Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെട്ടിടനമ്പർ തട്ടിപ്പ്...

കെട്ടിടനമ്പർ തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

text_fields
bookmark_border
കെട്ടിടനമ്പർ തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
cancel

കോഴിക്കോട്: അനധികൃത കെട്ടിടങ്ങൾക്ക് കോർപറേഷൻ നമ്പർ നൽകിയ കേസ് അന്വേഷണം ജില്ല ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കേസ് വിജിലൻസിന് കൈമാറണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് മേധാവി ഡി.ജി.പിക്ക് നൽകിയ കത്തിൽ തീരുമാനമെടുക്കുംവരെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. നേരത്തേ കിട്ടിയ പരാതിയിൽ വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ കോഴിക്കോട് യൂനിറ്റ് പ്രാഥമികാന്വേഷണം നടത്തിക്കഴിഞ്ഞു. ഇതിന്‍റെ ഭാഗമായുള്ള അന്വേഷണം തുടരുകയാണ്.

സാങ്കേതിക കാരണങ്ങളാൽ കേസന്വേഷണം വൈകാനുള്ള കാലതാമസമൊഴിവാക്കുകയും ഇപ്പോഴുള്ള അന്വേഷണം വിപുലമാക്കുകയുമാണ് ലക്ഷ്യം. വിപുല അന്വേഷണം ആവശ്യമുള്ള കേസിൽ ക്രമസമാധാന ചുമതല കൂടിയുള്ളതിനാൽ മറ്റൊരു സംഘത്തെ ഏൽപിക്കണമെന്ന് ഫറോക്ക് എ.സി.പി സിറ്റി പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നു. നിലവിൽ കേസന്വേഷിക്കുന്ന ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖും മറ്റ് അംഗങ്ങളുമടക്കം 15 പേരുള്ള പുതിയ സംഘത്തെ ക്രൈം ബ്രാഞ്ച് അസി. കമീഷണർ അനിൽ ശ്രീനിവാസൻ നയിക്കും.

300ലേറെ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതായി കരുതുന്ന സംഭവത്തിൽ ഏഴു കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതാണ് ഇപ്പോൾ കോർപറേഷൻ പൊലീസിന് കൊടുത്ത പരാതിയിലുള്ളത്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നാണ് കരുതുന്നത്. നെല്ലിക്കോട് റോഡരികിൽ ഒഴിഞ്ഞപറമ്പിൽ വെടിയുണ്ട കണ്ടെത്തിയ സംഭവം, സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ് തുടങ്ങിയവ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

രാമനാട്ടുകരയിൽ രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തു

രാമനാട്ടുകര: അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവത്തിൽ രണ്ടു ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. നഗരസഭ റവന്യൂ ഇൻസ്പെക്ടർ എൻ. അജിത്കുമാർ, എൽ.ഡി. ക്ലർക്ക് സി.എച്ച്. സാജു എന്നിവരെയാണ് നഗരസഭ ചെയർപേഴ്സൻ ബുഷ്റ റഫീഖ് സസ്പെൻഡ് ചെയ്തത്.

റവന്യൂ ഇൻസ്പെക്ടർ എൻ. അജിത്കുമാർ, നഗരസഭ 10ാം വാർഡിൽ ഡേറ്റ ബാങ്കിൽപ്പെട്ട സ്ഥലത്ത് നിർമിച്ച 45242 എം കെട്ടിടത്തിന് കെട്ടിട ഉടമയുടെ അപേക്ഷ പ്രകാരം യു.എ നമ്പർ അനുവദിക്കാൻ സെക്രട്ടറി ഉത്തരവിട്ട ഫയലിൽ ഇതിന് വിരുദ്ധമായി സാധാരണ നമ്പർ നൽകി സാമ്പത്തിക നഷ്ടം വരുത്തിയതായും ഇല്ലാത്ത അധികാരം ഉപയോഗിച്ച് മേൽ കെട്ടിടത്തിന് നമ്പറുകൾ നൽകിയതായും പറയുന്നു.

അന്വേഷണത്തിൽ മേൽ കെട്ടിടങ്ങൾ അനധികൃതമായി ക്രമവത്കരിച്ച് നമ്പർ നൽകിയതായും വഴിവിട്ട് പല കെട്ടിടങ്ങൾക്കും നമ്പർ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

എൽ.ഡി ക്ലർക്കായ സി.എച്ച്. സാജു രാമനാട്ടുകര നഗരസഭയിലെ ഡേറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ അനധികൃതമായി നിർമിച്ച കെട്ടിടത്തിന് 18376 കെട്ടിട നമ്പർ അനുവദിക്കുകയും ആയതിന് 2013 മുതൽ 2021-22 വരെയുള്ള കാലയളവിൽ വസ്തു നികുതി ഈടാക്കുകയും ചെയ്തതായി കണ്ടെത്തി.

മേൽ കെട്ടിടത്തിന്റെ ഡേറ്റകൾ അസസ്മെന്റ് രജിസ്റ്ററിൽ എൻട്രി വരുത്തുകയും മേൽഉദ്യോഗസ്ഥരുടെയും മറ്റു ജീവനക്കാരുടെയും യൂസർ നെയിമും പാസ് വേഡും ചോർത്തി സഞ്ചയ സോഫ്റ്റ് വെയറിൽ എൻട്രി വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഇവർ രണ്ടുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.

കോഴിക്കോട് കോർപറേഷനു പിന്നാലെ രാമനാട്ടുകര നഗരസഭയിലും സഞ്ചയ സോഫ്റ്റ് വെയർ വഴി കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞദിവസം നഗരസഭ സെക്രട്ടറി പൊലീസിൽ പരാതി നൽകിയിരുന്നു.

സെക്രട്ടറിയുടെയും സൂപ്രണ്ടിന്റെയും ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചാണ് തട്ടിപ്പുനടത്തിയത്. സംഭവത്തിൽ നഗരസഭ സെക്രട്ടറി ജെസിത ഫറോക്ക് അസി. കമീഷണർക്കാണ് പരാതി നൽകിയിരുന്നത്. കേസെടുത്ത പൊലീസ് സെക്രട്ടറിയിൽ നിന്നും കൂടുതൽ വ്യക്തത തേടി വിശദ മൊഴിയെടുത്തിരുന്നു. എൻജിനീയറിങ് വിഭാഗത്തിന്റെ പെർമിറ്റ്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവയില്ലാതെ തന്നെ ഡിജിറ്റൽ സിഗ്നേച്ചർ ചെയ്ത് നികുതിയടപ്പിച്ചു. തുടർന്ന്, അസസ്മെൻറ് രജിസ്റ്ററിലും നഗരസഭയുടെ സഞ്ചയ സോഫ്റ്റ് വെയറിലും ചേർത്തു. ഇതോടെ അനധികൃത കെട്ടിടനിർമാണം അധികൃതമായി മാറ്റുകയായിരുന്നു.

ഡേറ്റാബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് മതിയായ രേഖകളില്ലാതെ കെട്ടിടത്തിന് നമ്പർ നൽകിയെന്നുള്ള പരാതിയിൽ അസി. എൻജിനീയർക്ക് സ്ഥലം പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ നഗരസഭ സെക്രട്ടറി നോട്ട് കൊടുത്തിരുന്നു. തുടർന്ന്, മേയ് 18ന് അസി. എൻജിനീയർ, സൂപ്രണ്ട് എന്നിവർക്കൊപ്പം സ്ഥല പരിശോധന നടത്തിയതോടെയാണ് ക്രമക്കേട് നടക്കുന്നതായി മനസ്സിലായി സെക്രട്ടറി പരാതി നൽകിയത്. അസസ്മെൻറ് രജിസ്റ്ററിൽ പല ഡേറ്റയും എഴുതിച്ചേർത്തതായും ഇടയിലായി എഴുതിച്ചേർത്തവ വൈറ്റ്നർ, മാർക്കർ പെൻ എന്നിവ ഉപയോഗിച്ച് മായ്ച്ചുകളഞ്ഞതായും കണ്ടെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicutCorporationBuilding number fraud case
News Summary - Building number fraud case; Crime Branch took over
Next Story