെറിയ തീപിടിത്തമുണ്ടായെങ്കിലും പെട്ടെന്ന് നിയന്ത്രണവിധേയമാക്കാനായി. ഇതൊഴിവാക്കാൻ ജീവനക്കാരുടെ സാന്നിധ്യവും പമ്പ് സെറ്റും ഉറപ്പാക്കും. രാത്രി രണ്ട് സെക്യൂരിറ്റിക്കാരെയും നിരീക്ഷണ കാമറയും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളം തളിക്കാനുള്ള സംവിധാനമടക്കം ആയിട്ടുണ്ട്. 71 മുതൽ 80 ടൺവരെ ജൈവമാലിന്യം ഞെളിയൻ പറമ്പിൽ എത്തുന്നുണ്ട്. അതിന്റെ ശാസ്ത്രീയ സംസ്കരണത്തിനായി പുതിയ സംവിധാനം വരുന്നതോടെ കഴിയുമെന്നാണ് പ്രതീക്ഷ. വെസ്റ്റിഹില്ലിനൊപ്പം നെല്ലിക്കോടും വലിയ റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർ.ആർ.എഫ്) വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

