കെട്ടിടാനുമതി തട്ടിപ്പ്; കൗൺസിലിലും പുറത്തും സംഘർഷം
text_fieldsകോഴിക്കോട്: പാസ്വേഡ് ദുരുപയോഗപ്പെടുത്തി കെട്ടിടങ്ങൾക്ക് അനധികൃത നമ്പർ നൽകിയതുമായി ബന്ധപ്പെട്ട് കോർപറേഷൻ കൗൺസിലിൽ വൻ ബഹളവും ഉന്തും തള്ളും. ക്രമക്കേട് കണ്ടെത്തിയതിന് ശേഷം നടക്കുന്ന ആദ്യ കൗൺസിൽ യോഗം തുടങ്ങും മുമ്പ് തന്നെ യൂത്ത് ലീഗ് പ്രവർത്തകർ കോർപറേഷൻ ഓഫിസിലേക്ക് പ്രതിഷേധവുമായെത്തി. നേരത്തേതന്നെ സ്ഥലത്തെത്തിയ വൻ പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
ഭരണകക്ഷി കൗൺസിലർമാരുടെ സംരക്ഷണത്തിൽ 162 കൗൺസിൽ അജണ്ടകളും ഒന്നിച്ച് പാസാക്കുമ്പോൾ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധത്തിനിടെ മേയർ ഡോ. ബീന ഫിലിപ്പിന്റെ കൈക്ക് നേരിയ പരിക്കേറ്റു. മേയർ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. വനിത കൗൺസിലർമാരടക്കമുള്ളവർക്കെതിരെ ഭരണപക്ഷാംഗങ്ങൾ ബലംപ്രയോഗിച്ചതായി പ്രതിപക്ഷം ആരോപിച്ചു. മേയറുടെ മേശപ്പുറത്തുള്ള മൈക്ക് കൈയേറിയശേഷം കൗൺസിൽ അജണ്ടകൾ പ്രതിപക്ഷം കീറിയെറിഞ്ഞു. അരമണിക്കൂറിനകം പിരിഞ്ഞ കൗൺസിൽ യോഗം കഴിഞ്ഞ് മേയറുടെ ചേംബറിന് മുന്നിലും ഓഫിസ് കവാടത്തിലും പ്രതിഷേധമുണ്ടായി. മേയർക്കെതിരെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളും മേയറെ അനുകൂലിച്ച് അവർക്കൊപ്പം ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രവർത്തകരും അണിനിരന്നതോടെ ഓഫിസ് പ്രതിഷേധക്കടലായി.
ചേംബറിനകത്ത് മേയറും മറ്റ് ഭരണസമിതിയംഗങ്ങളും വാർത്തസമ്മേളനം നടത്തുന്നതിനിടെ ചേംബറുകൾക്ക് മുന്നിൽ തൂക്കിയ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും പേരെഴുതിയ ബോർഡുകൾ ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിൽ പൊളിച്ചെടുത്ത് വലിച്ചെറിഞ്ഞു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി കൗൺസിലർ എൻ. ശിവപ്രസാദിനെയും യൂത്ത് ലീഗ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഉച്ചക്ക് മൂന്നിന് കൗൺസിൽ ആരംഭിച്ചശേഷം അധ്യക്ഷത വഹിച്ച മേയർ ഡോ. ബീന ഫിലിപ്, പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത് വിജിലൻസ് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ അടിയന്തരപ്രമേയം. ഏഴ് മാസം മുമ്പ് ജീവനക്കാർ ക്രമക്കേട് ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയെടുക്കാത്ത സെക്രട്ടറി കെ.യു. ബിനിയുടെ സമീപനം കുറ്റവാളികളെ സഹായിക്കുന്നതാണെന്നും അവരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ പ്രമേയം സഭയിൽ വായിച്ച് കേൾപ്പിച്ചശേഷം അതിന് അവതരണാനുമതി നിരസിക്കാനുള്ള കാരണവും മേയർ വ്യക്തമാക്കി.
ഏഴ് മാസം മുമ്പ് കിട്ടിയ പരാതി ക്രമക്കേടുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും നാല് തലത്തിലുള്ള അന്വേഷണം നടക്കുന്നത് ഭരണസമിതിയുടെയും സെക്രട്ടറിയുടെയും ഇടപെടൽ കാരണമാണെന്നും സെക്രട്ടറിയെ മാറ്റേണ്ട കാര്യമില്ലെന്നുമായിരുന്നു മേയറുടെ മറുപടി. മറുപടി പൂർത്തിയാവും മുമ്പുതന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ പ്ലക്കാഡും ബാനറുമേന്തി നടുത്തളത്തിലിറങ്ങി. യു.ഡി.എഫ് കെ. മൊയ്തീൻകോയയുടെ നേതൃത്വത്തിൽ സെക്രട്ടറിയുടെ രാജിയാവശ്യപ്പെട്ടപ്പോൾ സമഗ്രാന്വേഷണം വേണമെന്ന ബാനറുമായായിരുന്നു ടി. റനീഷിന്റെ നേതൃത്വത്തിൽ ബി.ജെ.പി പ്രതിഷേധം. കൗൺസിൽ തുടങ്ങും മുമ്പ് നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തതിലുള്ള യൂനിയനുകളുടെ സംയുക്ത പ്രതിഷേധവും നടന്നു.
കൗൺസിൽ യോഗത്തിനും ഓഫിസ് സമുച്ചയത്തിനകത്തെ പ്രതിഷേധത്തിനും ശേഷം അസി. കമീഷണർമാരായ പി.കെ. സന്തോഷ്, പി. ബിജുരാജ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് കാവലോടെയാണ് മേയർ ഓഫിസ് വിട്ടത്. മേയർ പുറത്തുപോവുമ്പോഴും ഉന്തും തള്ളുമുണ്ടായി. പ്രതിഷേധിക്കാനിറങ്ങിയ കൗൺസിലർമാരെ പൊലീസ് ബലംപ്രയോഗിച്ച് തടഞ്ഞു. അതിനുശേഷം നാലേ മുക്കാലോടെ കോർപറേഷൻ ഓഫിസ് കവാടത്തിൽ പൊതുയോഗം നടത്തിയാണ് യു.ഡി.എഫ് പ്രവർത്തകർ പിരിഞ്ഞത്. അതിനുശേഷം ആവിക്കൽ തോടിൽ മലിനജല പ്ലാന്റ് പണിയുന്നതിനെതിരായ സമരസമിതി പ്രതിഷേധവും കോർപറേഷൻ ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു.
പഴയ പരാതിയിൽ നടപടിയെടുത്തു -മേയർ
കോഴിക്കോട്: സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ ഏഴു മാസം മുമ്പ് നൽകിയ പരാതിയിൽ നടപടി സ്വീകരിച്ചിരുന്നെന്ന് മേയർ ഡോ. ബീന ഫിലിപ് കൗൺസിൽ യോഗത്തിന് ശേഷം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കെട്ടിടത്തിന്റെ നമ്പർ സോഫ്റ്റ് വെയർ സാങ്കേതികപ്രശ്നം കാരണം മാറിപ്പോയതാണ് അന്ന് പരാതിക്കിടയാക്കിയത്. ഉദ്യോഗസ്ഥന്റെ ലോഗിൻ വിവരങ്ങൾ അദ്ദേഹത്തിന്റെ പരിധിയിലില്ലാത്ത വാർഡുകളിൽ കെട്ടിടങ്ങൾക്ക് നമ്പർ നൽകാനായി ഉപയോഗിച്ചെന്നായിരുന്നു പരാതി. പരാതിയിൽ പറഞ്ഞ 236 നമ്പറുകളും പരിശോധിച്ചു.
ഇവയെല്ലാം ഫയലുകളും രേഖയുമുള്ള കെട്ടിടങ്ങളാണ്. ഐ.കെ.എമ്മുമായി ബന്ധപ്പെട്ട് ഈ പ്രശ്നം പരിഹരിച്ചതാണ്. ഈ വിഷയവും ഇപ്പോഴുണ്ടായ ക്രമക്കേടും വ്യത്യസ്തമാണ്. 2019 മുതൽ കെട്ടിട നമ്പർ നൽകിയതുമായി ബന്ധപ്പെട്ട ഫയലുകളുടെ പരിശോധന ആരംഭിച്ചു. കൂടുതൽ ക്രമക്കേടുകൾ വ്യക്തമാകുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിന് വേണ്ടിയാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. കൗൺസിലും സെക്രട്ടറിയും ഒന്നിച്ചെടുത്ത നിലപാടാണ് സസ്പെൻഷൻ. പൊലീസ് അന്വേഷണം നടത്തുകയും വിജിലൻസ് ഇടപെടുകയും ചെയ്തിട്ടുണ്ട്.
അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കാനാണ് വ്യക്തമായ രേഖയില്ലാതെ സംശയത്തിന്റെ പേരിൽ അടിയന്തരപ്രമേയം കൊണ്ടുവന്നത് -മേയർ പറഞ്ഞു. അന്വേഷണം അട്ടിമറിക്കാനും ശ്രദ്ധതിരിച്ചുവിടാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

