കോർപറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
text_fieldsകോഴിക്കോട്: കോർപറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പുൾപ്പെടെ പ്രധാന കേസുകളിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. ജില്ല ക്രൈംബ്രാഞ്ച് (സി -ബ്രാഞ്ച്) അസി. കമീഷണർ ടി.എ. ആന്റണിയെയാണ് എറണാകുളത്ത് വിജിലൻസിലേക്ക് മാറ്റിയത്.
കോർപറേഷനിൽ പാസ്വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകിയതും നഗരത്തിൽ വിവിധയിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിച്ചതുമുൾപ്പെടെ കേസുകൾ അന്വേഷിച്ചിരുന്നത് ടി.എ. ആന്റണിയായിരുന്നു.
കോർപറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട് 12 കേസുകളാണ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. പത്ത് കേസുകളാണ് നേരത്തെയുണ്ടായിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭ്യന്തര പരിശോധനവിഭാഗം നടത്തിയ പരിശോധനയിൽ കൂടുതൽ തട്ടിപ്പ് കണ്ടെത്തിയതോടെ ലഭിച്ച പരാതികളിലാണ് രണ്ട് കേസ് കൂടി രജിസ്റ്റർ ചെയ്തത്.
ഭരണ-പ്രതിപക്ഷ പോരിലേക്ക് നയിച്ച കെട്ടിട നമ്പർ തട്ടിപ്പിൽ യു.ഡി.എഫും ബി.ജെ.പിയും ഇപ്പോഴും സമരമുഖത്താണ്. കോർപറേഷനിൽ സ്വാധീനമുള്ള ഭരണകക്ഷിയിൽപെട്ട ഇടനിലക്കാർ മുഖേനെയാണ് തട്ടിപ്പ് നടന്നതെന്നാണ് പ്രതിപക്ഷ ആരോപണം. അതേസമയം, കേസിൽ അറസ്റ്റിലായ വിരമിച്ച ഉദ്യോഗസ്ഥരടക്കം ഏഴുപേർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിട്ടുണ്ട്.
മാത്രമല്ല, തട്ടിപ്പിൽ സസ്പെൻഡിലായ ഉദ്യോഗസ്ഥർ തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. നഗരത്തിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിച്ച കേസിന്റെയും അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ ഒരുപ്രതികൂടി പിടിയിലാവാനുണ്ട്.
കോർപറേഷന്റെ പത്തുകോടിയിൽപരം രൂപ പഞ്ചാബ് നാഷനൽ ബാങ്കിന്റെ (പി.എൻ.ബി) റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടിൽനിന്ന് തട്ടിയ സംഭവത്തിലും ടി.എ. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയതും പ്രതി ബാങ്ക് മുൻ സീനിയർ മാനേജർ എം.പി. റിജിലിനെ അറസ്റ്റ് ചെയ്തതും. തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാൽ ഈ കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.